പ്രളയത്തിന്പിന്നാലെ ചെന്നൈ ബീച്ചില്‍ നൂറുകണക്കിന് വിഷജീവികള്‍ പ്രത്യക്ഷപ്പെട്ടു. നീല ബട്ടണുകളും ബ്ലൂ സീ ഡ്രാഗണുകളും ഉള്‍പ്പെടെ നൂറുകണക്കിന് വിഷമുള്ള സമുദ്രജീവികളാണ് വെള്ളപ്പൊക്കത്തിന് പിന്നാലെ കരയിലേക്ക് ഒഴുകിയെത്തിയത്. ഇതോടെ ആളുകള്‍ കടുത്ത ആശങ്കയിലാണ്.

പ്രദേശത്തെ താമസക്കാരനും എൻവയോണ്‍മെന്റലിസ്റ്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സജീവ അംഗവുമായ ശ്രീവത്സൻ രാംകുമാറാണ് ഈ കടല്‍ ജീവികളെ കണ്ട വിവരം റിപ്പോര്‍ട്ട് ചെയ്തത്. അവയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. ഇവ വിഷമുള്ള ജീവികളാണെന്നും പിന്നീട് കണ്ടെത്തി. ബസന്ത് നഗര്‍ ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്ക് സമുദ്ര ഗവേഷകര്‍ ഇതേ തുടര്‍ന്ന് സുരക്ഷാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നീല ഡ്രാഗണുകളുടെ കുത്തേല്‍ക്കുന്നത് കുട്ടികളിലും പ്രായമാവരിലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് സെന്റി മീറ്റര്‍ വരെയാണത്രെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു ബ്ലൂ ഡ്രാഗണ് നീളമുണ്ടാവുക. അതുപോലെ അനുകൂലമായ കാലാവസ്ഥയാണ് എങ്കില്‍ ഇവ ഒരു വര്‍ഷം വരെ ജീവിച്ചിരിക്കും എന്നും പറയുന്നു.

ഈ ബ്ലൂ ഡ്രാഗണുകളുടെ കുത്തേറ്റ് കഴിഞ്ഞാല്‍ കഠിനമായ വേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതുപോലെ ഛര്‍ദ്ദി, തലകറക്കം, ശരീരത്തില്‍ നിറവ്യത്യാസം ഇവയെല്ലാം ഉണ്ടാകാനും ഇടയുണ്ട്. അതിനാല്‍ തന്നെ ഇവയെ കണ്ടാലും തൊടരുത് എന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചുഴലിക്കാറ്റും മഴയുമാണ് ഇവ കരയിലേക്ക് എത്തുന്നതിന് കാരണമായിത്തീര്‍ന്നത് എന്നാണ് അനുമാനിക്കുന്നത്. ബസന്ത് നഗറില്‍ കൂടാതെ അഡയാറിലും ഇവയെ കണ്ടെത്തിയിരുന്നു. സാധാരണയായി തീരപ്രദേശങ്ങളില്‍ ഇവയെ അധികം കാണാറില്ല. എന്നിരുന്നാലും പുറത്തേക്കിറങ്ങുന്നുണ്ടെങ്കില്‍ ഇവയെ തൊടാതെ ശ്രദ്ധിക്കണം എന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍, തീരത്തെ ചൂടില്‍ അധികനേരം ഇവയ്ക്ക് കഴിയാൻ സാധിക്കാത്തത് കൊണ്ട് ഇവ വെള്ളത്തിലേക്ക് തന്നെ ഇറങ്ങിപ്പോകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക