കോഴിക്കോട്: പതിമൂന്നുകാരനെ ഐസ്ക്രീമില്‍ വിഷം നല്‍കി കൊലപ്പെടുത്തിയത് കുടുംബപരമായ പ്രശ്നങ്ങളെ തുടര്‍ന്നെന്ന് കൊല്ലപ്പെട്ട ബാലന്റെ പിതൃസഹോദരി താഹിറ. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമദ് ഹസന്‍ റിഫായിയുടെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ഐസ്ക്രീം ഫാമിലി പാക്കില്‍ വിഷം കലര്‍ത്തി കുട്ടിയുടെ വീട്ടില്‍ കൊടുക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.

അഹമദ് ഹസന്‍ റിഫായിയെ മാത്രമല്ല, ബാലന്റെ ഉമ്മയേയും രണ്ടു സഹോദരങ്ങളേയും കൂടി വകവരുത്താനായിരുന്നു യുവതിയുടെ ശ്രമം. ഇവര്‍ വീട്ടിലില്ലാതിരുന്നതിനാല്‍ മാത്രമാണ് ജീവന്‍ നഷ്ടമാകാതിരുന്നത്. കഴിഞ്ഞദിവസമാണ് അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമദ് ഹസന്‍ റിഫായി(12) ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഞായറാഴ്ച വീട്ടില്‍ വച്ച്‌ ഐസ്ക്രീം കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിറ്റേന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. നേരത്തെ ഐസ്‌ക്രീം കഴിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു എന്ന് അറിഞ്ഞ് ഭക്ഷ്യവിഷബാധയാണോ കാരണം എന്ന് അറിയാന്‍ ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് തുടങ്ങിയവര്‍ പരിശോധന നടത്തുകയും സാംപിള്‍ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തിരുന്നു. അഹമദ് ഹസന്‍ റിഫായിയുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ശക്തമാക്കിയത്. അരിക്കുളത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് കുട്ടി കഴിച്ച ഐസ്‌ക്രീം വാങ്ങിയത്. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് കട താല്‍ക്കാലികമായി അടച്ചിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച ഐസ്‌ക്രീം സാംപിളുകള്‍ പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കൊയിലാണ്ടി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. നിരവധി പേരില്‍നിന്നു പൊലീസ് മൊഴിയെടുത്തു. റൂറല്‍ ജില്ലാ പൊലീസ് മേധാവി ആര്‍.കറപ്പസാമിയുടെ നേതൃത്വത്തില്‍ ഡിവൈഎസ് പി.ആര്‍.ഹരിപ്രസാദ്, പൊലീസ് ഇന്‍സ്പെക്ടര്‍ കെ.സി.സുബാഷ് ബാബു, എസ്‌ഐ വി.അനീഷ് എന്നിവരാണ് കേസന്വേഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക