കാല്‍ വഴുതി ചെളിക്കുഴിയില്‍ വീണ 74കാരി നാലു മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരികെ കയറി. കഴുത്തറ്റം ചെളിയില്‍ മുങ്ങി മരച്ചില്ലയില്‍ പിടിച്ചു തൂങ്ങിക്കിടന്ന കമലാക്ഷി എന്ന വയോധികയെ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷിച്ചത്. പൈലിങ് മാലിന്യം അടിച്ച കുഴിയിലെ ചെളിയില്‍ ജീവനായി മല്ലിട്ട വയോധികയെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി.

മരട് കൂട്ടുങ്കല്‍തിട്ട കമലാക്ഷിയാ (74) ണ് അഞ്ചടിയോളം താഴ്ചയുള്ള ചെളിക്കുഴിയില്‍ വീണത്. സമീപ വീട്ടിലെ സ്ത്രീ ടെറസില്‍ കയറിയപ്പോള്‍ കുഴിയില്‍ കൈ അനങ്ങുന്നത് കണ്ടതാണ് രക്ഷപ്പെടാൻ സഹായിച്ചത്. മരട് മുനിസിപ്പാലിറ്റി 21ാം വാര്‍ഡില്‍ സെയ്ന്റ് ആന്റണീസ് റോഡിനു സമീപത്ത് ചൊവ്വാഴ്ചയാണ് സംഭവം. മരട് ടി.വി. ജങ്ഷനില്‍ ഹയാത്തില്‍ നിസാം എന്നയാളുടെ വീടിനു മുൻവശമുള്ള ചതുപ്പിലൂടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് മത്സ്യത്തൊഴിലാളിയായ കമലാക്ഷി ചതുപ്പിലേക്ക് കാല്‍വഴുതി വീണത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഴ്ചയില്‍ കമലാക്ഷി ചെളിയില്‍ പുതഞ്ഞുപോയി. ഉച്ചകഴിഞ്ഞ് 3.45ഓടെ സമീപത്തെ വീട്ടില്‍ താമസിക്കുന്ന സീന അവരുടെ വീടിന്റെ ടെറസില്‍ ഉണക്കാനിട്ടിരുന്ന വസ്ത്രം എടുക്കാൻ കയറിയപ്പോഴാണ് സമീപത്തെ ചതുപ്പില്‍ കൈ അനങ്ങുന്നത് കണ്ടത്. തുടര്‍ന്ന് ഇവര്‍ ഒച്ച വെച്ച്‌ നാട്ടുകാരെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍നിന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് കമലാക്ഷിയെ കരയ്ക്കു കയറ്റിയത്. തൊട്ടടുത്ത വീട്ടില്‍നിന്നു വെള്ളം ശേഖരിച്ച്‌ ദേഹത്തെ ചെളി മുഴുവൻ കഴുകിക്കളഞ്ഞു. തുടര്‍ന്ന് കമലാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചു.

തൃപ്പൂണിത്തുറ ഫയര്‍സ്റ്റേഷൻ ഇൻ ചാര്‍ജ് സന്തോഷ് പി.കെ., അസി. സ്റ്റേഷൻ ഓഫീസര്‍ ടി. വിനുരാജ്, ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബിനോയ് ചന്ദ്രൻ, സിന്മോൻ എം.സി., അരുണ്‍ ഐസക് പി.എല്‍., വിപിൻ സി.വി., ശ്രീനാഥ് എസ്. ഹോംഗാര്‍ഡ് രജിത്ത് എം. എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക