ഏറെ ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് ഭജൻലാല്‍ ശര്‍മ്മയെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കന്നി തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ എം.എല്‍.എയാകുകയും തുടര്‍ന്ന് മുഖ്യമന്ത്രിയാകുകയും ചെയ്യുന്നെന്ന നേട്ടവും ഭജൻലാല്‍ ശര്‍മ്മക്ക് ലഭിച്ചു. ബ്രാഹ്മണ സമുദായത്തില്‍നിന്നുള്ള നേതാവായ ഭജൻലാല്‍ ശര്‍മ സംഘടനാരംഗത്ത് പ്രമുഖനാണ്. ദിയാ കുമാരിയും പട്ടികജാതി നേതാവ് പ്രേംചന്ദ് ബൈര്‍വയുമാണ് ഉപമുഖ്യമന്ത്രിമാര്‍.

ജയ്പൂര്‍ രാജകുടുംബാംഗവും രാജ്‌സമന്ദില്‍ നിന്നുള്ള എംപിയുമാണ് ഉപമുഖ്യമന്ത്രിയായ ദിയാ കുമാരി. വിദ്യാധര്‍ നഗര്‍ മണ്ഡലത്തില്‍ നിന്നാണ് ദിയാകുമാരി വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സീതാറാം അഗര്‍വാളിനെ 71,000 വോട്ടുകള്‍ക്കാണ് ഇവര്‍ പരാജയപ്പെടുത്തിയത്. ജയ്പൂര്‍ നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന മാൻ സിംഗ് രണ്ടാമന്റെ ചെറുമകളാണ് ദിയാകുമാരി. ‘ജയ്പൂരിന്റെ മകള്‍’, ‘തെരുവുകളില്‍ നടക്കുന്ന രാജകുമാരി’ തുടങ്ങിയ വിശേഷണങ്ങളോടെയാണ് ദിയാകുമാരി ജനങ്ങള്‍ക്കിടയില്‍ നിന്ന് വോട്ട് നേടിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1971 ജനുവരി 30 നാണ് ദിയാ കുമാരി ജനിച്ചത്.മഹാറാണി ഗായത്രി ദേവി സ്‌കൂള്‍,ജയ്പൂരിലെ മഹാറാണി കോളേജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നരേന്ദ്ര സിങ് എന്നയാളെ വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ മൂന്ന് കുട്ടികളുണ്ട്. 2018ല്‍ ഈ വിവാഹബന്ധം വേര്‍പ്പെടുത്തുകയും ചെയ്തു. 2013ലാണ് ദിയ ബി.ജെ.പിയില്‍ ചേരുന്നത്. ശേഷം മത്സരിച്ച മൂന്ന് തെരഞ്ഞെടുപ്പിലും തോല്‍വിയറിഞ്ഞില്ല. 2013-ല്‍ സവായ് മധോപൂര്‍ മണ്ഡലത്തില്‍ നിന്നും 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 5.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ രാജ്സമന്ദില്‍ നിന്ന് എംപിയായും തെരഞ്ഞെടുക്കപ്പെട്ടു.

രാഷ്ട്രീയത്തിന് പുറമെ രണ്ട് സ്‌കൂളുകള്‍, ട്രസ്റ്റുകള്‍, മ്യൂസിയങ്ങള്‍, ഹോട്ടലുകള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയുള്‍പ്പെടെ നിരവധി ബിസിനസ്സ് സംരംഭങ്ങള്‍ ദിയാ കുമാരി കൈകാര്യം ചെയ്യുന്നുണ്ട്. മഹാരാജ സവായ് മാൻ സിംഗ് II മ്യൂസിയം ട്രസ്റ്റ്, ജയ്ഗഢ് ഫോര്‍ട്ട് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്നുണ്ട്.2019-ല്‍ സര്‍ക്കാറിന്റെ ദേശീയ കടുവ സംരക്ഷണ അതോറിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സ്ത്രീ ശാക്തീകരണം എന്നിവ ഉയര്‍ത്തിപ്പിടിച്ചായിരുന്നു 52 കാരിയായ ദിയാകുമാരിയുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണം.

ജയ്പൂരിനടുത്തുള്ള ഡുഡു നിയമസഭാ സീറ്റില്‍ നിന്നുള്ള എംഎല്‍എയാണ് ഉപമുഖ്യമന്ത്രിമാരിലൊരാളായ പ്രേംചന്ദ് ബൈര്‍വ. നവംബര്‍ 25ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ബാബുലാല്‍ നഗറിനെതിരെ 35,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. അതേസമയം, ഒരു ബ്രാഹ്മണ മുഖത്തെ മുഖ്യമന്ത്രിയായും രജപുത്ര, പട്ടികജാതി നേതാക്കളെ ഉപമുഖ്യമന്ത്രിമാരായും തെരഞ്ഞെടുത്തത് ജാതി സമവാക്യങ്ങള്‍ സന്തുലിതമാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക