തിരുവനന്തപുരം: ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരായുള്ള ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി.ജലീലിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയ കോടതി, ലോകായുക്ത റിപ്പോര്‍ട്ടില്‍ ഇടപെടാനാകില്ലെന്നും അപേക്ഷ ക്ഷണിക്കാതെയുള്ള ബന്ധു നിയമനം ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തമാക്കി. ലോകായുക്തയുടെ കണ്ടെത്തലുകളെ പൂര്‍ണമായും ശരിവച്ച കോടതി ജലീലിന്റെ ഹര്‍ജി തള്ളുകയാണെന്ന് അറിയിച്ചു. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അദ്ധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹ‌ര്‍ജി തള്ളുകയാണെങ്കില്‍ അത് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് കെ ടി ജലീലിന്റെ അഭിഭാഷകന്‍ അറിയിച്ചതനുസരിച്ച്‌ ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുവദിച്ചു.ലോകായുക്ത വിധിയില്‍ തനിക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്നും തന്നെ കേള്‍ക്കാന്‍ ലോകായുക്ത തയ്യാറായില്ലെന്നും ജലീല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കൂടാതെ നടപടിക്രമങ്ങള്‍ പാലിക്കാതെയും പ്രാഥമിക അന്വേഷണം പോലും നടത്താതെയുമാണ് ലോകായുക്ത വിധി പ്രസ്താവിച്ചതെന്നും ജലീല്‍ കോടതിയെ അറിയിച്ചു. തനിക്കെതിരായ വാദങ്ങളില്‍ കൃത്യതയില്ലെന്നും ബന്ധുവായ ആളെ ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതില്‍ ഒരു തരത്തിലുമുള്ള അധികാര ദുര്‍വിനിയോഗം ഇല്ലെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.കഴിഞ്ഞ പിണറായി മന്ത്രിസഭയില്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ജലീല്‍ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. ഈ നിരീക്ഷണങ്ങള്‍ ഹൈക്കോടതിയും ശരിവച്ചിരുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക