മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവിനെ തിരഞ്ഞെടുത്തു. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്നുചേര്‍ന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് മോഹൻ യാദവിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഉജ്ജയിൻ സൗത്ത് മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമാണ് മോഹൻ യാദവ്. രാജേന്ദ്ര ശുക്ല, ജഗദീശ് ദിയോറ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകും.

ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു എംഎല്‍എമാരുടെ യോഗം. മുൻ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ, കേന്ദ്രമന്ത്രിപദം രാജിവെച്ച നരേന്ദ്രസിങ് തോമര്‍, ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വര്‍ഗിയ തുടങ്ങിയ പ്രബല നേതാക്കളെ മറികടന്നാണ് മോഹൻ യാദവിന് നറുക്ക് വീണത്. എന്നാല്‍, നരേന്ദ്ര സിങ് തോമറിനെ സ്പീക്കറായി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2013-ലാണ് മോഹൻ യാദവ് ദക്ഷിണ ഉജ്ജയിനില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് നിയമസഭയിലെത്തുന്നത്. 2020-ല്‍ ശിവ്രാജ് സിങ് ചൗഹാൻ സര്‍ക്കാരില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകുകയും ചെയ്തിട്ടുണ്ട്.

ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ച ബിജെപിക്ക് ഇനി രാജസ്ഥാനില്‍ മാത്രമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ളത്. ഛത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസം വിഷ്ണുദേവ് സായിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. രണ്ടിടത്തും പുതുമുഖങ്ങളെ തിരഞ്ഞെടുത്ത ബിജെപി രാജസ്ഥാനിലും ഇത് ആവര്‍ത്തിക്കുമെന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക