മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ പരിപാലന സംഘത്തിന്‍റെ കരാര്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂട്ടി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. വെബ്സൈറ്റിന്‍റെയും സോഷ്യൽ മീഡിയയുടേയും തുടര്‍ പരിപാലനം അനിവാര്യമെന്ന പരാമര്‍ശത്തോടെയാണ് 12 അംഗ സംഘത്തിന്‍റെ കരാര്‍ കാലാവധി നീട്ടിയത്. പ്രതിമാസം 6.67 ലക്ഷം രൂപയാണ് ഇവർക്ക് ശമ്പളത്തിന് മാത്രം ചെലവാകുന്നത്.

മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ ഹാന്‍റിലുകളും പരിപാലിക്കുന്നതിന് ആവശ്യമായതാണ് സംഘം. കമ്പ്യൂട്ടർ അസിസ്റ്റന്റ് മുതൽ ടീം ലീഡർ വരെയുള്ള 12 അംഗങ്ങളാണ് ടീമിലുള്ളത്. ടി മുഹമ്മദ് യഹിയയാണ് ടീം ലീഡർ. ടീം ലീഡര്‍ക്ക് 75000 രൂപയാണ് പ്രതിമാസ ശമ്പളം. കണ്ടന്റ് മാനേജർ സുദീപ് ജെ സലീമിന് 70000 രൂപയാണ് വേതനം. സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റർ ആർകെ സന്ദീപ്, സോഷ്യൽ മീഡിയ കോഡിനേറ്റർ ആർ വിഷ്ണു, കണ്ടന്‍റ് സ്ട്രാറ്റജിസ്റ്റ് ഷഫീഖ് സൽമാൻ കെ എന്നിവർക്ക് 65000 രൂപ വീതമാണ് പ്രതിഫലം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡെലിവറി മാനേജര്‍ തസ്തികയിൽ ജോലി ചെയ്യുന്ന പിപി അജിത്തിന് 56000 രൂപയാണ് ശമ്പളം. റിസര്‍ച്ച് ഫെലോ ജി ജിതിന് 53000 രൂപയും കണ്ടന്‍റ് ഡെവലപ്പർ അമൽ ദാസിനും കണ്ടന്‍റ് അഗ്രഗേറ്റർ രജീഷ് ലാൽ എന്നിവർക്കും 53000 രൂപ വീതം ലഭിക്കും. ഡാറ്റ റിപോസിറ്ററി മാനേജർമാരായ പിവി ജയകുമാറിനും എസ് ശൈലേഷ് കുമാറിനും 45000 രൂപ വീതം ലഭിക്കും. കമ്പ്യൂട്ടർ അസിസ്റ്റന്റ് പി വൈശാഖിന് 22290 രൂപയാണ് പ്രതിമാസം ലഭിക്കുക.

നേരത്തെ 2022 മെയ് 16 മുതൽ ആറ് മാസത്തേക്കായിരുന്നു ഇവർക്ക് നിയമനം നൽകിയത്. പിന്നീട് 2022 നവംബർ 15 ന് കാലാവധി അവസാനിച്ചപ്പോൾ ഒരു വർഷത്തേക്ക് കാലാവധി നീട്ടുകയുമായിരുന്നു. 2023 നവംബർ 15 ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇവർക്ക് 2024 നവംബർ 15 വരെ വീണ്ടും ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകിയത്.

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയും സിപിഎം നേതാവുമായ പി ശശിയുടെ ആയുർവേദ ചികിത്സയ്ക്ക് പൂജപ്പുര ഗവൺമെന്റ് പഞ്ചകർമ്മ ആശുപത്രിയിൽ ചെലവായ 10680 രൂപ സർക്കാർ അനുവദിച്ചതിന്റെ രേഖയും പുറത്തുവന്നു. 2022 സെപ്തംബർ 19 മുതൽ ഒക്ടോബർ 13 വരെ നടത്തിയ ആയുർവേദ ചികിത്സയ്ക്ക് ചെലവായ തുക അനുവദിക്കണമെന്ന് 2022 നവംബർ മൂന്നിന് പി ശശി അപേക്ഷ നൽകിയിരുന്നു. ഈ തുക 2023 ജനുവരി 23 നാണ് അനുവദിച്ച് ഉത്തരവിട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക