രാഹുൽ മാങ്കൂട്ടം പുതുപ്പള്ളിയിലെത്തിയപ്പോൾ വിജയിച്ച നേതാക്കൾ വിട്ടുനിന്നത് ഷാഫി പറമ്പിലിനോടുള്ള എതിർപ്പു മൂലം; ഷാഫിക്ക് വിനയായത് ഉമ്മൻചാണ്ടിയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി കോട്ടയത്തു നിന്നുള്ള സംസ്ഥാന ഭാരവാഹിയുടെ വാക്കുകേട്ട് നടത്തിയ നീക്കങ്ങൾ; തെരഞ്ഞെടുപ്പിൽ കോട്ടയം പിടിക്കാൻ സമാഹരിച്ച ലക്ഷങ്ങൾ അണികളിലേക്ക് എത്താതെ ഒഴുകിയത് വിവാദ നായകനായ സംസ്ഥാന ഭാരവാഹിയുടെ കീശയിലേക്കോ?
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കൂടുതല്‍ പ്രകടമായി കോട്ടയത്തെ എ ഗ്രൂപ്പിലെ ഭിന്നത. ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥനയ്ക്ക് പുതിയ പ്രസിഡൻറ് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ വിട്ടുനിന്നു. സ്വന്തം പക്ഷത്തു നിന്ന് ജയിച്ച ജില്ലാ സംസ്ഥാന ഭാരവാഹികളുമായി ഇരുവരും ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രത്യേകം പ്രാര്‍ഥന നടത്തുകയും ചെയ്തു.
ഉമ്മൻചാണ്ടിയുടെ വിയോഗ ശേഷം രണ്ടായി പിളര്‍ന്ന കോട്ടയത്തെ എ ഗ്രൂപ്പില്‍ തിരുവഞ്ചൂരിനും ചാണ്ടി ഉമ്മനും ഒപ്പം നില്‍ക്കുന്ന വിഭാഗമാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത്. സംസ്ഥാന ജനറൽ സെക്രട്ടറി, ജില്ലാ അധ്യക്ഷ പദവി, സംസ്ഥാന സെക്രട്ടറി, ആകെയുള്ള 9 നിയോജക മണ്ഡലങ്ങളിൽ ആറെണ്ണം എന്നിങ്ങനെ തിളക്കമാർന്ന വിജയമാണ് തിരുവഞ്ചൂർ വിഭാഗം നേടിയത്. സ്വന്തം പക്ഷത്തു നിന്ന് ജയിച്ച ഭാരവാഹികള്‍ക്ക് ഒപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചാണ്ടി ഉമ്മനുമാണ് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ ആദ്യം പ്രാര്‍ത്ഥനയ്ക്ക് എത്തിയത്. ജയിക്കണമെന്ന് ഉമ്മൻചാണ്ടി ആഗ്രഹിച്ച യുവാക്കളാണ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതെന്ന് കൂടി ചാണ്ടി ഉമ്മൻ പറഞ്ഞു.
ഇപ്പോഴത്തെ പ്രസിഡൻറ് ഷാഫി പറമ്ബിലിനും മുതിര്‍ന്ന നേതാവ് കെ സി ജോസഫിനും ഒപ്പമായിരുന്നു നിയുക്ത പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ എത്തിയത്. പുതിയ സംസ്ഥാന പ്രസിഡന്റിനെ സ്വീകരിക്കാൻ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ തിരുവഞ്ചൂര്‍ പക്ഷക്കാരാരും വന്നില്ല. എ ഗ്രൂപ്പിലെ ഭിന്നതയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള സ്ഥലം ഇതല്ലെന്ന് പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒഴിഞ്ഞു.
ജില്ലയിൽ വിജയിച്ചവർ യഥാർത്ഥത്തിൽ ബഹിഷ്കരിച്ചത് രാഹുൽ മാങ്കൂട്ടത്തെ അല്ല മറിച്ച് ഷാഫി പറമ്പിലിനെ ആണ് എന്ന റിപ്പോർട്ടാണ് ഇപ്പോൾ ലഭിക്കുന്നത്. ഉമ്മൻചാണ്ടിയുടെ അവസാനകാലത്ത് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ പോലും തിരസ്കരിച്ചു കൊണ്ടാണ് കോട്ടയം ജില്ലയിൽ ഷാഫി യൂത്ത് കോൺഗ്രസിൽ വിഭാഗീയതയ്ക്ക് വളം വെച്ചത്. തന്റെ ഇഷ്ടക്കാരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബിനെയും, കെ സി ജോസഫിനെയും മുൻനിർത്തി ഷാഫി നടത്തിയ നീക്കങ്ങൾ ഉമ്മൻചാണ്ടിയുടെ ഒപ്പം നിന്നവരെ വെട്ടിനിരത്തുന്നതായിരുന്നു.
യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനും ഉമ്മൻചാണ്ടിയുടെ വിശ്വസ്തനുമായിരുന്ന ചിന്റു കുര്യനെയും, ചാണ്ടി ഉമ്മനെയും അവഗണിച്ച് ജോബിൻ ജേക്കബിനെ മുന്നിൽ നിർത്തി ജില്ല പിടിച്ചെടുക്കാം എന്ന ഷാഫിയുടെ കണക്കുകൂട്ടലാണ് തിരഞ്ഞെടുപ്പിൽ പൊളിഞ്ഞത്. ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ തനിക്ക് വലിയ സ്വാധീനമുണ്ടെന്ന ജോബിന്റെ അവകാശവാദവും, അതിനു കെ സി ജോസഫ് നൽകിയ സ്ഥിരീകരണവും ആണ് ഷാഫിയെ ഇത്തരത്തിൽ ഒരു അബദ്ധത്തിൽ കൊണ്ട് ചാടിച്ചത് എന്നും വിലയിരുത്തൽ ഉണ്ട്.
സംഘടന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഗ്രൂപ്പ് സമാഹരിച്ച് ലക്ഷക്കണക്കിന് രൂപ അണികൾക്കിടയിൽ എത്താതെ ഈ നേതാവ് പോക്കറ്റിൽ ആക്കിയെന്ന സംശയവും മുതിർന്ന നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ ആശുപത്രി ഭരണസമിതിയിൽ ഇരുന്നുകൊണ്ട് ഭരണപക്ഷവുമായി സമരസപ്പെട്ട് ഇയാൾ നടത്തുന്ന നീക്കങ്ങൾക്ക് പിന്നിലും കടുത്ത അഴിമതി ഉണ്ടെന്ന് ആരോപണവും പാർട്ടിക്കുള്ളിൽ ശക്തമാണ്. വരും ദിവസങ്ങളിൽ ഇയാളോടുള്ള എതിർപ്പു മൂലം കെ സി ജോസഫിനൊപ്പം നിൽക്കുന്ന ഭൂരിപക്ഷം യുവജന പ്രവർത്തകരും മറു പക്ഷത്തേക്ക് ചേക്കേറുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.