കേരളത്തിലെ പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ കിംസ് ഹെല്‍ത്ത് മാനേജ്‌മെന്റിനെ (KHML) അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള ക്വാളിറ്റി കെയര്‍ (QCIL) ഏറ്റെടുക്കുന്നു. കിംസിന് 3,300 കോടി രൂപ മൂല്യം (400 മില്യണ്‍ ഡോളര്‍) കണക്കാക്കി കരാര്‍ ഒപ്പുവച്ചതായി കമ്ബനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ബ്ലാക്ക്‌സ്റ്റോണിന്റെയും ടി.പി.ജി ഗ്രോത്തിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള കെയര്‍ ഹോസ്പിറ്റല്‍ ശൃംഖലയുടെ പ്രവര്‍ത്തന മേല്‍നോട്ടം നിര്‍വഹിക്കുന്ന പ്ലാറ്റ്‌ഫോമാണ് ക്യു.സി.എല്‍. ക്യു.സി.എല്ലില്‍ ബ്ലാക്ക്‌സ്‌റ്റോണിന് 73 ശതമാനവും ടി.പി.ജിക്ക് 25 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.കിംസ് ആശുപത്രിയുടെ ഓഹരികള്‍ ബ്ലാക്ക് സ്‌റ്റോണ്‍ ഏറ്റെടുത്തേക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ധനം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബ്ലാക്ക് സ്‌റ്റോണ്‍ കൂടാതെ മണിപ്പാല്‍ ഹെല്‍ത്ത് എന്റര്‍പ്രൈസസും കിംസ് ഓഹരിയില്‍ കണ്ണുവയ്ക്കുന്നുണ്ടെന്നായിരുന്നു അന്ന് റിപ്പോര്‍ട്ടുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാലാമത്തെ വലിയ ഹോസ്പിറ്റല്‍ ശൃംഖല: കിംസിനെ സ്വന്തമാക്കുന്നതോടെ 3,800 കിടക്കകളുമായി അപ്പോളോ ഹോസ്പിറ്റല്‍, മണിപ്പാല്‍ ഹെല്‍ത്ത്, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ എന്നിവയ്ക്ക് പിന്നാലെ രാജ്യത്തെ നാലാമത്തെ വലിയ ഹോസ്പിറ്റല്‍ ശൃംഖലയായി ക്യു.സി.ഐ.എല്‍ മാറും.കിംസില്‍ 80-85 ശതമാനം ഓഹരികളാണ് ക്യു.സി.ഐ.എല്‍ ഏറ്റെടുക്കുന്നത്. ബാക്കി 15-20 ശതമാനം ഓഹരികള്‍ പ്രമോട്ടറായ ഡോ. എം.ഐ സഹദുള്ളയുടെ കൈവശമാകും.

ഹോസ്പിറ്റലിന്റെ പ്രവര്‍ത്തന മേല്‍നോട്ടം തുടര്‍ന്നും ഡോ. സഹദുള്ളയ്ക്ക് തന്നെയായിരിക്കും.കിംസിന്റെ നിലവിലെ ഓഹരി ഉടമകളായ ട്രൂ നോര്‍ത്തില്‍ നിന്നാണ് ക്യു.സി.ഐ.എല്‍ 55 ശതമാനം ഓഹരികള്‍ ഏറ്റെടുത്തത്. കൂടാതെ 20 ശതമാനം ഓഹരികള്‍ ചെറുകിട ഓഹരി ഉടമകളില്‍ നിന്നും സ്വന്തമാക്കി. ഇതു കൂടാതെ സഹദുള്ളയുടേയും കുടുംബത്തിന്റെയും ഓഹരികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

കിംസ് ഹോസ്പിറ്റൽ: 2002ല്‍ ഒരു കൂട്ടം പ്രൊഫഷണലുകളുമായി ചേര്‍ന്ന് ഡോ.സഹദുള്ളയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ചതാണ് കിംസ് ഹോസ്പിറ്റല്‍. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കൊല്ലം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലായി കിംസിന് മൊത്തം 1,378 ബെഡുകളുണ്ട്. 2024 മാര്‍ച്ചില്‍ നാഗര്‍കോവിലില്‍ 300 ബെഡുകളുള്ള ഒരു ആശുപത്രി പ്രവര്‍ത്തനമാരംഭിക്കും.2023-2024 സാമ്ബത്തിക വര്‍ഷത്തില്‍ നികുതി, പലിശ എന്നിവയ്ക്ക് ശേഷമുള്ള കിംസിന്റെ ലാഭം 300 കോടി രൂപയും വരുമാനം 1,000 കോടി രൂപയുമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെയര്‍ ഹോസ്പിറ്റല്‍സ്: കഴിഞ്ഞ മേയിലാണ്, ബ്ലാക്ക്‌സ്റ്റോണ്‍ ടി.പി.ജി ഗ്രോത്തിനു കീഴിലുള്ള എവര്‍കെയറില്‍ നിന്ന് ക്യു.സി.ഐ.എല്ലിന്റെ 73 ശതമാനം ഓഹരികള്‍ 800 മില്യണ്‍ ഡോളര്‍ (ഏകദേശം 6,600 കോടി രൂപ) മൂല്യം കണക്കാക്കി ഏറ്റെടുത്തത്. ടി.പി.ജി ഗ്രോത്തിന് ക്യു.സി.ഐ.എല്ലില്‍ 25 ശതമാനം ഓഹരികളുണ്ട്. സിംഗപ്പൂര്‍ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ടെംസെക് ഹോള്‍ഡിംഗ്‌സ്, സി.വി.സി ക്യാപിറ്റല്‍, മാക്‌സ് ഹെല്‍ത്ത് കെയര്‍ എന്നിവരും കെയറിനെ ഏറ്റെടുക്കാന്‍ തയാറായി മുന്നോട്ടു വന്നിരുന്നു.കെയറിന്റെ ഓഹരികള്‍ സ്വന്തമാക്കി കൊണ്ടാണ് ഇന്ത്യന്‍ ഹെല്‍ത്ത്കെയര്‍ മേഖലയിലേക്കുള്ള ബ്ലാക് സ്റ്റോണിന്റെ കടന്ന് വരവ്. ഇന്ത്യയില്‍ 15 ആശുപത്രികളും ബംഗ്ലാദേശില്‍ രണ്ട് ആശുപത്രികളുമാണ് കെയറിനുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക