അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിനെതിരേ സി.പി.എം. ആർ.എസ്.എസ്. ഐക്യം സ്ഥാപിച്ചിരുന്നെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ. ഇ.എം.എസിന്റെ സൈദ്ധാന്തികവും രാഷ്ട്രീയവുമായ പിന്തുണ അതിനുണ്ടായിരുന്നുവെന്നത് ചരിത്രയാഥാർഥ്യമാണെന്നും അദ്ദേഹം പറയുന്നു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പ്രിയദർശിനി പബ്ലിക്കേഷൻസ് പുറത്തിറക്കിയ’ആർദ്രമനസ്’ എന്ന ലേഖനസമാഹാരത്തിലാണ് കാനത്തിന്റെ വെളിപ്പെടുത്തൽ.

സി.പി.എം.-ആർ.എസ്.എസ്. ഐക്യത്തെ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന പി. സുന്ദരയ്യ ‘വൈ ഐ റിസൈൻഡ് ഫ്രം പാർട്ടി’ എന്ന തന്റെ ആത്മകഥയിൽ നിശിതമായി വിമർശിച്ചിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടുന്നു.1979-ലെ തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിൽ കോൺഗ്രസും സി.പി.എമ്മും തമ്മിൽ വ്യാപക ഐക്യവും ധാരണയും സ്ഥാപിക്കുകയും സി.പി.ഐയെ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നന്നും കാനം ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. അച്യുതമേനോന്റെനേതൃത്വത്തിലുണ്ടായിരുന്ന ഐക്യമുന്നണി സർക്കാരിന്റെ തകർച്ചയ്ക്കുകാരണം എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയുമായിരുന്നെന്ന് പറയാതിരിക്കുന്നത് ചരിത്രനിഷേധമാകുമെന്നും കാനംപറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ചശേഷം നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിനുപുറത്ത് കോൺഗ്രസ് തകർന്നടിഞ്ഞെങ്കിലും കേരളത്തിൽ അച്യുതമേനോൻ നേതൃത്വം നൽകിയ ഐക്യജനാധിപത്യമുന്നണി വമ്പിച്ച വിജയം നേടി. വിന്ധ്യനിപ്പുറം അടിയന്തരാവസ്ഥാവിരുദ്ധ കൊടുങ്കാറ്റ് ആഞ്ഞടിക്കാത്തതിനുകാരണം ആന്റണിയും ഉമ്മൻചാണ്ടിയുമായിരുന്നു എന്നായിരുന്നു ഇതേക്കുറിച്ച് എം.എൻ. ഗോവിന്ദൻനായരുടെ പ്രസ്താവന. എന്നാൽ, കരുണാകരനെതിരേ പടനയിച്ച ഗ്രൂപ്പിന്റെ നേതാക്കളെന്നനിലയിലാണ് ഇരുവരുടെയും പേര് എം.എൻ. പരാമർശിച്ചതെന്നാണ് കാനം വ്യക്തമാക്കുന്നത്.

അച്യുതമേനോൻ സർക്കാരിന്റെ വികസനോന്മുഖവും ജനക്ഷേമകരവുമായ ഭരണംകൊണ്ടാണ് വിജയം വരിക്കനായതെന്ന് എം.എൻ. പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.1980-ൽ നായനാർ മന്ത്രിസഭയുടെ പിന്തുണ പിൻവലിച്ച എ.കെ. ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും നിലപാടിനെയും കാനം കുറ്റപ്പെടുത്തുന്നു. “ആന്റണിയും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ രണ്ടാമനായിരുന്ന ഉമ്മൻചാണ്ടിയും നടത്തിയ രാഷ്ട്രീയപരീക്ഷണങ്ങൾ എന്നുപറഞ്ഞ് അതിനെ തള്ളാനാവില്ല. തത്ത്വാധിഷ്ഠിത നിലാപാടെടുക്കുന്നതിലെ പരാജയമായാണ് ഇത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കോറിയിടുന്നത്’ -കാനം പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക