കെപിസിസി നേതൃയോഗത്തില്‍ കെ സുധാകരനും വി ഡി സതീശനുമെതിരെ തുറന്നടിച്ച് എ കെ ആന്‍റണി. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റുമാണ് പാര്‍ട്ടിയില്‍ ഐക്യം കാണിക്കേണ്ടതെന്ന് ആന്‍റണി പറഞ്ഞു. പാര്‍ട്ടി പുനഃസംഘടന തന്നിഷ്ടക്കാരെ നിയമിക്കാനുള്ള അവസരമായി കാണേണ്ടെന്ന് കെ സി വേണുഗോപാലും മുന്നറിയിപ്പ് നല്‍കി. അതേസമയം, സര്‍ക്കാരിനെതിരെ മേഖലാജാഥകളും കേരളയാത്രയും തീരുമാനിച്ച് രണ്ട് ദിവസത്തെ നേതൃയോഗം പിരിഞ്ഞു.
പുതുപ്പള്ളിയില്‍ കണ്ട പരസ്യമായ അനൈക്യത്തെ ചൂണ്ടിയായിരുന്നു പ്രവര്‍ത്തക സമിതിയംഗം എ കെ ആന്‍റണിയുടെ തുറന്നുപറച്ചില്‍. പാര്‍ട്ടിയുടെ നേതൃത്വം എന്നാല്‍ സുധാകരനും സതീശനുമാണ്. ഇരുവരുമാണ് ഐക്യം കൊണ്ടുവരേണ്ടത്. അതില്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും കഴിയണമെന്ന് ആന്‍റണി പറഞ്ഞു. പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടുപ്രവര്‍ത്തിക്കുമെന്നും ഉത്തരവാദിത്വത്തില്‍ ഭംഗം വരുത്തില്ലെന്നും വി ഡി സതീശന്‍ യോഗത്തില്‍ പറഞ്ഞു. ആന്‍റണിയുടെ വാക്കുകള്‍ ഉപദേശമായി കണ്ടാല്‍ മതിയെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ കെ സുധാകരന്‍റെ മറുപടി.
അതേസമയം, സര്‍ക്കാരിനെതിരായ പ്രചാരണ പരിപാടികള്‍ക്കായി ഈ മാസം 19 മുതല്‍ കോണ്‍ഗ്രസ് മേഖലാ പദയാത്രകള്‍ തുടങ്ങാന്‍ നേതൃയോഗത്തില്‍ തീരുമാനമായി. ജില്ലാതല കണ്‍വെന്‍ഷനുകളും വിളിക്കും. ജനുവരി പകുതിയോടെയാവും കെ സുധാകരന്‍റെ കേരളയാത്ര. നേതാക്കള്‍ക്ക് സ്വാധീനമുള്ള ജില്ലയില്‍ സ്വന്തക്കാരെ മണ്ഡലം പ്രസിഡന്‍റുമാരാക്കുന്ന രീതി ശരിയല്ലെന്ന് ഭാരവാഹിയോഗത്തില്‍ കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. പുനസംഘടനയില്‍ നേതാക്കള്‍ ബലം പിടിക്കേണ്ട കാര്യമില്ലെന്നും തറപ്പിച്ച് പറഞ്ഞു.