ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തില്‍ കേരളയാത്ര നടത്താൻ രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനം ഉണ്ടായതിന് പിന്നില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനുഗോലുവിന്റെ ഇടപെടല്‍. സുനില്‍ കനുഗോലുവും യോഗത്തില്‍ പങ്കെടുത്തിരുന്നു. ആദ്യമായിട്ടാണ് രാഷ്ട്രീയ കാര്യ സമിതി അംഗമല്ലാത്ത ഒരാള്‍ യോഗത്തില്‍ സജീവമായത്.

കനുഗോലുവിന്റ നേതൃത്വത്തില്‍ കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളില്‍ രഹസ്യ സര്‍വേ നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്. സിറ്റിങ് എംപിമാര്‍ ഭൂരിഭാഗം പേരും മത്സരിക്കുന്നതിനെ റിപ്പോര്‍ട്ട് അനുകൂലിക്കുന്നു. ചില മണ്ഡലങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ ഇറക്കണമെന്ന നിര്‍ദ്ദേശമാണ് കനുഗോലു മുമ്ബോട്ട് വയ്ക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയോജക മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന ജനസദസ്സുകള്‍ക്ക് ബദലായി, സര്‍ക്കാരിന്റെ വീഴ്ചകളെ തുറന്നു കാട്ടുകയെന്ന ലക്ഷ്യവും യാത്രയ്ക്കുണ്ട്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര ജനുവരിയിലാകും നടക്കുക. യാത്രയുടെ സമയക്രമം പിന്നീട് തീരുമാനിക്കും. കെ.സുധാകരൻ കെപിസിസി പ്രസിഡന്റായതിനുശേഷം നടത്തുന്ന ആദ്യ കേരളയാത്രയാണിത്.

സര്‍ക്കാര്‍ ജനസദസുമായി മണ്ഡലങ്ങളില്‍ സജീവമാകുമ്ബോള്‍ ബദലായി കോണ്‍ഗ്രസും പോര്‍മുഖം തീര്‍ക്കണമെന്ന അഭിപ്രായമാണ് കേരള യാത്രയാകുന്നത്. സിറ്റിങ് എംപിമാര്‍ മണ്ഡലത്തില്‍ കൂടുതല്‍ സജീവമാകണമെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെ വീഴ്ചകള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടുന്ന പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യണം. നാലര മാസത്തിനുശേഷമാണ് രാഷ്ട്രീയകാര്യ സമിതിയോഗം ചേര്‍ന്നത്.

കര്‍ണാടകയില്‍ അധികാരം പിടിക്കാൻ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞ സുനില്‍ കനഗോലു കേരളത്തിലും കോണ്‍ഗ്രസിന് വേണ്ടി തന്ത്രം മെനയും. ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകള്‍ കനഗോലു കൈകാര്യം ചെയ്തു. ഭാരത് ജോഡോ യാത്രയുടെ പിന്നണിയില്‍ സജീവമായിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കോണ്‍ഗ്രസ് തന്ത്രങ്ങള്‍ രൂപപ്പെടുത്താനും പ്രധാന പങ്കുവഹിച്ചു.

ആരാണ് സുനിൽ കനഗോലു?

കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ ജനിച്ച കനഗോലു നിലവില്‍ ബെംഗളൂരുവിലാണ് താമസിക്കുന്നത്. 2018 കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കനഗോലു ബിജെപിക്കൊപ്പമായിരുന്നു പ്രവര്‍ത്തിച്ചത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദൗത്യ സംഘത്തില്‍ കനഗോലുവിനെയും ഉള്‍പ്പെടുത്താൻ സോണിയ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിയിരുന്നു. എന്നും തിരശ്ശീലയുടെ പിന്നില്‍ നില്‍ക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. അധികം സംസാരിക്കാത്ത, കേള്‍ക്കാൻ കൂടുതല്‍ ഇഷ്ടപ്പെടുന്ന, പബ്ലിസിറ്റിയോ, ബഹുമതികളോ ആഗ്രഹിക്കാത്ത അന്തര്‍മുഖനായ വ്യക്തി. പലരും ആദ്യമായിട്ടായിരിക്കും ഇദ്ദേഹത്തെ കേള്‍ക്കുന്നതും അറിയുന്നതും.

തെരഞ്ഞെടുപ്പു കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് ഉപദേശിക്കുന്ന കോണ്‍ഗ്രസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളാണ് ഇന്ന് സുനില്‍ കനുഗോലു. പ്രശാന്ത് കിഷോറിനൊപ്പമാണ് ഈ പ്രഫഷനില്‍ സുനില്‍ പയറ്റിത്തെളിഞ്ഞത്. അമിത് ഷാക്ക് ഒപ്പമായിരുന്നു സുനില്‍ കനുഗൊലുവിന്റെ തുടക്കം. 2012 മുതല്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി അദ്ദേഹം രംഗത്തിറങ്ങി. നിരവധി തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഒപ്പം പ്രശാന്ത് കിഷോറിന്റെ വലംകൈയായി സുനില്‍ കനുഗൊലു പ്രവര്‍ത്തിച്ചു. പിന്നീട് തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിനെയും സഹായിച്ചു. എന്നാല്‍ ഈ ബന്ധം ഏറെ നീണ്ടില്ലെന്ന് മാത്രമല്ല, തെറ്റിപ്പിരിയുകയും ചെയ്തു.

ബിജെപി വിട്ട പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള ശ്രമം നടത്തിയപ്പോള്‍ സുനില്‍ കനഗോലുവും ഒപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്റിന് പ്രശാന്ത് കിഷോറിനെ ഒപ്പം ചേര്‍ക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും നേതൃത്വത്തില്‍ പലര്‍ക്കും അതിനോട് താത്പര്യമില്ലായിരുന്നു. പ്രശാന്ത് മുന്നോട്ട് വെച്ച ഡിമാന്റുകള്‍ അംഗീകരിക്കാനാവില്ലെന്ന വാദം ശക്തമായതോടെ, രാജ്യത്തെ പ്രധാന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ കോണ്‍ഗ്രസ് പ്രവേശനം അസ്ഥാനത്തായി. ഈ ഘട്ടത്തിലൊന്നും സുനില്‍ കനഗോലുവിന്റെ പേര് കോണ്‍ഗ്രസ് ക്യാംപില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പ്രശാന്ത് കിഷോര്‍ പിന്മാറിയതോടെ സുനില്‍ കനഗോലുവിനെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാൻ നേതൃത്വത്തിന് കഴിഞ്ഞു.

കോണ്‍ഗ്രസ് സ്ട്രാറ്റജി വകുപ്പിന്റെ മേധാവിയായി ചുമതലയേറ്റതിനു പിന്നാലെ കര്‍ണാടകയില്‍ 2023 നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി. കനുഗോലു കോണ്‍ഗ്രസിനൊപ്പം ചേരുമ്ബോള്‍, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു, പക്ഷേ, അതിനൊരു ദിശയില്ലായിരുന്നു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പൂര്‍ണ പിന്തുണയോടെ എത്തിയ അദ്ദേഹം, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കുകയും ബിജെപി സര്‍ക്കാറിനെ താഴെയിറക്കാൻ ലക്ഷ്യമിട്ട് വിദഗ്ധരുടെ പ്രത്യേക സംഘത്തെ ഉള്‍പ്പെടുത്തി ഒരു ടീം ഉണ്ടാക്കുകയും ചെയ്തു.

ദിവസം 20 മണിക്കൂറാണ് കോണ്‍ഗ്രസിന്റെ വിജയത്തിനായി കനുഗോലു പണിയെടുത്തത്. ഒരുദിവസം പോലും അവധിയെടുത്തില്ല. പലപ്പോഴും അന്തര്‍മുഖനായി ഇരിക്കാനായിരുന്നു കനുഗോലുവിന് ഇഷ്ടം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന തന്ത്രജ്ഞരില്‍ ഒരാളായിരുന്നു. 2017ന്റെ തുടക്കത്തില്‍ നടന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ കനുഗോലുവാണ് ബിജെപിയുടെ പ്രചാരണ വിഭാഗം കൈകാര്യം ചെയ്തത്.സിപിഎമ്മിന്റെ കേഡര്‍ സംഘടനാ സംവിധാനത്തെ മറികടക്കണമെങ്കില്‍ പ്രഫഷനല്‍ സംഘങ്ങളുടെ കൂടി സഹായം വേണമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ പ്രശാന്ത് കിഷോറിനൊപ്പമായിരുന്ന സുനില്‍ കനഗോലുവിനെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രത്യേക താല്‍പര്യമെടുത്ത് കേരളത്തിലെത്തിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക