തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ അംഗപരിമിതനായ നിക്ഷേപകന്‌ ചികിത്സയ്‌ക്ക്‌ ആവശ്യമുള്ള പണം നല്‍കിയില്ലെന്ന്‌ കുടുംബത്തിന്റെ പരാതി. രോഗബാധിതനായി ഗുരുതരാവസ്‌ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ തേലപ്പിള്ളി സ്വദേശി കൊളങ്ങാട്ട്‌പറമ്ബില്‍ ശശി (53) ആണ്‌ കഴിഞ്ഞ 30ന്‌ മരിച്ചത്‌. രോഗബാധയെത്തുടര്‍ന്ന്‌ ശശിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക്‌ അഞ്ച്‌ ലക്ഷം ആവശ്യമുണ്ടായിരിക്കെ ബാങ്ക്‌ പലതവണയായി നല്‍കിയത്‌ 1,90,000 രൂപ മാത്രമായിരുന്നുവെന്ന്‌ കുടുംബം പറയുന്നു. ഇതും വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ പലതവണ ചികിത്സാ രേഖകളുമായി ബാങ്കില്‍ കയറിയിറങ്ങിയാണ്‌ ലഭിച്ചത്‌. 14 ലക്ഷമാണ്‌ ശശിയുടെയും അമ്മയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപമുള്ളത്‌. ഈ പണം തിരികെ കിട്ടിയിരുന്നെങ്കില്‍ ചികിത്സ നടത്താമായിരുന്നുവെന്ന്‌ കുടുംബം വേദനയോടെ ഓര്‍ക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞരമ്ബിന്റെ പ്രശ്‌നമുള്ളതിനാല്‍ ശശിക്ക്‌ കൈയ്‌ക്കും കാലിനും സ്വാധീനമുണ്ടായിരുന്നില്ല. ഇതിന്റെ ചികിത്സ നടക്കുന്നതിനിടെയാണ്‌ രക്‌തസമ്മര്‍ദം കൂടിയത്‌. ആശുപത്രിയിലെത്തിച്ചപ്പോള്‍ ഉടന്‍ ശസ്‌ത്രക്രിയ വേണമെന്ന്‌ അധികൃതര്‍ ആവശ്യപ്പെട്ടു. ബാങ്കിലെ സെക്രട്ടറിയെ വിളിച്ച്‌ പണം വേണമെന്ന്‌ ആവശ്യപ്പെട്ടപ്പോള്‍ 90,000 രൂപ തരാനേ കഴിയുവെന്നും മറ്റൊരു മാര്‍ഗവുമില്ലെന്നുമായിരുന്നു മറുപടി. വാര്‍ഡംഗമടക്കം ഇടപെട്ടതോടെ ഇത്‌ ഒരു ലക്ഷത്തിലെത്തി. ആകെ 1,90,000 രൂപയാണ്‌ ഇതുവരെ ശശിയുടെ കുടുംബത്തിന്‌ ലഭിച്ചത്‌. കളിമണ്ണ്‌ നിര്‍മാണ തൊഴിലാളികളായിരുന്ന ഇവരുടെ പിതാവ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്ബ്‌ മരിച്ചിരുന്നു.

പ്രായമായ അമ്മയ്‌ക്കും ഇനി മുന്നോട്ട്‌ പോകാന്‍ വേറെ മാര്‍ഗമില്ലെന്ന്‌ ശശിയുടെ സഹോദരി മിനി രാജു പറയുന്നു. അമ്മയും സഹോദരനും രോഗബാധിതരായതോടെയാണ്‌ ഉണ്ടായിരുന്ന സ്‌ഥലം വിറ്റ്‌ പണം ബാങ്കില്‍ നിക്ഷേപിച്ചത്‌. ബാങ്കില്‍നിന്ന്‌ പലിശയിനത്തില്‍ ലഭിക്കുന്ന പണംകൊണ്ട്‌ ജീവിക്കാമെന്നായിരുന്നു പ്രതീക്ഷ. അതാണ്‌ ഈ അവസ്‌ഥയില്‍ അവസാനിച്ചതെന്ന്‌ കുടുംബം പറയുന്നു. ശശിയുടെ ചികിത്സയ്‌ക്കായി പലയിടത്ത്‌ നിന്നും കടം വാങ്ങി. ഇതെല്ലാം തിരികെ നല്‍കണമെങ്കില്‍ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടണം. ഇതിന്‌ ബാങ്ക്‌ കനിയണമെന്ന ദുരവസ്‌ഥയിലാണ്‌ കുടുംബം. ശശിയുടെ അമ്മ തങ്ക (77)യ്‌ക്ക്‌ തലയില്‍ രക്‌തം കട്ടപിടിക്കുന്ന രോഗമാണുള്ളത്‌. ഇതിന്റെ ചികിത്സയ്‌ക്ക്‌ മാത്രം മാസം 3000 രൂപ ചെലവ്‌ വരും.

മനുഷ്യാവകാശ കമ്മിഷന്‌ പരാതി നല്‍കി: ചികിത്സയ്‌ക്ക്‌ പണമില്ലാതെ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍ കൊളങ്ങാട്ട്‌ ശശി മരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കി. ആര്‍.വൈ.എഫ്‌. ജില്ലാ സെക്രട്ടറി ആസാദ്‌ കശ്‌മീരിയാണ്‌ പരാതിക്കാരന്‍. ഈ വിഷയത്തില്‍ പോലീസ്‌ മനഃപൂര്‍വ നരഹത്യയ്‌ക്ക്‌ കേസ്‌ എടുക്കണമെന്നും സര്‍ക്കാര്‍ അതിനു തയാറാകാത്തപക്ഷം കോടതി സ്വമേധയാ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക