നൂറിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത വിവാദ ആള്‍ദൈവം അമര്‍പുരി എന്ന ബില്ലു റാം അന്തരിച്ചു. ഹിസാർ സെട്രല്‍ ജയിലിള്‍ വച്ച്‌ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ജയില്‍ അധികൃതർ അറിയിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് സബ് ഇൻസ്‌പെക്ടർ ഭൂപ് സിംഗ് ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

ഇയാള്‍ പ്രമേഹ രോഗിയായിരുന്നെന്നും ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും ബില്ലുറാമിന്റെ അഭിഭാഷകനായ ഗജേന്ദർ പാണ്ഡെ പറഞ്ഞു. 14 വർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു ബില്ലു റാം. 2018-ലാണ് ‘ജിലേബി ബാബ’ എന്നറിയപ്പെടുന്ന അമര്‍പുരി അറസ്റ്റിലായത്. ഉന്തുവണ്ടിയില്‍ ജിലേബി വില്‍ക്കലായിരുന്നു ഇയാളുടെ ആദ്യകാല ജോലി. തുടർന്നാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവമായി പ്രത്യക്ഷപ്പെടുന്നത്. ‘ജലേബി ബാബ’ എന്ന പേരില്‍ പിന്നീട് അറിയപ്പെടുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആശ്രമത്തിലെത്തുന്ന നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ ജിലേബി ബാബയുടെ മൊബൈല്‍ ഫോണില്‍നിന്ന് 120-ഓളം അശ്ലീലവീഡിയോകളാണ് പോലീസ് കണ്ടെടുത്തത്.

പ്രശ്‌നപരിഹാരങ്ങള്‍ക്കും മറ്റുമായി തന്നെ സമീപിക്കുന്ന സ്ത്രീകളെ മയക്കുമരുന്ന് നല്‍കിയാണ് ജിലേബി ബാബ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. ഈ ദൃശ്യങ്ങളെല്ലാം ഇയാള്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നു. 2018 ജൂലായിലാണ് ബാബയെക്കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചത്. ബാബയുടെ ഒരു വീഡിയോയും പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് തൊഹാന ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അമര്‍പുരിയെ അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസില്‍ 14 വര്‍ഷം തടവാണ് അമര്‍പുരിക്ക് വിധിച്ച ശിക്ഷ. രണ്ട് ബലാത്സംഗക്കേസുകളില്‍ ഏഴുവര്‍ഷം വീതവും ശിക്ഷിച്ചു. ഐടി ആക്‌ട് പ്രകാരമുള്ള കുറ്റത്തിന് അഞ്ചുവര്‍ഷം തടവും വിധിച്ചു. അതേസമയം, ആയുധ നിയമപ്രകാരമുള്ള കേസില്‍ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി.

ശിക്ഷകളെല്ലാം ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നും അതിനാല്‍ 14 വര്‍ഷം ബാബ ജയിലില്‍ കഴിയണമെന്നും പരാതിക്കാരുടെ അഭിഭാഷകനായ സഞ്ജയ് വര്‍മ മാധ്യമങ്ങളോട് പറഞ്ഞു. ബാബയുടെ അതിക്രമത്തിനിരയായ ആറുപേരാണ് കോടതിയില്‍ ഹാജരായിരുന്നത്. ഇതില്‍ മൂന്നുപേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക