
കുന്നയ്ക്കാലില്‍ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവർ ദാരുണമായി മരിച്ചു. വാളകം കുന്നയ്ക്കാല്‍ തേവർമഠത്തില്‍ നന്ദുവാണ് (21) മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ഓട്ടം കഴിഞ്ഞെത്തിയ നന്ദു വീടിനു സമീപത്ത് വാഹനം പാർക്ക് ചെയ്തു തിരികെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനം നിരങ്ങിനീങ്ങുന്നത് കണ്ട് ഉള്ളില്‍ കയറി നിയന്ത്രിക്കാൻ ശ്രമിച്ച നന്ദു വാഹനത്തിന് അടിയില്‍പ്പെടുകയും വാഹനം ദേഹത്തുകൂടി കയറി ഇറങ്ങുകയുമായിരുന്നു.
വീടിനും വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്തിനും ഇടയിലുള്ള തോട്ടിലേക്ക് വീണ നന്ദുവിന്റെ മുകളിലേക്ക് വാഹനവും പതിച്ചു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും വാഹനം നീക്കാൻ സാധിച്ചില്ല. തുടർന്ന് ജെസിബി എത്തിച്ചാണ് വാഹനം മാറ്റിയത്. ഉടൻ തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൂവാറ്റുപുഴ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.