രാഷ്ട്രീയകാര്യ സമിതിയിലെ ഒഴിവുകള്‍ നികത്താന്‍ കോണ്‍ഗ്രസില്‍ ആലോചനകള്‍ തുടങ്ങി. നിലവില്‍ അഞ്ചുപേരുടെ ഒഴിവുകളാണുള്ളതെങ്കിലും കൂടുതല്‍പ്പേരെ പുതിയ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചേക്കും. യൂത്തുകോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്ന ഷാഫി പറമ്ബില്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ഇടം നേടാൻ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എ ഗ്രൂപ്പ് പിന്തുണയും സമുദായ കാർഡും ഇറക്കിയാണ് ഷാഫി കരുക്കൾ നീക്കുന്നത്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് എ ഗ്രൂപ്പിന്‍റെ പ്രധാനപേരായി നിലവിലുണ്ട്. വര്‍ക്കിങ് പ്രസിഡന്‍റായ ടി സിദ്ദീഖിനെയും ഇത്തവണ രാഷ്ട്രീയകാര്യ സമിതിയിലേക്ക് നേരിട്ട് പരിഗണിക്കുന്നുണ്ട്.
വര്‍ക്കിങ് കമ്മിറ്റിയംഗമായി തിരഞ്ഞെടുത്ത ശശി തരൂര്‍ രാഷ്ട്രീയകാര്യ സമിതിയിലംഗമാകും. തരൂരിന്‍റെ പിന്തുണയില്‍ എംകെ രാഘവനും എത്തിയേക്കും. പാര്‍ട്ടിയില്‍ നിലവില്‍ പദവികളില്ലാത്ത ജോസഫ് വാഴയ്ക്കന്‍റെയും ശൂരനാട് രാജശേഖരന്‍റെയും പേരുകളാവും ഐ ഗ്രൂപ്പ് നല്‍കുക. കെസി വേണുഗോപാല്‍ ഗ്രൂപ്പില്‍ നിന്ന് എപി അനില്‍കുമാറിനാണ് സാധ്യത. നിലവില്‍ ഷാനിമോള്‍ ഉസ്മാന്‍ മാത്രമാണ് ഏക വനിത. ഇത്തവണ ബിന്ദു കൃഷ്ണയെയും ഉള്‍പ്പെടുത്തിയേക്കും. മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെ സമിതിയിൽ ഉൾപ്പെടുത്തണമെന്ന് ഗ്രൂപ്പുകൾക്ക് അതീതമായി ആവശ്യം ഉയരുന്നുണ്ട്.
എ ഗ്രൂപ്പിൽ നിന്ന് ചെറുപ്പക്കാർ മുന്നോട്ടുവരുമ്പോഴും രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന ഈ ഗ്രൂപ്പിൽ തലമുറ മാറ്റം ഒന്നും നടപ്പാവാൻ ഇടയില്ല എന്ന സൂചനകളാണ് പുറത്തുവരുന്നത്. നിയമസഭയിലേക്ക് മത്സരിച്ച് സ്ഥിരമായി തോൽക്കുന്ന ജോസഫ് വാഴക്കനും, ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ചു തോറ്റ ശൂരനാട് രാജശേഖരനും ആണ് ഐ ഗ്രൂപ്പ് നോമിനികൾ. 67ന്റെയും 70 വയസ്സിന്റെയും ബാല്യവും ആയിട്ടാണ് ഇരുവരും പാർട്ടി സ്ഥാനത്തിനുവേണ്ടി ഇപ്പോഴും കരുക്കൾ നീക്കുന്നത്. ഇതുമൂലം താഴയപ്പെടുന്നത് ഹൈബി ഈഡനെ പോലുള്ള ചെറുപ്പക്കാരാണെന്നുള്ളതാണ് സങ്കടകരമായ വസ്തുത.
കൂടുതല്‍ നേതാക്കളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിക്കാൻ ആണ് ആലോചന.ഉമ്മന്‍ചാണ്ടിയും എംഐ ഷാനവാസും മരിച്ച ഒഴിവുകള്‍, കെവി തോമസും പിസി ചാക്കോയും പാര്‍ട്ടിവിട്ട ഒഴിവുകള്‍, വിഎം സുധീരന്‍ രാജിവച്ച ഒഴിവ്. ഈ അഞ്ചിന് പുറമെ പതിവായി വിട്ടുനില്‍ക്കുന്ന മുല്ലപ്പള്ളിയെയും ഒഴിവാക്കിയാല്‍ ഒഴിവുകള്‍ ആറെണ്ണമാണ്. പിടി തോമസ് പങ്കെടുത്തത് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് എന്ന നിലയിലായതിനാല്‍ ഒഴിവായി കണക്കാക്കാനാകില്ല.
വിഎം സുധീരനെയും മുല്ലപ്പള്ളിയെയും നിലനിര്‍ത്തണോയെന്ന കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണ്. മുതിര്‍ന്ന നേതാക്കളായ എകെ ആന്‍റണിയും പിജെ കുര്യനും സമിതിയില്‍ തുടരുമെന്നാണ് സൂചന. കെപിസിസി ഭാരവാഹി പട്ടിക പുതുക്കണമെന്ന് കെ സുധാകരന് ആഗ്രഹമുണ്ട്. കൂട്ടായ ചര്‍ച്ച വേണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. പുതുപ്പള്ളിയിലെ വൻ വിജയമുണ്ടായെങ്കിലും ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കമടക്കം പാര്‍ട്ടിയില്‍ നീറുന്നുണ്ട്. അടുത്തയാഴ്ച രാഷ്ട്രീയകാര്യസമിതി ചേരാനാണ് നീക്കം.