നാമക്കല്‍ : തമിഴ്‌നാട്ടില്‍ ചിക്കൻ ഷവര്‍മ കഴിച്ച്‌ പെണ്‍കുട്ടി മരിച്ചു. നാമക്കല്‍ ശാന്തിപ്പേട്ട പുത്തൂര്‍ സ്വദേശിനിയായ കലൈയരസിയാണ് മരിച്ചത്. ഇതേ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച 43 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ജില്ലയില്‍ താത്കാലികമായി ഷവര്‍മ നിരോധിച്ച്‌ കലക്‌ടര്‍ ഉത്തരവിട്ടു . കലൈയരസിയും കുടുംബവും നാമക്കല്‍ ജില്ലയിലെ പരമത്തി റോഡിലെ ഐവിൻസ് എന്ന ഹോട്ടലില്‍ നിന്നാണ് ഷവര്‍മയും ബിരിയാണിയും കഴിച്ചത്. ഭക്ഷണം കഴിച്ച്‌ തിരികെ വീട്ടിലെത്തിയ ഇവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് കുടുംബത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്‌ടര്‍മാരില്ലായിരുന്നതിനാല്‍ നഴ്‌സുമാര്‍ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. തിരികെ വീട്ടിലെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളാകുകയും മരിക്കുകയുമായിരുന്നു. ഭക്ഷ്യവിഷബാധയേറ്റ കുടുംബത്തിലെ ബാക്കി മൂന്ന് പേര്‍ അബോധാവസ്ഥയിലാണ്. മൂവരും നാമക്കല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതേ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച നാമക്കല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ 13 വിദ്യാര്‍ഥികളും ചികിത്സയിലാണ്. സെപ്റ്റംബര്‍ 16ന് രാത്രിയാണ് വിദ്യാര്‍ഥികള്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ഇവര്‍ ഷവര്‍മയും ഗ്രില്‍ഡ് ചിക്കനും ചിക്കൻ റൈസും കഴിച്ച്‌ രാത്രി കോളജ് ഹോസ്റ്റലിലേക്ക് മടങ്ങി. എന്നാല്‍ ഭക്ഷണം കഴിച്ച്‌ തിരികെയെത്തിയ കുട്ടികള്‍ക്ക് ഛര്‍ദ്ദിയും ബോധക്ഷയവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ 13 പേരും ഇപ്പോഴും ചികിത്സയിലാണ്.

സംഭവത്തിന് പിന്നാലെ നാമക്കല്‍ ജില്ല കലക്‌ടര്‍ ഉമ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് ജില്ല കലക്‌ടറും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ഐവിൻസ് റസ്റ്റോറന്‍റിലെത്തി പരിശോധന നടത്തി. വൃത്തിഹീനമായാണ് ഷവര്‍മ തയ്യാറാക്കിയതെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി.ഷവര്‍മ തയ്യാറാക്കാൻ ഉപയോഗിച്ച ഇറച്ചി പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ ഹോട്ടലിലേക്ക് ഇറച്ചി വിതരണം ചെയ്യുന്ന സ്ഥാപനത്തിലും കലക്‌ടര്‍ അടങ്ങുന്ന സംഘം പരിശോധന നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് റസ്റ്റോറന്‍റ് ഉടമ നവീൻ കുമാര്‍, ജീവനക്കാരായ സഞ്ജയ്, സമഷ് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. നാമക്കല്‍ ജില്ലയിലുടനീളമുള്ള ഹോട്ടലുകളില്‍ ഷവര്‍മ, ഗ്രില്‍ഡ് ചിക്കൻ എന്നിവയുടെ വില്‍പ്പന താത്കാലികമായി നിരോധിച്ച്‌ ജില്ലാ കലക്‌ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് കൂടാതെ പെണ്‍കുട്ടിക്ക് ശരിയായ ചികിത്സ നല്‍കാതെ അനാസ്ഥ കാട്ടിയ സ്വകാര്യ ആശുപത്രിക്ക് നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും കലക്‌ടര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക