പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ വരുമെന്ന് ഉറപ്പായതോടെ ലോക്സഭയിലും രാജ്യസഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ പ്രാതിനിധ്യം എത്ര സീറ്റില്‍ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. ബില്‍ നിയമമാകുന്നോടെ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തില്‍ സുപ്രധാന നാഴികകല്ലായി അത് മാറും.

33 ശതമാനം വനിതാ സംവരണം രാജ്യത്ത് ഉടനീളം നടപ്പിലാകുന്നതോടെ കേരള നിയമസഭയില്‍ 46 വനിതാ എം.എല്‍.എ മാര്‍ ഉണ്ടാകും. നിലവിലെ സഭയില്‍ 11 പേരാണ് വനിതകളുള്ളത്. ഭരണപക്ഷത്ത് പത്തം പ്രതിപക്ഷത്ത് ഒന്നും. ലോക്സഭയിലേക്ക് കേരളത്തില്‍ നിന്നുള്ള 20 എം.പിമാരില്‍ ആറ് പേര്‍ വനിതകള്‍ ആയിരിക്കും നിലവില്‍ ഏക വനിതാ പ്രതിനിധിയായി രമ്യാ ഹരിദാസ് എം.പി മാത്രമാണ് കേരളത്തില്‍ നിന്ന് ലോക്സഭയിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിലെ ലോക്സഭാ അംഗങ്ങളുടെ കണക്ക് വച്ച്‌ ഇനി മുതല്‍ 179 വനിതാ പ്രതിനിധികള്‍ ഉണ്ടാകും. നിലവില്‍ 78 പേരാണ് വനിതാ അംഗങ്ങളായിട്ടുള്ളത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും കൂടുതല്‍ വനിതാ പ്രാതിനിധ്യമാണിത്. അതായത് 14 % മാത്രം. 16ാം ലോക്സഭയിലെ വനിതാ പ്രാതിനിധ്യം 62 മാത്രമായിരുന്നു.

നിലവിലെ ലോക്സഭാ അംഗങ്ങളുടെ എണ്ണം 543 ആണ്. എന്നാല്‍ ഇത് വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മന്ദിരത്തില്‍ ലോക്സഭയില്‍ 888 സീറ്റുകളും രാജ്യസഭയില്‍ 384 ഇരിപ്പിടങ്ങളുമാണുള്ളത്. ഇതാണ് വൈകാതെ എം.പിമാരുടെ എണ്ണം മണ്ഡലപുനരേകീകരണം നടത്തി കൂട്ടുമെന്ന സൂചനകള്‍ ശക്തമാകുന്നത്.

ഏറെ വാദപ്രതിവാദങ്ങള്‍ക്കിടയായ വനിതാ സംവരണബില്‍ രണ്ടാം യു.പി.എ. സര്‍ക്കാരാണ് ആദ്യം കൊണ്ടുവന്നത്. എന്നാല്‍ അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ അത് നടപ്പിലാക്കാനുള്ള നിയോഗം രണ്ടാം മോദി സര്‍ക്കാരിനാണ്. ഭരണഘടനയുടെ 108-ാം ഭേദഗതി ബില്‍ എന്നറിയപ്പെടുന്ന ഈ ബില്‍ 2008-ലാണ് തയ്യാറാക്കിയതെങ്കിലും 2010-ലാണ് രാജ്യസഭ പാസാക്കിയത്.

രാജ്യസഭയില്‍ ബില്‍ ചര്‍ച്ചയ്ക്കിടയില്‍ ഉത്തര്‍പ്രദേശ്, ബിഹാറില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി. ഉള്‍പ്പെടെയുള്ള പാര്‍ട്ടി അംഗങ്ങള്‍ എതിര്‍പ്പുയര്‍ത്തി ബില്ലിന്റെ പ്രതികള്‍ കീറിയെറിഞ്ഞിരുന്നു. വനിതാ സംവരണത്തിനുള്ളില്‍ ജാതി സംവരണം വേണമെന്നായിരുന്നു ഈ പാര്‍ട്ടികളുടെ വാദം. രാഷ്ട്രീയ എതിര്‍പ്പ് രൂക്ഷമായതിനെത്തുടര്‍ന്ന് ലോക്സഭ ബില്‍ പരിഗണിച്ചില്ല.

പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന ബില്ലില്‍ കാലോചിതമായ പരിഷ്കരണങ്ങള്‍ വരുത്തിയാണ് ഇപ്പോള്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ബില്‍ പ്രകാരം പട്ടിക ജാതി-വര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ക്കായി മാറ്റിവെക്കണം. ഈ സംവരണ സീറ്റുകള്‍ ചാക്രിക ക്രമത്തില്‍ മാറും. യു.പി.എ. ഭരണകാലത്ത് 2008-ല്‍ കൊണ്ടുവന്ന ബില്‍ 2010-ല്‍ രാജ്യസഭ പാസാക്കിയിരുന്നു. പിന്നീട് പത്തുവര്‍ഷത്തിലേറെയായിട്ടും ബില്‍ ലോക്സഭയില്‍ വന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക