864 കോടി രൂപ (ഔദ്യോഗിക കണക്ക്) ചെലവില്‍ രണ്ടര വര്‍ഷം കൊണ്ട് നിര്‍മിച്ച, 64,500 ചതുരശ്രമീറ്റര്‍ ചുറ്റളവുള്ള ഇന്ത്യയുടെ പുത്തൻ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് എത്തുമ്ബോള്‍ പാര്‍ലമെന്റിന്റെ നടപടിക്രമങ്ങളില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാകുന്നില്ല.എന്നാല്‍ ഡിജിറ്റല്‍ മുന്നേറ്റത്തിലേക്കു കുതിക്കാൻ ആഗ്രഹിക്കുന്ന ‘ഡിജിറ്റല്‍ ഇന്ത്യ’യുടെ പാര്‍ലമെന്റ് എന്ന നിലയ്ക്ക് സാങ്കേതിമായി ഏറെ മാറ്റങ്ങള്‍ പുത്തൻ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉണ്ടാകും. പാര്‍ലമെന്ററി നടപടികള്‍ കാര്യക്ഷമമാക്കുന്നതിനും എല്ലാ അംഗങ്ങള്‍ക്കിടയിലും തടസ്സമില്ലാത്ത ആശയവിനിമയവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും എഐ അ‌ടക്കമുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തും.

പുതിയ പാര്‍ലമെന്റ് മന്ദിരത്തോടൊപ്പം പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളും ഏറ്റവും നവീനമായ ഡിജിറ്റല്‍ പാതയിലേക്ക് മാറുകയാണ്. 2022 ല്‍ നിലവില്‍ വന്ന ഡിജിറ്റല്‍ സൻസദ് ആപ്പ് ആണ് പുത്തൻ പാര്‍ലമെന്റിന്റെ ഡിജിറ്റല്‍ വല്‍ക്കരണത്തിന്റെ ചുക്കാൻ പിടിക്കുക. പാര്‍ലമെന്റ് നടപടികള്‍ പൊതുജനങ്ങള്‍ക്ക് തത്സമയം കാണാൻ സഹായിക്കുന്ന ആപ്പ് എന്ന നിലയിലാണ് ഡിജിറ്റല്‍ സൻസദ് ആദ്യം അ‌വതരിപ്പിക്കപ്പെട്ടത്.എന്നാല്‍ പുതിയ പാര്‍ലമെന്റിലേക്ക് എത്തുമ്ബോള്‍, എഐ അ‌ടക്കം പുത്തൻ സാങ്കേതികവിദ്യകളുടെ കരുത്തില്‍ അ‌ടിമുടി മാറ്റവുമായാണ് ഡിജിറ്റല്‍ സൻസദ് ആപ്പിന്റെ വരവ്. പാര്‍ലമെന്റ് അംഗങ്ങള്‍ (എംപിമാര്‍), പൗരന്മാര്‍, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ പാര്‍ലമെന്റ് നടപടികളുമായി കൂടുതല്‍ മികവോടെ ബന്ധിപ്പിക്കാൻ പുതിയ ഡിജിറ്റല്‍ സൻസദ് ആപ്പ് സഹായിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എംപിമാര്‍, മന്ത്രാലയങ്ങള്‍, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍, പൗരന്മാര്‍ എന്നിവര്‍ക്ക് അവരുടെ വ്യക്തിത്വങ്ങളെ അടിസ്ഥാനമാക്കി സമഗ്രവും അനുയോജ്യമായതുമായ പ്രത്യേക അ‌വകാശങ്ങള്‍ നവീകരിച്ച ഡിജിറ്റല്‍ സൻസദ് പോര്‍ട്ടല്‍ വാഗ്ദാനം ചെയ്യുന്നു. പാര്‍ലമെന്റ് നടപടികളെയും പൗരന്മാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമായി പ്രവര്‍ത്തിക്കാൻ പുതിയ ആപ്പിന് സാധിക്കും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച്‌ പാര്‍ലമെന്റ് നടപടികള്‍ തത്സമയം ട്രാൻസ്‌ക്രൈബ് ചെയ്യാൻ (ലിഖിത രൂപത്തിലേക്ക് രേഖപ്പെടുത്താൻ ) ഉളള കഴിവാണ് പുതിയ ഡിജിറ്റല്‍ സൻസദ് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. പാര്‍ലമെന്റ് നടപടികള്‍ തത്സമയം കാണാനുള്ള സൗകര്യം മാത്രമാണ് മുൻപ് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ അ‌തിനെക്കാള്‍ ഏറെ മെച്ചപ്പെട്ടു.

പുതിയ തകര്‍പ്പൻ സാങ്കേതികവിദ്യ പാര്‍ലമെന്റില്‍ നടക്കുന്ന സംഭാഷണങ്ങള്‍ തിരിച്ചറിയാനും പറയുന്ന ഓരോ വാക്കും കൃത്യമായി പകര്‍ത്താനും കഴിവുള്ളതാണ്. അ‌തിനാല്‍ത്തന്നെ മാനുവല്‍ നോട്ട്-എടുക്കലിന്റെ ആവശ്യകത ഇല്ലാതാക്കുന്നു, പിശകുകളുടെയോ ഒഴിവാക്കലുകളുടെയോ സാധ്യത കുറയ്ക്കുന്നു. ഈ സവിശേഷത ഡോക്യുമെന്റേഷൻ പ്രക്രിയയെ കാര്യക്ഷമമാക്കുക മാത്രമല്ല, വിവരങ്ങള്‍ എളുപ്പത്തില്‍ വീണ്ടെടുക്കുന്നതിനും എംപിമാര്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും അ‌വ പ്രയോജനപ്പെടുത്തുന്നതിനും സഹായിക്കുന്നു.

നവീകരിച്ച ഡിജിറ്റല്‍ സൻസദ് ആപ്പില്‍ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ധാരാളം സൗകര്യങ്ങളും ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരൊറ്റ സൈൻ- ഓണ്‍ സംവിധാനത്തിലൂടെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലേക്ക് ഏറെ കാര്യക്ഷമതയോടെ കടക്കാൻ എംപിമാരെ ഈ ആപ്പ് സഹായിക്കുന്നു. അ‌തിലൂടെ ഏറെ വിലപ്പെട്ട സമയം ലാഭിക്കുകയും എംപിമാരുടെ ഭരണപരമായ ചുമതലകള്‍ ലളിതമാക്കുകയും ചെയ്യുന്നു.ഓരോ പാര്‍ലമെന്റ് അംഗത്തിനും ഡിജിറ്റല്‍ സൻസദ് ആപ്പ് പ്രത്യേകം ഡാഷ്‌ബോര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നു, അവരുടെ ഷെഡ്യൂള്‍, ദൈനംദിന പരിപാടികള്‍, ഇ-നോട്ടീസുകള്‍, പങ്കാളിത്ത രേഖകള്‍, പേയ്‌മെന്റ് വിശദാംശങ്ങള്‍, പാര്‍ലമെന്റ് അംഗങ്ങളുടെ ലോക്കല്‍ ഏരിയ ഡെവലപ്‌മെന്റ് സ്‌കീമില്‍ (MPLADS) നിന്നുള്ള വിവരങ്ങള്‍ എന്നിവയുടെ സമഗ്രമായ അവലോകനം നല്‍കുന്നു.

എംപിമാരെയും അ‌വര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ ജനങ്ങളെയും തമ്മില്‍ കൂടുതല്‍ ബന്ധിപ്പിക്കാൻ ആവശ്യമായ ഓപ്ഷനുകള്‍ പുതിയ ഡിജിറ്റല്‍ സൻസദ് ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. തങ്ങളുടെ എംപി പാര്‍ലമെന്റില്‍ എന്താണ് പറഞ്ഞത് എന്നതിന്റെ രേഖകള്‍ ഏതൊരു സാധാരണക്കാരനും ഇനി വേഗത്തില്‍ അ‌റിയാം. എംപിയുടെ പ്രകടനം മാത്രമല്ല, പാര്‍ലമെന്റിന്റെ എല്ലാ നടപടിക്രമങ്ങളും എളുപ്പത്തില്‍ അ‌റിയാനും നവീകരിച്ച ആപ്പ് സഹായിക്കും. ഹൗസ് ബിസിനസ്സ്, ഡിബേറ്റുകള്‍, ചോദ്യോത്തരങ്ങള്‍, അംഗങ്ങളുടെ പങ്കാളിത്തം, മീഡിയ ഗാലറികള്‍, ഡിജിറ്റല്‍ ലൈബ്രറികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്റ് നടപടികളുടെ ഡിജിറ്റല്‍ രൂപം പൗരന്മാര്‍ക്കും പാര്‍ലമെന്റ് അ‌ംഗങ്ങള്‍ക്കും ഒരുപോലെ ലഭ്യമാകും.

കൂടാതെ, ആപ്പിലെ മണ്ഡലം കണക്‌ട് ഫീച്ചര്‍ പൗരന്മാരും പ്രതിനിധികളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തും.കൂടാതെ, ആപ്പിലെ എംപി ടൂര്‍ ഫീച്ചറും എംപിമാരെ അവരുടെ നിയോജക മണ്ഡലത്തിലെ പൗരന്മാരുമായി കൂടുതല്‍ ഫലപ്രദമായി ബന്ധപ്പെടാൻ പ്രാപ്തരാക്കുന്നു. പൗരന്മാര്‍ക്ക് അ‌വരുടെ ആവശ്യം ഇതുവഴി എംപിയെ അ‌റിയിക്കാം. തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും തങ്ങള്‍ പ്രതിനീധീകരിക്കുന്ന ജനങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്ന് മനസിലാക്കാനും എംപിമാരെ ഈ ആപ്പ് സഹായിക്കും.ഇത്തരം സൗകര്യങ്ങള്‍ ജനാധിപത്യത്തില്‍ പൗരന്റെ പങ്കാളിത്തം ഉറപ്പാക്കുന്നു. രാഷ്ട്രീയത്തില്‍ സുതാര്യതയും ഉത്തരവാദിത്തവും പ്രതികരണശേഷിയും വര്‍ദ്ധിപ്പിക്കാനും പൗരന്മാരെ ശാക്തീകരിച്ച്‌ ശക്തമായ ജനാധിപത്യം വളര്‍ത്താനും ആപ്പ് സഹായിക്കും. പാര്‍ലമെന്ററി കാര്യങ്ങളില്‍ എംപിമാരെ സഹായിക്കാൻ പ്രത്യേക ഡാഷ്ബോര്‍ഡുകളും ഡിജിറ്റല്‍ സൻസദ് ആപ്പ് നല്‍കുന്നുണ്ട്. എംപിമാരെയും വിവിധ മന്ത്രാലയങ്ങളെയും ബന്ധിപ്പിക്കാനും ഇതില്‍ സൗകര്യമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക