70 കിലോഗ്രാം വരെ ഭാരമുള്ള പേലോഡുകള്‍ വഹിക്കാൻ കഴിയുന്ന ഡ്രോണുകള്‍ വഴി ഭീകരരെ ഇന്ത്യൻ പ്രദേശത്തേക്ക് ഇറക്കാനുള്ള കഴിവ് ലഷ്‌കര്‍-ഇ-തൊയ്ബ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ലഷ്‌കര്‍ പരിശീലന ക്യാമ്ബിനുള്ളില്‍ ചിത്രീകരിച്ച വീഡിയോ ആണ് എക്‌സില്‍ വൈറലാകുന്നത്. ഒരു മനുഷ്യനെ വഹിക്കാനുള്ള ഡ്രോണുകളുടെ കഴിവ് തീവ്രവാദികള്‍ പരീക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. ഡ്രോണ്‍ വഴി തീവ്രവാദികളെ ഇന്ത്യയിലേക്ക് അയക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. പഞ്ചാബിലെയും ജമ്മു കശ്മീരിലെയും അതിര്‍ത്തിയില്‍ തീവ്രവാദികളെ ഇറക്കിവിടാനാണ് പദ്ധതിയെന്നാണ് സൂചന.

കഴിഞ്ഞ മാസം ഇത്തരമൊരു ഡ്രോണ്‍ ഉപയോഗിച്ച്‌ ഒരു ഭീകരനെ പഞ്ചാബിലേക്ക് ഇറക്കിയതായി രഹസ്യാന്വേഷണ വിഭാഗത്തിലെ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍, പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളും മയക്കുമരുന്ന് കടത്തുകാരും ഡ്രോണുകള്‍ ഉപയോഗിച്ച്‌ ആയുധങ്ങളും നാര്‍ക്കോ ചരക്കുകളും ഇന്ത്യൻ പ്രദേശത്തേക്ക് എത്തിക്കുന്നുണ്ട്. പ്രധാനമായും പഞ്ചാബിലും ജമ്മു കശ്മീരിലും ആണിത് നടക്കുന്നത്. ജമ്മു കശ്മീരിലെയും പഞ്ചാബിലെയും അതിര്‍ത്തികളില്‍ നടത്തിയ കര്‍ശനമായ പരിശോധനയ്ക്കിടെ റോഡ് വഴി മയക്കുമരുന്ന് പഞ്ചാബിലേക്ക് കടത്താൻ ഉദ്ദേശിച്ചിരുന്ന ചരക്കുകള്‍ കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ന്യൂസ് 18 ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ നാല് സുരക്ഷാ സേനാംഗങ്ങളെ കൊലപ്പെടുത്തിയ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട ലഷ്‌കറെ തൊയ്ബ ഭീകരരെ നിര്‍വീര്യമാക്കാനുള്ള ഓപ്പറേഷൻ നടക്കുന്ന സമയത്താണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച രണ്ട് ലഷ്‌കര്‍ ഭീകരരെ വളഞ്ഞതായി പോലീസ് അറിയിച്ചു. നാല് സുരക്ഷാ സേനാംഗങ്ങള്‍ – കേണല്‍ മൻപ്രീത് സിംഗ്, 19 രാഷ്ട്രീയ റൈഫിള്‍സിന്റെ കമാൻഡിംഗ് ഓഫീസര്‍ മേജര്‍ ആശിഷ് ധോഞ്ചക്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട്, ഒരു സൈനികൻ എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ജമ്മുവില്‍ വ്യാഴാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാക് വിരുദ്ധ പ്രതിഷേധം നടന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക