സോളാര്‍ പീഡനക്കേസില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണിയുടെ പേരും എഴുതിച്ചേര്‍ക്കുകയായിരുന്നെന്നു പരാതിക്കാരിയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ വെളിപ്പെടുത്തിയത്‌ ഇടതുമുന്നണിയില്‍ പ്രതിസന്ധിക്കിടയാക്കും. പീഡനക്കേസ്‌ ഗൂഢാലോചനയുടെ സൂത്രധാരന്‍ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയാണെന്നും അദ്ദേഹത്തിന്റെ സഹായികളുടെ നിര്‍ദേശപ്രകാരമാണ്‌ ഉമ്മന്‍ ചാണ്ടിയുടെയും ജോസ്‌ കെ. മാണിയുടെയും പേരുകള്‍ എഴുതിച്ചേര്‍ത്തതെന്നുമാണു ഫെനി മാധ്യമങ്ങളോടു പറഞ്ഞത്‌. സോളാര്‍ കേസില്‍ ജയിലിലായിരിക്കേ പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെയും ജോസിന്റെയും പേരുകളുണ്ടായിരുന്നില്ല. ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടപ്രകാരമാണു കത്തില്‍ മാറ്റം വരുത്തിയതെന്നാണു ഫെനിയുടെ ആരോപണം.

ആരോപണവിധേയനായ ഗണേഷ്‌കുമാറിനൊപ്പം ഇടതുമുന്നണിയില്‍ തുടരുന്നത്‌ അണികളെ ബോധ്യപ്പെടുത്താന്‍ കേരളാ കോണ്‍ഗ്രസ്‌ (എം) നേതൃത്വം വിയര്‍ക്കേണ്ടിവരും. ബാര്‍ കോഴ കേസില്‍ കെ എം. മാണിയെ ഏറെ അപമാനിച്ചതു സി.പി.എമ്മും ഇടതുയുവജനസംഘടനകളുമാണെന്നു കേരളാ കോണ്‍ഗ്രസ്‌ (എം) അണികള്‍ കരുതുന്നു. നിയമസഭയിലെ അതിക്രമം പോലും ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ടായിരുന്നു.”കോഴ മാണി”യെന്ന്‌ ആക്ഷേപിച്ചവര്‍ക്കൊപ്പം വേദി പങ്കിടില്ലെന്നു കേരളാ കോണ്‍ഗ്രസില്‍ ഒരുവിഭാഗം നിലപാടെടുത്തിരുന്നു. പാര്‍ട്ടി ചെയര്‍മാനെ പീഡനക്കേസില്‍ കുരുക്കാന്‍ ശ്രമിച്ചെന്ന പുതിയ വെളിപ്പെടുത്തലും ഏറെ പ്രതിസന്ധി സൃഷ്‌ടിക്കുക കേരളാ കോണ്‍ഗ്രസി(എം)നാണ്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടക്കുകയും ഗൂഢാലോചന നടന്നെന്നു തെളിയുകയും ചെയ്‌താല്‍ പാര്‍ട്ടിക്ക്‌ ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടിവരും. അല്ലെങ്കില്‍ ബാര്‍ കോഴ കേസില്‍ ഇടതുമുന്നണിയോടു ക്ഷമിച്ചതുപോലെ സോളാര്‍ പീഡനക്കേസിലും ക്ഷമിക്കേണ്ടിവരും. അതിന്‌ പാര്‍ട്ടി ഒറ്റക്കെട്ടായി തയാറാകുമോയെന്നാണു രാഷ്‌ട്രീയകേരളം ഉറ്റുനോക്കുന്നത്‌. എന്നാൽ രാഷ്ട്രീയ പ്രതിസന്ധികൾക്കപ്പുറം പൊതു സമൂഹത്തിൽ ജോസ് കെ മാണിക്ക് ഫെനി ബാലകൃഷ്ണൻ നടത്തിയ വെളിപ്പെടുത്തൽ വലിയ ആശ്വാസം തന്നെയാണ്. അദ്ദേഹത്തിന് എതിരെയുള്ള ഏറ്റവും സൂക്ഷ്മമായ ഒരു ആരോപണത്തിന്റെ പുക മറ ഇതോടുകൂടി ഒഴിയുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക