കഴിഞ്ഞ ജൂണ്‍ 28നാണ് കള്ളപ്പണക്കേസില്‍ മുംബൈ സ്വദേശിയായ ഇന്ത്യൻ റവന്യൂ സര്‍വീസ്(ഐ.ആര്‍.എസ്) ഉദ്യോഗസ്ഥൻ സച്ചിൻ ബാലാസാഹെബ് സാവന്ത് അറസ്റ്റിലാകുന്നത്. നടി നവ്യ നായരെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) ചോദ്യംചെയ്തതിനു പിന്നാലെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് സാവന്ത്. ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്നും സാവന്ത് നടിയെ വഴിവിട്ടു സഹായിച്ചെന്നുമുള്ള കണ്ടെത്തലിലാണ് ഇ.ഡി.

2008 ബാച്ചിലാണ് സച്ചിൻ സാവന്ത് ഐ.ആര്‍.എസിലെത്തുന്നത്. ഇതേ വര്‍ഷം തന്നെ കേന്ദ്ര കസ്റ്റംസ് വിഭാഗത്തില്‍ അഡിഷനല്‍ കമ്മിഷണറായി നിയമിതനായി. 2010ല്‍ മുംബൈയിലെ കസ്റ്റംസ് വിഭാഗത്തില്‍ ജോയിന്റ് കമ്മിഷണറുമായി. 15 വര്‍ഷം നീണ്ടുനില്‍ക്കുന്ന സര്‍വീസില്‍ മുംബൈയിലും ലഖ്‌നൗവിലും അടക്കം സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2017ലാണ് ഇ.ഡിയുടെ മുംബൈ സോണ്‍ ഡെപ്യൂട്ടി ഡയരക്ടറാകുന്നത്. 2019 വരെ ഈ സ്ഥാനത്തു തുടര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ കാലയളവില്‍ മുംബൈയിലെ പ്രമുഖര്‍ ഉള്‍പ്പെട്ട കള്ളപ്പണക്കേസുകള്‍ക്കും സാമ്ബത്തിക തട്ടിപ്പുകേസുകള്‍ക്കുമാണ് സച്ചിൻ മേല്‍നോട്ടം വഹിച്ചത്. 2020ല്‍ ഉദ്ദവ് താക്കറെ സര്‍ക്കാരില്‍ ഒരു മന്ത്രിയുടെ സ്‌പെഷല്‍ ഡ്യൂട്ടി ഓഫിസറായും പ്രവര്‍ത്തിച്ചു. പിന്നീടാണ് ലഖ്‌നൗവിലെ ജി.എസ്.ടി വിഭാഗത്തിലേക്കു സ്ഥലംമാറ്റം ലഭിക്കുന്നത്. ലഖ്‌നൗ കസ്റ്റംസ് ആൻഡ് ജി.എസ്.ടി ഡയറക്ടറേറ്റിന്റെ ചുമതലയിലിരിക്കെയാണ് ഇക്കഴിഞ്ഞ ജൂണില്‍ കള്ളപ്പണക്കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്.

എന്താണ് കേസ്? നവ്യയുമായി എന്തു ബന്ധം?

സച്ചിൻ സാവന്തും കുടുംബവും അനധികൃതമായി 2.46 കോടി രൂപയുടെ സ്വത്ത് സ്വന്തമാക്കിയെന്നാണ് കേസ്. സര്‍ക്കാര്‍ സര്‍വീസിലിരിക്കെയാണു സ്രോതസ് വെളിപ്പെടുത്താനാകാത്ത സ്വത്ത് സ്വന്തമാക്കിയതെന്ന സി.ബി.ഐ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസെടുത്ത് സാവന്തിനെ അറസ്റ്റ് ചെയ്തത്. കേസില്‍ മുംബൈയിലെ പ്രത്യേക കോടതിയില്‍ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.2011ല്‍ 1.4 ലക്ഷത്തിന്റെ ആസ്തി 2022 ആകുമ്ബോഴേക്കും 2.1 കോടി ആയി കുത്തനെ ഉയര്‍ന്നതാണ് അന്വേഷണത്തിലേക്കു നയിച്ചത്. നവി മുംബൈയിലെ ഫ്‌ളാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് ദുരൂഹമായ ഇടപാട് നടന്നതായും അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്ന് സാവന്തിന്റെ മുംബൈയിലെയും ലഖ്‌നൗവിലെയും വസതികളില്‍ ഇ.ഡി റെയ്ഡ് നടത്തി. പിന്നാലെയായിരുന്നു അറസ്റ്റ്.

സെവൻ ഹില്‍സ് കോണ്‍സ്‌ട്രോവെല്‍ ഇന്ത്യ എന്ന പേരിലുള്ള ഒരു കമ്ബനിയുടെ പേരിലാണ് നവി മുംബൈയിലെ ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സാവന്തിന്റെ പിതാവും സഹോദരനുമാണ് കമ്ബനിയുടെ ഡയരക്ടര്‍മാര്‍. റിട്ട. പൊലീസ് ഓഫിസറാണ് സാവന്തിന്റെ പിതാവ്. ബിനാമി കമ്ബനിയാണ് സെവൻ ഹില്‍സ് എന്നും ഇതിന്റെ മറവില്‍ ലോണെടുക്കുകയും നിരവധി പേഴ്‌സണല്‍ അക്കൗണ്ടുകളിലേക്ക് ഇടപാട് നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ദാദര്‍ ഈസ്റ്റിലെ ഒരു ഇടത്തരം ഫ്‌ളാറ്റിലെ വിലാസത്തിലാണ് സെവൻ ഹില്‍സ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അവസാനമായി 2018-19 കാലയളവിലാണ് കമ്ബനിയുടെ പേരില്‍ നികുതി അടച്ചതെന്നും കണ്ടെത്തി.

സാവന്തിന്റെ ഉടമസ്ഥതയില്‍ ബി.എം.ഡബ്ല്യു ഉള്‍പ്പെടെയുള്ള ആഡംബര കാറുകളും വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാമുണ്ടെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഇക്കൂട്ടത്തിലാണ് നവ്യ നായരുമായി നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റുകളും ഫോണ്‍ കോള്‍ രേഖകളും അന്വേഷണസംഘം കണ്ടെത്തിയത്. തുടര്‍ന്ന് സാവന്തിനെ ചോദ്യംചെയ്തതില്‍നിന്ന് നവ്യയുമായി സൗഹൃദമുണ്ടെന്നും സ്വര്‍ണാഭരണങ്ങളടക്കം വിലപിടിപ്പുള്ള നിരവധി സാധനങ്ങള്‍ നടിക്കു സമ്മാനിച്ചിട്ടുണ്ടെന്നും സമ്മതിച്ചതായാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്. നവ്യയെ കാണാൻ പത്തോളം തവണ സാവന്ത് കൊച്ചിയിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘അയല്‍വാസി എന്ന ബന്ധം മാത്രം’

സാവന്തുമായി മുംബൈയിലെ അയല്‍വാസി എന്ന ബന്ധം മാത്രമാണുള്ളതെന്നാണ് നവ്യ നായര്‍ പ്രതികരിച്ചത്. സാവന്തില്‍നിന്നു സമ്മാനങ്ങള്‍ കൈപ്പറ്റി എന്നതടക്കമുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു. രണ്ടുമാസംമുൻപ് ഇ.ഡി വിളിച്ചു വിവരങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് നവ്യ പറഞ്ഞു. സച്ചിൻ സാവന്തിൻറെ കുടുംബം കേരളത്തില്‍ വന്നപ്പോള്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള സഹായം നല്‍കിയിരുന്നു. സാവന്ത് നല്‍കാത്ത മൊഴിയാണ് ഇ.ഡി കുറ്റപത്രത്തിലുള്ളതെന്ന പേരില്‍ പ്രചരിക്കുന്നതെന്നും നവ്യ നായര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക