മസാല ബോണ്ട് കേസില്‍ ഇഡി സമൻസിനെതിരെ കിഫ്ബിയും തോമസ് ഐസക്കും നല്‍കിയ ഹർജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് കേസില്‍ തനിക്ക് ഇനി കൂടുതലൊന്നും പറയാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്.കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കിഫ്ബി ഫിനാൻസ് ഡിജിഎം ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ ഇഡി ഇന്ന് കോടതിയെ അറിയിക്കും.

മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കിഫ്ബിയുടെ കൈവശമാണുള്ളതെന്നും തനിക്ക് കൂടുതലൊന്നും നല്‍കാനില്ലെന്നുമായിരുന്നു ഐസക്ക് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന കർശന നിലപാടിലാണ് ഇഡി. മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന്റെ കാലാവധി നീട്ടണമെന്ന ആവശ്യം കഴിഞ്ഞമാസം ഹൈക്കോടതി തള്ളിയിരുന്നു. ഹാജരായി മൊഴി നല്‍കുന്നതില്‍ എന്താണ് പ്രശ്നമെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇഡിയോട് സഹകരിക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഐസക്. പല തവണ ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഐസക്കിന് അനുകൂല നടപടികള്‍ കോടതിയും സ്വീകരിച്ചിരുന്നില്ല. ഐസക്കിന്റെ നിലപാട് തന്നെയാണ് വിഷയത്തിൽ സിപിഎമ്മിനും. ഇഡിക്കു മുന്നിൽ തോമസ് ഐസക് ഹാജരായാൽ ക്രമക്കേടുകൾ പുറത്തുവരും.

പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി രംഗത്തുള്ള ഐസക്ക് തെരഞ്ഞെടുപ്പിന് മുന്നേ തന്നെ ഒരുപക്ഷേ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. സിപിഎമ്മിന്റെ പ്രചരണം തന്നെ ഈ സാഹചര്യത്തിൽ അവതാളത്തിലാവും. അതുകൊണ്ടുതന്നെ ഇന്ന് ഈ വിഷയത്തിൽ ഹൈക്കോടതി കൈക്കൊള്ളുന്ന നിലപാട് സിപിഎമ്മിനും തോമസ് ഐസക്കിനും ഏറെ നിർണായകമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക