പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനിടെ പരസ്പരം കുശലം പറഞ്ഞും കെട്ടിപിടിച്ചും യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും. ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായ്ക്ക് മണര്‍കാട് സെന്റ് മേരിസ് കതീഡ്രലിന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ പരിപാടിയിലായിരുന്നു ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്. മന്ത്രി വി എന്‍ വാസവന്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ സംസാരിച്ചിരുന്നു. ജെയ്ക് സി തോമസും ചാണ്ടി ഉമ്മനും സദസിലാണ് ഇരുന്നത്. അല്‍പ നേരം ഇരുവരും പരിപാടിയില്‍ ഒന്നിച്ചിരിക്കുകയും വിശേഷങ്ങള്‍ പങ്ക് വെക്കുകയും ചെയ്തു. ഇരു സ്ഥാനാര്‍ത്ഥികളും പ്രചരണ തിരക്കിനിടയിലാണ് പരിപാടിയിലേക്കെത്തിയത്.

53 വര്‍ഷം എം എല്‍ എയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെയാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സെപ്തംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബര്‍ എട്ടിന് ഫലമറിയാം. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ മൂന്ന് മണിക്കൂറിനുള്ളില്‍ യു ഡി എഫ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 12 നാണ് എല്‍ ഡി എഫ് ജെയ്ക് സി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ലിജിന്‍ലാലാണ് മത്സരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് മൂന്നാം തവണയാണ് ജെയ്ക് സി തോമസ് പുതുപ്പള്ളിയില്‍ മത്സരിക്കാനിറങ്ങുന്നത്. ഉമ്മന്‍ ചാണ്ടിക്കെതിരെ 2016 ലും 2021 ലും ജെയ്ക് സി തോമസിനെയാണ് എല്‍ ഡി എഫ് നിര്‍ത്തിയിരുന്നത്. 2016 ല്‍ 27000 ത്തോളം വോട്ടിന് ഉമ്മന്‍ ചാണ്ടിയോട് പരാജയപ്പെട്ട ജെയ്ക് സി തോമസ് 2021 ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9000 മാക്കി കുറച്ചിരുന്നു. ഇതാണ് മൂന്നാം തവണയും എല്‍ ഡി എഫ് ജെയ്ക് സി തോമസിനെ തന്നെ മത്സരിപ്പിക്കുന്നതിന് കാരണമായത്.

അതേസമയം മറുവശത്ത് ചാണ്ടി ഉമ്മന്‍ വലിയ ആത്മവിശ്വാസത്തിലാണ്. ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ ഉരുത്തിരിഞ്ഞ സഹതാപ തരംഗത്തേക്കാള്‍ ഉപരിയായി ജനങ്ങള്‍ക്കിടയില്‍ ചാണ്ടി ഉമ്മന് സ്വീകാര്യത ലഭിക്കുന്നുണ്ട് എന്ന വിലയിരുത്തലിലാണ് യു ഡി എഫും. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താകും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് എന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ് ചാണ്ടി ഉമ്മന്റെ പ്രചരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക