കോട്ടയം: ഇന്നു കേരളത്തില്‍ നടക്കുന്നത് ഒരു കുടുംബത്തിന്റെ കൊള്ളയെന്ന് മാത്യു കുഴല്‍നാടൻ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായാണ് ഇന്ന് കോട്ടയം ഡിസിസി ഓഫീസില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. വീണയുടെ കമ്ബനി എക്‌സാലോജിക് സിഎംആര്‍എലില്‍നിന്ന് കൂടുതല്‍ പണം വാങ്ങിയെന്നാണ് മൂവാറ്റുപുഴ എംഎല്‍എ ആരോപിച്ചത്.

42,48,000 രൂപയാണ് കമ്ബനി വാങ്ങിയത്. 2017 മുതല്‍ 2019 വരെയാണ് പണം വാങ്ങിയത്. എന്നാല്‍ 63 ലക്ഷത്തിലധികം രൂപ നഷ്ടം വന്നുവെന്നാണ് കമ്ബനി രേഖയെന്ന് കുഴല്‍നാടൻ പറഞ്ഞു.’പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്ബനിയുടെ പ്രവര്‍ത്തനം സുതാര്യമെന്നാണ് സിപിഎം നേതാക്കള്‍ അവകാശപ്പെടുന്നത്. 2014 മുതല്‍ നടത്തി വന്ന കമ്ബനി 64 ലക്ഷത്തോളം നഷ്ടം വന്നതോടെ പൂട്ടിയെന്നാണ് അറിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരുകോടി 72 ലക്ഷം രൂപ മാസപ്പടിക്ക് പുറമേ 2017-18-19 കാലത്ത് 42 ലക്ഷത്തി നാല്‍പ്പത്തിയെണ്ണായിരം രൂപ കൂടി കരിമണല്‍ കര്‍ത്തായുടെ സിഎംആര്‍എല്‍ കമ്ബനിയില്‍ നിന്ന് വാങ്ങിയതായി മാത്യു കുഴല്‍നാടൻ ആരോപിച്ചു. ഒരുകോടി 72 ലക്ഷം രൂപ വാങ്ങിയത് രണ്ടുകമ്ബനികള്‍ തമ്മിലുള്ള കരാറിന്റെ ഭാഗമായി സേവനത്തിന് കിട്ടിയ പ്രതിഫലമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാദിച്ചത്. എന്നാല്‍, ഈ തുകയ്ക്ക് കമ്ബനി ഐജിഎസ്ടി അടച്ചതായി കാണുന്നില്ലെന്ന് കുഴല്‍നാടൻ പറഞ്ഞു

‘2014-15ലാണ് വീണ കമ്ബനി ആരംഭിച്ചത്. ഇതിനായി 14 ലക്ഷം രൂപ വീണ നിക്ഷേപിച്ചു. 2015-16 വര്‍ഷം 25 ലക്ഷം വരവുണ്ടായി. ചെലവ് 70 ലക്ഷം. 44 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. പിന്നാലെ സിഎംആര്‍എല്‍ കമ്ബനി ഉടമയുടെ ഭാര്യയില്‍നിന്ന് 25 ലക്ഷം ലഭിച്ചു. പിറ്റേവര്‍ഷം 37 ലക്ഷം രൂപ നല്‍കി. 2017-18 വര്‍ഷം 20.38 ലക്ഷം രൂപ ലാഭം. പിറ്റേവര്‍ഷം 17 ലക്ഷം രൂപ നഷ്ടമുണ്ടായി. പിന്നാലെ കമ്ബനിക്കായി വീണ 59 ലക്ഷം രൂപ മുടക്കിയതായും രേഖകളില്‍ പറയുന്നു.

2020-21ല്‍ കമ്ബനിക്ക് 5.38 ലക്ഷം രൂപ ലാഭമായി. എങ്കിലും വീണ 70 ലക്ഷം രൂപ കമ്ബനിയുടെ നടത്തിപ്പിനായി നല്‍കി. 2021-22 വര്‍ഷം കമ്ബനിയുടെ ലാഭം കേവലം 39,427 രൂപയാണ്. വീണ കമ്ബനിക്കായി 78 ലക്ഷം രൂപ മുടക്കുന്നുമുണ്ട്. 2014 മുതല്‍ വീണാ വിജയൻ നടത്തിയ കമ്ബനി ഏതാനും മാസങ്ങള്‍ക്കു മുൻപു പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നാണ് മനസ്സിലാക്കാനാവുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം എക്‌സാ ലോജിക് എന്ന കമ്ബനി നടത്തിയതിന്റെ പേരില്‍ വീണയ്ക്ക് 63.41 ലക്ഷം രൂപ നഷ്ടമുണ്ടായി.” കുഴല്‍നാടൻ പറഞ്ഞു.ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൂന്നു ദിവസമായിട്ടും ഉത്തരം ലഭിക്കാത്ത സ്ഥിതിക്ക്, താൻ കണ്ടെത്തിയ ഉത്തരങ്ങളുമായി മാധ്യമങ്ങളെ കാണുമെന്ന് കുഴല്‍നാടൻ അറിയിച്ചിരുന്നു.

ഈ സമയം വരെ ഞാൻ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ആരും ഇതുവരെ മറുപടി പറഞ്ഞില്ല. ഈവിഷയത്തില്‍ സര്‍ക്കാരിന്റെ റസ്‌പോണ്‍സ് എല്ലാവരും കണ്ടത്. ഇന്നലെ വിജിലൻസിന്റെ സര്‍വേയുണ്ടായിരുന്നു. എന്റെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ചും നടത്തി. മൂന്നാറില്‍ ഞാൻ വാങ്ങിയ ഭൂമിയില്‍ നികുതി വെട്ടിപ്പുനടത്തി എന്നാണ് ആരോപണം.”കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോപണ പ്രത്യാരോപണങ്ങള്‍ നടന്നു വരികയാണ്. സിപിഎം എനിക്കെതിരെ വ്യക്തിപരമായും ഞാൻ ഭാഗമായിട്ടുള്ള സ്ഥാപനത്തിനെതിരെയും നിരന്തരം ആരോപണമുന്നയിച്ചിരുന്നു. മറുപടി നല്‍കിയിട്ടും വീണ്ടും പ്രത്യാരോപണവുമായി രംഗത്തുവന്നു. എന്നാല്‍ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാൻ സിപിഎം ഇതുവരെ തയാറായിട്ടില്ല.

റോഡു വികസനത്തിനായി സ്ഥലം ഏറ്റെടുത്തതിനു പിന്നാലെ വീടിന്റെ പിന്നിലുള്ള മുറ്റം ലെവലാക്കാനായി മണ്ണിട്ടതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥര്‍ സര്‍വേക്ക് എത്തിയത്. നികുതി വെട്ടിപ്പിനെതിരെയാണ് പ്രധാനമായും സിപിഎം രംഗത്തുവന്നത്. മൂന്നാറില്‍ വാങ്ങിയ സ്വത്തിന് നികുതി വെട്ടിപ്പു നടത്തിയെന്നാണ് പ്രധാന ആരോപണം. കേരളത്തിലെ പൊതുസമൂഹം എന്നോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അവരോട് ഞാൻ നന്ദി പറയുകയാണ്.” കുഴല്‍നാടൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക