സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സപ്ലൈകോയുടെ വിപണി ഇടപെടലിലൂടെ പിടിച്ചുനിര്‍ത്താൻ സാധിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിയുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി പതിമൂന്നിനം നിത്യോപയോഗ വസ്തുക്കള്‍ക്ക് സപ്ലൈകോ സ്റ്റോറുകളില്‍ വിലകൂട്ടിയിട്ടില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്ബോഴും ഈ സാധനങ്ങളില്‍ എട്ടിനങ്ങള്‍ ഓണക്കാലത്തുപോലും സപ്ലൈകോ സ്റ്റോറുകളില്‍ കിട്ടാനില്ല. ഓണക്കാലത്ത് വിലകൂടില്ലെന്ന ഉറപ്പോടെ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ 13 സബ്സിഡി സാധനങ്ങളുടെ വിലവിവരപട്ടിക നല്‍കിയത്.

എന്നാല്‍, സബ്സിഡി സാധനങ്ങളായ ചെറുപയര്‍, വൻ പയര്‍, കടല, തുവരപ്പരിപ്പ്, പഞ്ചസാര, മുളക് , മല്ലി, ജയ അരി എന്നിവ പല സ്റ്റോറുകളിലും സ്റ്റോക്ക് തീര്‍ന്നിട്ട് മാസങ്ങളായി. ഇതോടെ പൊതുവിപണിയില്‍നിന്ന് ഉയര്‍ന്ന വിലക്ക് സാധനങ്ങള്‍ വാങ്ങേണ്ട സാഹചര്യത്തിലാണ് സാധാരണക്കാര്‍. തെക്കൻ കേരളത്തില്‍ പ്രിയങ്കരമായ ജയ അരി കിലോക്ക് 25 രൂപ നിരക്കിലാണ് സപ്ലൈകോ വഴി വിതരണം ചെയ്യുന്നത്. എന്നാല്‍, തിരുവനന്തപുരത്ത് ജയക്ക് മൊത്തവിപണിയില്‍ 46 രൂപയാണ് വില. സപ്ലൈകോ സ്റ്റോറുകളില്‍ വറ്റല്‍ മുളക് എത്തിയിട്ട് മാസങ്ങളായി. കുടിശ്ശിക തീര്‍ക്കാതെ സാധനങ്ങള്‍ നല്‍കില്ലെന്ന വിതരണക്കാരുടെയും കമ്ബനികളുടെയും നിലപാടാണ് സര്‍ക്കാറിന് തിരിച്ചടിയായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സബ്സിഡി ഇനത്തിലേക്ക് മാത്രമായി ഭക്ഷ്യോല്‍പന്നങ്ങള്‍ വാങ്ങിയ വകയില്‍ 558 കോടിയാണ് വിതരണക്കാര്‍ക്ക് സപ്ലൈകോ നല്‍കാനുള്ളത്. ബില്‍തുക തീര്‍ത്തുനല്‍കിയത് കഴിഞ്ഞ മാര്‍ച്ചുവരെ മാത്രം. വിവിധ സംസ്ഥാനങ്ങളിലെ 70 വിതരണക്കാര്‍ക്കായി 1193 ബില്ലുകളില്‍ നാലുമാസത്തെ തുകയാണിപ്പോള്‍ കുടിശ്ശിക. വിതരണക്കാര്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ നല്‍കാൻ മടിച്ചുതുടങ്ങിയതോടെ സബ്സിഡി ഉല്‍പന്നങ്ങള്‍ക്കുള്ള ഓര്‍ഡര്‍ സപ്ലൈകോ നിര്‍ത്തിയിരിക്കുകയാണ്. ഓണക്കാലത്തെ വിപണി ഇടപെടലിന് 70 കോടിയാണ് ധനവകുപ്പ് അനുവദിച്ചത്. 70 കോടി അപര്യാപ്തമാണെന്ന് സപ്ലൈകോ അധികൃതര്‍ ധനവകുപ്പിനെ അറിയിച്ചിട്ടുണ്ട്. അതേസമയം വ്യാപക ക്ഷാമമില്ലെന്നും സാധനങ്ങളെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക