കേരളത്തിന്റെ കാര്‍ഷിക ഉല്‍പന്നമായ കള്ളിനെയും നീരയെയും ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ. യഥാര്‍ഥത്തില്‍ കള്ള് ലിക്കര്‍ അല്ലെന്നും അത് നല്ലൊരു പോഷകാഹാര വസ്തുവാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തനതായ കള്ള് ബ്രാൻഡ് ചെയ്യുന്നതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു ഇ.പി ജയരാജൻ.

കള്ള് ലിക്കര്‍ അല്ല. കള്ള് യഥാര്‍ഥത്തില്‍ നല്ലൊരു പോഷകാഹാര വസ്തുവാണ്. അത് രാവിലെ എടുത്ത ഉടൻതന്നെ കഴിക്കുന്നതില്‍ വലിയ കുറ്റംപറയാൻ പറ്റില്ല. അപ്പോഴത് വലിയ ലഹരിയായി മാറുന്നില്ല. പിന്നീടാണത് ലഹരിയായിത്തീരുന്നത്. കള്ളിന്റെയും നീരയുടെയും ഉല്‍പാദനം വര്‍ധിപ്പിച്ചാല്‍ വലിയ തൊഴില്‍സാധ്യത കേരളത്തില്‍ ഉണ്ടാകും. ഇപ്പോള്‍ ആളുകള്‍ കള്ളുഷാപ്പില്‍ പോകുന്നത് ഒളിസങ്കേതത്തില്‍ പോകുന്നതുപോലെയാണ്. കള്ളുഷാപ്പുകള്‍ പ്രാകൃത രീതിയിലാണ്. കള്ളുഷാപ്പുകള്‍ പ്രാകൃത കാലഘട്ടത്തില്‍നിന്ന് മാറി ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതകളോടുകൂടി കൊണ്ടുവരാൻ സാധിക്കും. ലഹരി ഇല്ലാത്ത ഒരു പാനീയമാക്കി ഉപയോഗിച്ചാല്‍ കള്ള് നല്ലതാണ്, ജയരാജൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാളികേരത്തിന്റെ നാട്ടില്‍ നാളികേരത്തെ ഉപയോഗിച്ചുകൊണ്ടുള്ള വ്യവസായങ്ങള്‍ ഉണ്ടാകണം. തടിയും ചകിരിയും ചിരട്ടയും അടക്കമുള്ളവയ ഉപയോഗപ്പെടുത്താൻ സാധിക്കണം. അങ്ങനെ പുതിയ വികസനത്തിന് ഉപയോഗപ്പെടുത്താൻ സാധിക്കും. കൃത്രിമകള്ളിനെ ഒഴിവാക്കി നല്ല ശുദ്ധമായ കള്ള് കേരളത്തിന്റെ ബ്രാൻഡ് ആയി വന്നാല്‍ അത് നല്ല ആശയമായാണ് തോന്നിയിട്ടുള്ളത്. പൊതുവെ എല്ലാ സംഘടനകളും അത് അംഗീകരിക്കുമെന്നാണ് കരുതുന്നത്. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് ചര്‍ച്ചചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ.

റിസോര്‍ട്ടില്‍ ഉള്ള തെങ്ങില്‍നിന്ന് വിനോദസഞ്ചാരത്തിനെത്തുന്ന വിദേശികളുടെ കണ്‍മുന്നില്‍ വെച്ച്‌ തെങ്ങിന്റെ മുകളില്‍ കയറി തെങ്ങില്‍ കയറി കള്ള് എടുത്ത് കൊടുത്താല്‍ അവര്‍ക്കത് പുതിയ അനുഭവമായിരിക്കും. അത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കും എന്നത് യാഥാര്‍ഥ്യമാണ്. വാറ്റുക എന്നുപറഞ്ഞാല്‍ മറ്റൊരു കാര്യമാണ്. എന്നാല്‍, ഇത് നമ്മുടെ കാര്‍ഷിക ഉല്‍പന്നത്തെ ഉപയോഗിക്കലാണ്.

നിയമംകൊണ്ടൊന്നും മദ്യപാനത്തെ ഇല്ലാതാക്കാൻ സാധിക്കില്ല. ബോധവത്കരണമാണ് വേണ്ടത്. ബോധവത്കരണത്തിലൂടെ ലിക്കര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനുള്ള നല്ല പ്രചാരണങ്ങളും സന്ദേശങ്ങളും ഉണ്ടാവണം. അതേസമയം അപകടമല്ലാത്തനിലയില്‍ നമ്മുടെ കാര്‍ഷിക വിഭങ്ങളെ ഉപയോഗിക്കാം. നീരയും കള്ളുമൊക്കെ ഉപയോഗിക്കാവുന്നതാണ്. അത്തരം കാര്യങ്ങളേക്കുറിച്ചാണ് നമ്മള്‍ ചര്‍ച്ചചെയ്യേണ്ടതെന്നും ജയരാജൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക