കള്ളപ്പണക്കേസില്‍ സെന്തില്‍ ബാലാജിക്കു പിന്നാലെ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ ഇ.ഡി. കസ്റ്റഡിയിലെടുത്തു. കള്ളപ്പണക്കേസില്‍ പതിമൂന്ന് മണിക്കൂര്‍ നീണ്ട റെയ്ഡിന് പിന്നാലെയാണ് മന്ത്രിയെ ഇഡി കസ്റ്റഡിയിലെടുത്തത്. മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട് . ഇന്നലെ രാവിലെ ഏഴ് മണിക്കാണ് കെ പൊന്മുടിയുടെ ചെന്നൈയിലെ വീട്ടിലടക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന ആരംഭിച്ചത്.

മന്ത്രിയുടെ ചെന്നൈയിലെ വീട്ടിലടക്കം അഞ്ചിടങ്ങളിലായിരുന്നു പരിശോധന. പൊന്മുടിയുടെ മകൻ ഗൗതം സിങ്കമണിയുടെയും വസതിയിലും ഇഡി പരിശോധന നടത്തി. അറസ്റ്റിനെ തുടര്‍ന്ന് പൊന്മുടിയെ ഇഡി ഓഫിസിലേക്ക് മാറ്റി. അതേസമയം, കണക്കില്‍പ്പെടാത്ത 70 ലക്ഷം രൂപയും പത്തുലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസിയും ഉള്‍പ്പെടെ മന്ത്രിയുടെ വീട്ടില്‍നിന്നു പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന നടത്തിയത്. മന്ത്രിയുടെ മകൻ നടപടിക്രമങ്ങള്‍ പാലിക്കാതെ വിദേശത്തുനിന്ന് പണം ഉള്‍പ്പെടെ സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. അഴിമതി കേസുമായി ബന്ധപ്പെട്ട് പൊന്മുടിക്കെതിരെയുള്ള നടപടി ക്രമങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. 2006 ല്‍ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കള്‍ക്കും അനധികൃതമായി ക്വാറി ലൈസൻസ് നല്‍കി ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നടപടി സ്വീകരിക്കുകയായിരുന്നു.

ഇഡി സംഘം ,സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും പൊന്മുടിക്ക് പങ്കാളിത്തമുള്ള എഞ്ചിനിയറിങ് കോളേജിലും പരിശോധന നടത്തുകയായിരുന്നു. വിദേശത്തെ കള്ളപ്പണ നിക്ഷേപത്തില്‍ ഇഡി അന്വേഷണം നേരിടുന്ന മകനും ലോകസ്ഭാ എംപിയുമായ ഗൗതം ശിഖാമണിയുടെ വീടുകളിലും റെയ്ഡുണ്ടായി. പ്രതിപക്ഷ യോഗത്തിനായി മുഖ്യമന്ത്രി സ്റ്റാലിൻ ബെംഗളൂരുവിലേക്ക് പോകുന്നതിന് തൊട്ടുമുൻപാണ്, തമിഴ്‌നാട് മന്ത്രിക്കെതിരെ ഇഡി പരിശോധന നടന്നത്. ഡിഎംകെയ്ക്കായി ഗവര്‍ണര്‍ തുടങ്ങി വച്ച തെരഞ്ഞെടുപ്പ് പ്രചാരണം ഇഡിയും ഏറ്റെടുത്തതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ എളുപ്പമായെന്നായിരുന്നു റെയ്ഡിനെ കുറിച്ച്‌ മുഖ്യമന്ത്രി സ്റ്റാലിന്റെ പരിഹാസം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക