ചെര്‍പ്പുളശ്ശേരിയില്‍ തൂത ഭഗവതിക്ഷേത്രത്തില്‍ നടന്ന ബാലവിവാഹത്തില്‍ വരനുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 32കാരൻ വിവാഹം കഴിച്ച സംഭവത്തിലാണ് ചെര്‍പ്പുളശ്ശേരി പൊലീസ് കേസെടുത്തത്. ബാലവിവാഹ നിരോധന നിയമം ചുമത്തി വരൻ തൂത തെക്കുംമുറി കുളത്തുള്ളി വീട്ടില്‍ മണികണ്ഠൻ, പെണ്‍കുട്ടിയുടെ അച്ഛൻ, അമ്മ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും അന്വേഷണം നടത്തും.

മുപ്പത്തിരണ്ടുകാരൻ പതിനേഴുകാരിയെ വിവാഹം കഴിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ കുടുംബത്തിൻറെ സാമ്ബത്തിക പരാധീനത മുതലെടുത്തായിരുന്നു വിവാഹമെന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കുമെതിരെ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂണ്‍ 29നാണ് ചെര്‍പ്പുളശേരി സ്വദേശിയായ 17കാരിയുടെ വിവാഹം നടന്നത്. ബന്ധുക്കള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹം നടന്നെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ വധൂവരൻമാരും മാതാപിതാക്കളും ഒളിവിലാണ്. വധുവിൻറെ പ്രായത്തെ കുറിച്ച്‌ അറിയില്ലായിരുന്നുവെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ മൊഴി. തുടരന്വേഷണത്തില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക