അവയവ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉയരുന്നു. മസ്തിഷ്ക മരണം സംഭവിക്കുന്നതിന് മുമ്ബേ രോഗിയുടെ അവയവമെടുക്കാൻ ആസ്റ്റര്‍ മെഡിസിറ്റി അധൃകൃതര്‍ നീക്കം നടത്തിയെന്നാണ് ആരോപണം. ഇതോടെ ലേക് ഷോര്‍ ആശുപത്രിക്ക് പിന്നാലെ അവയവ തട്ടിപ്പില്‍ പ്രതിക്കൂട്ടിലാവുകയാണ് ആസ്റ്ററും.

ഇതുമായി ബന്ധപ്പെട്ട് എറണാകുളം മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച 2021ലെ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. 2019ല്‍ ചേരാനല്ലൂര്‍ സ്വദേശിയായ അജയ് ജോണി എന്ന യുവാവിന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് മുമ്ബ് തന്നെ അദ്ദേഹത്തിന്റെ കരള്‍ ദാനം ചെയ്യാനുള്ള ഗൂഢാലോചന നടത്തിയെന്നാണ് പരാതി. എന്നാല്‍ അജയ് ജോണിയുടെ കരള്‍ സ്വീകരിക്കാൻ എത്തിയ അഭിഭാഷകൻ സുരേഷ് കുമാറിന് പിന്നീട് മസ്തിഷ്ക മരണം സംഭവിച്ചതും സംഭവത്തില്‍ ദുരൂഹതയുണ്ടാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏകദേശം 22 ലക്ഷം രൂപയായിരുന്നു കരള്‍ മാറ്റ ശസ്ത്രക്രിയയ്‌ക്കായി അഭിഭാഷകന്റെ കുടുംബം ആസ്റ്റര്‍ മെഡിസിറ്റിക്ക് നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് അജയ് ജോണിയുടെ കരള്‍ സ്വീകരിക്കാനാകാതെ അഭിഭാഷകൻ മരിച്ചത്. അജയ് ജോണിയുടെയും അഭിഭാഷകന്റെയും മസ്തിഷ്ക മരണം സ്ഥിരീകരിച്ചത് യോഗ്യതകളില്ലാത്ത ഡോക്ടര്‍മാരടങ്ങുന്ന സംഘമാണെന്നും പരാതിയിലുണ്ട്.

അജയ് ജോണിക്ക് മസ്തിഷ്ക മരണം സംഭവിക്കുന്നതിന് 12 മണിക്കൂര്‍ മുമ്ബ് തന്നെ ലിവര്‍ സിറോസിസ് ബാധിതനായി വീട്ടില്‍ കഴിയുന്ന അഭിഭാഷകനുമായി ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ട സാമ്ബത്തിക ഇടപാടുകളും ആരംഭിച്ചു. അടിയന്തിര ശസ്ത്രക്രിയ ആവശ്യമില്ലാതിരുന്നിട്ടും അഭിഭാഷകനെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിന് ശേഷമാണ് അജയ് ജോണിയെന്ന യുവാവിന് മസ്തിഷ്ക മരണം സംഭവിക്കുന്നത് എന്നുള്ളതാണ് അവയവ ദാനത്തില്‍ ആശുപത്രി അധികൃതര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ശക്തമാകാൻ കാരണം.

പിന്നീട് അജയിയുടെ കരള്‍ സ്വീകരിക്കാൻ തയ്യാറെടുത്ത അഭിഭാഷകന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അഭിഭാഷകന് മരണം സ്ഥിരീകരിക്കുന്നതിന് 16 മണിക്കൂര്‍ മുമ്ബ് തന്നെ ബ്രയിൻ-ഡെത്ത് സംഭവിച്ചുവെന്ന് അഭിഭാഷകന്റെ കുടുംബത്തെ അറിയിക്കുകയും അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് ആശുപത്രി ആവശ്യപ്പെടുകയുമാണുണ്ടായത്. കരള്‍ മാറ്റി വയ്‌ക്കല്‍ ശസ്ത്രക്രിയക്കായി 22 ലക്ഷം രൂപ ചെലവാക്കിയ അഭിഭാഷകന്റെ കുടുംബത്തിന് 7 ലക്ഷം രൂപ മടക്കി നല്‍കി സംഭവം ഒതുക്കി തീര്‍ക്കാനും ആശുപത്രി അധികൃതര്‍ ശ്രമിച്ചുവെന്ന് ആരോപണമുണ്ട്. അതേസമയം അഭിഭാഷകന് കരള്‍ സ്വീകരിക്കാൻ സാധിക്കാതെ വന്നതിനാല്‍ മൂന്നാമതൊരു വ്യക്തിയായിരുന്നു അജയ് ജോണിയുടെ കരള്‍ സ്വീകരിച്ചത്.

മസ്തിഷ്ക മരണം സ്ഥിരീകരിക്കേണ്ടത് വിദഗ്ധ സമിതിയാണെന്ന ചട്ടം നിലനില്‍ക്കെ മതിയായ യോഗ്യതകളില്ലാത്ത ഡോക്ടര്‍മാരാണ് രണ്ട് രോഗികളുടെയും മസ്തിഷ്ക മരണം സ്ഥിരീകരിച്ചതെന്നാണ് ഗുരുതര ആരോപണം. ആസ്റ്റര്‍ മെഡിസിറ്റിക്കും പ്രതികളായ 13 ഡോക്ടര്‍മാര്‍ക്കുമെതിരെ അന്വേഷണം വേണമെന്ന ആവശ്യമായിരുന്നു സംഭവത്തില്‍ കീഴ്‌ക്കോടതി ഉത്തരവിട്ടത്. പരാതിക്കാരന്റെ ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്ബുണ്ടെന്നായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ നീരീക്ഷണം. കേസില്‍ കീഴ്‌ക്കോടതി ഉത്തരവിനെതിരെ ആസ്റ്റര്‍ മെഡിസിറ്റി നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക