ഹൈദരാബാദ്: ‘കബാലി’ സിനിമയുടെ തെലുഗു നിര്‍മാതാവിനെ ലഹരി കേസില്‍ അറസ്റ്റ് ചെയ്‌ത് പൊലീസ്. നിര്‍മാതാവ് കൃഷ്‌ണ പ്രസാദ് ചൗധരിയെയാണ് മയക്കുമരുന്ന് വില്‍പന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. ബുധനാഴ്‌ച രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളെ അറസ്റ്റ് ചെയ്‌തതായി സൈബരാബാദ് പൊലീസ് അറിയിച്ചു.

കൊക്കെയ്ൻ വില്‍ക്കുന്നതിനിടെയാണ് പ്രതി പിടിയിലായതെന്നാണ് സൂചന. കൃഷ്‌ണ പ്രസാദ് ചൗധരിയില്‍ നിന്ന് 82.75 ഗ്രാം കൊക്കെയ്ൻ, ഒരു കാര്‍, 2.05 ലക്ഷം രൂപ, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തതായാണ് വിവരം. ഖമ്മം ജില്ലയിലെ ബോണക്കല്‍ സ്വദേശിയാണ് കൃഷ്‌ണ പ്രസാദ് ചൗധരി. ബി.ടെക് പഠിച്ച ഇയാള്‍ പല മേഖലകളിലും ജോലി ചെയ്‌തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2016 ലാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്. രജനികാന്ത് നായകനായ ‘കബാലി’ എന്ന ചിത്രത്തിന്‍റെ തെലുഗു പതിപ്പിന്‍റെ നിര്‍മാതാവായിരുന്ന കൃഷ്‌ണ പ്രസാദ് ചൗധരി നിരവധി തെലുഗു, തമിഴ് സിനിമകളുടെ വിതരണക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍ദാര്‍ ഗബ്ബര്‍സിങ്, സീതമ്മ വക്കിട്ടോ സിരിമല്ലേച്ചെട്ട്, അര്‍ജുൻ സുരവാരം തുടങ്ങിയ ചിത്രങ്ങളുടെ വിതരണക്കാരനായാണ് ഇയാള്‍ പ്രവര്‍ത്തിച്ചത്.

അതേസമയം സിനിമയില്‍ പ്രതീക്ഷിച്ചത്ര ലാഭം ലഭിക്കാത്തതിനെ തുടര്‍ന്നാണ് കൃഷ്‌ണ പ്രസാദ് ചൗധരി മയക്കുമരുന്ന് വിതരണത്തിലേക്ക് ഇറങ്ങിയതെന്നാണ് വിവരം. ഗോവയില്‍ ഒഎച്ച്‌എം പബ് ഉള്ള ഇയാള്‍ ഹൈദരാബാദില്‍ നിന്ന് ഗോവയിലേക്ക് വരുന്ന സുഹൃത്തുക്കള്‍ക്കും സെലിബ്രിറ്റികള്‍ക്കും മയക്കുമരുന്ന് എത്തിച്ച്‌ നല്‍കിയിരുന്നതായി പൊലീസ് പറയുന്നു. ബിസിനസില്‍ നഷ്‌ടം നേരിട്ടതോടെ ഈ വര്‍ഷം ഏപ്രിലില്‍ ഇയാള്‍ ഹൈദരാബാദില്‍ തിരിച്ചെത്തി.

ഗോവയില്‍ നിന്ന് വരുന്നതിന് മുമ്ബ് നൈജീരിയ സ്വദേശി പെറ്റിറ്റ് യെസുബാര്‍ എന്ന ആളില്‍ നിന്നും 100 പാക്കറ്റ് കൊക്കെയ്‌നും കൃഷ്‌ണ പ്രസാദ് ചൗധരി കൊണ്ടുവന്നു. അവയില്‍ ചിലത് ഉപയോഗിച്ച ഇയാള്‍ ബാക്കിയുള്ളവ കിസ്‌മത്പൂര്‍ ക്രോസ് റോഡില്‍ വില്‍പന നടത്താനുള്ള ശ്രമത്തിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക