സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം ട്രാവല്‍ ബാഗിനുള്ളില്‍ കടല്‍ത്തീരത്ത് കണ്ടെത്തി. മുംബൈയ്ക്ക് സമീപമുള്ള കടല്‍ത്തീരത്ത് വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. താനെ ജില്ലയിലെ ഭയന്ദര്‍ വെസ്റ്റില്‍ പാലി ബീച്ചില്‍ ഇന്നു രാവിലെ 8 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. 25നും 30നും ഇടയില്‍ പ്രായമുള്ള സ്ത്രീയുടേതാണ് മൃതദേഹം. മൃതദേഹം രണ്ടായി മുറിച്ച നിലയിലായിരുന്നു. കൈകളില്‍ ത്രിശൂലത്തിന്റെ ടാറ്റു ഉണ്ട്. ഹിന്ദിയില്‍ ‘ഓം’ എന്നും എഴുതിയിരുന്നു. യുവതിയെ തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചതായി ഇന്‍സ്പെക്ടര്‍ ശൌരാജ് റനാവരെ അറിയിച്ചു.
ഉത്തൻ സാഗ്രി പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു അയച്ചു. മൃതദേഹമടങ്ങിയ ബാഗ് കടലിലൂടെ ഒഴുകിവന്നതാണോ അതോ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് ആരെങ്കിലും വലിച്ചറിഞ്ഞതാണോ എന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.