പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിക്കാത്ത മലയാള സിനിമയിലെ താരങ്ങള്‍ക്കെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാലിദ്വീപ് സര്‍ക്കാര്‍ ലക്ഷദ്വീപിനും ഇന്ത്യയ്ക്കുമെതിരെ നടത്തിയ അധിക്ഷേപങ്ങളില്‍ താരങ്ങളും സാംസ്‌കാരിക നായകന്മാരും മൗനം പാലിക്കുകയാണ് എന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേല്‍ ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ഉറഞ്ഞ് തുള്ളിയവരാണ് ഇവരെന്നും ഇവറ്റകള്‍ക്കെല്ലാം ചൈനയുടെ മാസപ്പടി കിട്ടുന്നില്ലെന്നാര്‍ക്കറിയാം, നാണം കെട്ട ജാതികള്‍ എന്നുമൊക്കെയാണ് സുരേന്ദ്രന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റില്‍ ആയിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്താനാണ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത് എന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, സലീം കുമാര്‍, ഷെയ്ന്‍ നിഗം, ബാദുഷ, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, അന്‍സിബ, ഷഹബാസ് അമന്‍, ഷാന്‍ റഹ്‌മാന്‍, സക്കരിയ, ഐഷ സുല്‍ത്താന, ഷിയാസ്, അനീഷ് മേനോന്‍ തുടങ്ങിയവരുടെ ചിത്രം പങ്ക് വെച്ച്‌ കൊണ്ടാണ് സുരേന്ദ്രന്റെ പ്രതികരണം. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ.

ലക്ഷദ്വീപിലെ ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ അവിടുത്തെ അഡ്മിനിസ്റ്റ്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ ചില പരിഷ്കാരങ്ങൾ…

Posted by K Surendran on Monday, 8 January 2024

‘ലക്ഷദ്വീപിലെ ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്താന്‍ അവിടുത്തെ അഡ്മിനിസ്‌റ്റ്രേറ്റര്‍ ശ്രീ പ്രഫുല്‍ പട്ടേല്‍ ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ഉറഞ്ഞുതുള്ളിയ താരങ്ങളും സാംസ്‌കാരിക നായകന്മാരും മാലിദ്വീപ് സര്‍ക്കാര്‍ ലക്ഷദ്വീപിനും ഇന്ത്യയ്ക്കുമെതിരെ അധിക്ഷേപങ്ങളുമായി ഇറങ്ങിത്തിരിച്ചപ്പോള്‍ ഒരക്ഷരം മിണ്ടുന്നില്ല. ഇവറ്റകള്‍ക്കെല്ലാം ചൈനയുടെ മാസപ്പടി കിട്ടുന്നില്ലെന്നാര്‍ക്കറിയാം. നാണം കെട്ട ജാതികള്‍,’

ലക്ഷദ്വീപില്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ നരേന്ദ്ര മോദി പങ്കുവച്ച ചിത്രങ്ങള്‍ക്ക് എതിരെയാണ് മാലദ്വീപിലെ ഡെപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. നരേന്ദ്ര മോദി കോമാളിയാണെന്നും ഇസ്രയേലിന്റെ കൈയിലെ പാവയാണെന്നും ആയിരുന്നു മറിയം ഷിയുന അഭിപ്രായപ്പെട്ടിരുന്നത്. സംഭവം വിവാദമായതോടെ മറിയം പിന്നീട് പരാമര്‍ശം പിന്‍വലിച്ചു.

അതേസമയം സംഭവത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. മാലിദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബിനെ കേന്ദ്ര വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം രേഖപ്പെടുത്തി. പിന്നാലെ വിവാദ പരാമര്‍ശം നടത്തിയ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് പ്രസിഡന്റ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും സര്‍ക്കാര്‍ നയമല്ലെന്നും മാലിദ്വീപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക