നഴ്‌സിംഗ്, പാരാമെഡിക്കല്‍ പഠനത്തിന് കേരളത്തില്‍ ആവശ്യത്തിന് സീറ്റില്ലാത്തത് മുതലെടുത്ത് അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നു. അരുണാചല്‍പ്രദേശ്, രാജസ്ഥാന്‍,ഗുജറാത്ത്,ചണ്ഡിഗഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളുടെ പേരിലാണ് തട്ടിപ്പ്.ആശുപത്രികളുടെ പശ്ചാത്തലത്തില്‍ മാത്രം സാദ്ധ്യമാകുന്ന മെഡിക്കല്‍ പഠനം ഒരു ക്ലാസ് മുറിയില്‍ ഒതുക്കും. ഈ സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി നേരിട്ടെത്തി പഠനം പൂര്‍ത്തിയാക്കിയതായി സര്‍ട്ടിഫിക്കറ്റും നല്‍കും. രണ്ട് മുതല്‍ എഴ് ലക്ഷം രൂപ വരെയാണ് ഫീസ്. ജോലി തേടുമ്ബോഴാണ് സര്‍ക്കാര്‍, സ്വകാര്യമേഖകളില്‍ ഈ സര്‍ട്ടിഫിക്കറ്റിന് അംഗീകാരമില്ലെന്ന് കുട്ടികളും രക്ഷിതാക്കളും അറിയുന്നത്.

ഇത്തരം യൂണിവേഴ്‌സിറ്റികളുടെ കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ എല്ലാ ജില്ലകളിലും പെട്ടിക്കടകള്‍ പോലെ സ്ഥാപനങ്ങള്‍ തുറന്നിട്ടുണ്ട്. ക്ലിനിക്കല്‍ പരിശീലനമോ രോഗീ പരിചരണമോ ഇല്ലാതെയാണ് നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിപ്പിച്ച്‌ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 100 രൂപ മുദ്രപ്പത്രത്തില്‍ കരാര്‍ വച്ച്‌ വിദ്യാര്‍ത്ഥിയുടെയും രക്ഷിതാവിന്റെയും ഒപ്പ് വാങ്ങിയാണ് പ്രവേശനം നല്‍കുന്നത്. ഈ തട്ടിപ്പ് കേന്ദ്രങ്ങള്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആവശ്യത്തിന് നഴ്‌സിംഗ്, പരാമെഡിക്കല്‍ സീറ്റില്ലാത്തതിനാല്‍ വര്‍ഷം 1.5 ലക്ഷം കുട്ടികളാണ് അയല്‍ സംസ്ഥാനങ്ങളില്‍ പോകുന്നത്. ബി.എസ് സി നഴ്‌സിംഗിന് മാത്രം 75,000 മുതല്‍ 95,000 കുട്ടികള്‍ വരെ പോകുന്നുണ്ട്. ബി.എസ്‌സി ഫിസിയോതെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, മെഡിക്കല്‍ ലാബ് ടെക്നോളജി, ഒപ്റ്റോമെട്രി തുടങ്ങിയ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കായി 55,000 പേര്‍വരെ സംസ്ഥാനം വിടുന്നു.

ഇതിന് പുറമേയാണ് വ്യാജ യൂണിവേഴ്‌സിറ്റികളുടെ വലയില്‍ വീഴുന്നവര്‍.കഴിഞ്ഞ വര്‍ഷം ബി.എസ്‌സി നഴ്‌സിംഗിന് ആകെയുള്ള 7600 സീറ്റിലേക്ക് 97,000 അപേക്ഷകളാണ് ലഭിച്ചത്. സംവരണ സീറ്റുകള്‍ കഴിഞ്ഞാല്‍ 3500 സീറ്റാണ് മെരിറ്റില്‍ ലഭിക്കുക. പരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് എല്‍.ബി.എസ് നടത്തുന്ന എന്‍ട്രസിനും സീറ്റിന്റെ പത്ത് മടങ്ങിലധികം അപേക്ഷകളാണ് എത്തുന്നത്. സീറ്റുകള്‍ കൂട്ടി പുതിയ കോളജുകള്‍ ആരംഭിക്കുകയാണ് പോംവഴിയെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ സംസ്ഥാനത്ത് നഴ്സിംഗ് പാര മെഡിക്കൽ സീറ്റുകൾ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തലത്തിൽ യാതൊരു നീക്കവും നടത്തുന്നില്ല. പരമ്പരാഗത കോളേജുകൾ വിദ്യാർത്ഥികളെ കിട്ടാതെ വലയുമ്പോൾ പ്രധാന ആശുപത്രികളുലുമായി കരാറിൽ ഏർപ്പെട്ട് ഇത്തരം സ്ഥാപനങ്ങളിൽ നേഴ്സിങ് പഠന കേന്ദ്രങ്ങളും പാരാമെഡിക്കൽ പഠനകേന്ദ്രങ്ങളും ആരംഭിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാരിന് ചെയ്യാവുന്നതേയുള്ളൂ. കർണാടക പോലുള്ള മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം നീക്കങ്ങൾ നടത്തിയാണ് സീറ്റുകൾ വർധിപ്പിക്കുന്നത്.

സംസ്ഥാനത്ത് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ എയ്ഡഡ് മേഖലയിൽ ഉൾപ്പെടെ ആയിരക്കണക്കിന് സീറ്റാണ് ഒഴിഞ്ഞു കിടക്കുന്നത്. ഈ സ്ഥലസൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നഴ്സിംഗ് പഠന കേന്ദ്രങ്ങൾ ആരംഭിച്ചാൽ സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് അത് വലിയ രീതിയിൽ ഗുണപ്രദമാകും. പ്രതിസന്ധിയിൽ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ആശ്വാസമാകും. എന്നാൽ ഇത്തരം നീക്കങ്ങൾ ഒന്നും സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിന് പിന്നിൽ അന്യസംസ്ഥാന അഡ്മിഷൻ ലോബികളുടെയും കോളേജ് ലോബികളുടെയും സ്വാധീനവും പണവുമാണെന്നും ന്യായമായും സംശയിക്കപ്പെടുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക