ഗതാഗത നിയമലംഘനങ്ങളില്‍ എഐ ക്യാമറ വഴി പിഴ ഈടാക്കുന്നതിനുളള സമയപരിധി നീട്ടി. അടുത്ത മാസം അഞ്ച് മുതല്‍ പിഴ ഈടാക്കാന്‍ തീരുമാനമായി. മുന്നറിയിപ്പ് നോട്ടീസ് നല്‍കുന്നതിനുളള കാലാവധിയും ഒരു മാസത്തേക്ക് നീട്ടി. അതേസമയം ഇരു ചക്രവാഹനങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെ കൊണ്ടുപോകുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് പിഴ ഈടാക്കുന്നത് സംബന്ധിച്ച്‌ തീരുമാനമുണ്ടായത്.

മെയ് ഇരുപതാം തീയതി മുതല്‍ പിഴ ഈടാക്കി തുടങ്ങും എന്നായിരുന്നു നേരത്തെ ഗതാഗത വകുപ്പ് നല്‍കിയിരുന്ന നിര്‍ദ്ദേശം. കഴിഞ്ഞമാസം 19 മുതല്‍ പദ്ധതി നടപ്പിലാക്കി ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും പ്രതിഷേധങ്ങള്‍ കാരണം ഒരുമാസത്തേക്ക് ബോധവല്‍ക്കരണത്തിനായി മാറ്റുകയായിരുന്നു. ഈ കാലയളവില്‍ ഗതാഗത നിയമലംഘനങ്ങളില്‍ നോട്ടീസ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകുന്നതിന് ഇളവ് തേടി കേന്ദ്രത്തെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് പരിമിത അധികാരം മാത്രമാണുള്ളതെന്ന് യോഗം വിലയിരുത്തി. ഇളവ് നല്‍കാന്‍ കേന്ദ്രത്തിന് മാത്രമേ കഴിയുകയുള്ളൂ.

രണ്ടുപേര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ മാത്രമാണ് ഇരുചക്രവാഹനങ്ങള്‍ക്കുള്ളത്. കൂടുതല്‍ പേരെ കൊണ്ടുപോയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടമാകും. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് മാത്രമായി ഇളവ് പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഈ വിഷയത്തില്‍ വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക