ബാംഗളൂർ: മറുനാടൻ മലയാളിക്കെതിരെ ചാണ്ടി ഉമ്മൻ ക്രിമിനൽ മാനനഷ്ടത്തിന് നോട്ടീസ് അയച്ച് ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടിയെ കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് മാനനഷ്ട കേസിന് നോട്ടീസ് അയച്ചത്. മറുനാടൻ മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ് വാർത്ത പ്രകാരം ഉമ്മൻ ചാണ്ടി തന്നോട് ചെവിയിൽ ഐ ലവ്‌ യു എന്നു പറഞ്ഞ രാഹുൽ ഗാന്ധിക്ക് നന്ദി പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പാതിവഴിയിൽ കുരുങ്ങി അദ്ദേഹത്തിന് അതിന് സാധിച്ചില്ല എന്നും രാഹുലിന്റെ കൈ പിടിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ ആഗ്രഹവും നടന്നില്ല എന്നുമാണ്. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില അതീവ ഗുരുതരം എന്ന സൂചന മറുനാടൻ മലയാളിയോട് കോൺഗ്രസ് നേതാക്കൾ പങ്കുവെച്ചു എന്നാണ് വാർത്തയിൽ പറയുന്നത്.

കാണാനെത്തിയ കേരളത്തിലെ നേതാക്കൾ അതീവ ദുഃഖിതരായാണ് ആശുപത്രിയിൽ നിന്നും മടങ്ങിയത് എന്നും ഉമ്മൻചാണ്ടിയുടെ ശരീരഭാരം മൂന്നിൽ ഒന്നായി കുറഞ്ഞു എന്നും ക്യാൻസറിനെ അതിജീവിക്കാൻ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല എന്നത് ആശങ്കയാണ് എന്നും, കേരളത്തിൽ നിന്നും ചികിത്സ മാറ്റിയതാണ് എല്ലാ പ്രശ്നത്തിനും കാരണമെന്നും കേരളത്തിൽ തുടർ ചികിത്സ നടത്തിയാൽ ഉമ്മൻചാണ്ടി ആരോഗ്യം വീണ്ടെടുക്കും എന്നും ആണ് ഇവരുടെ പ്രതീക്ഷയെന്നും വാർത്തയായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ തീർത്തും അടിസ്ഥാനരഹിതമായ കാര്യങ്ങൾ ആണ് വാർത്തയിലൂടെ പ്രചരിപ്പിച്ചത് എന്നാണ് ചാണ്ടി ഉമ്മനോട് അടുത്ത വൃത്തങ്ങൾ ആരോപിക്കുന്നത്. അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ചു എന്ന് കാട്ടി ക്രിമിനൽ മാനനഷ്ട കേസിനാണ് ചാണ്ടി ഉമ്മൻ നോട്ടീസ് അയച്ചത്. കുടുംബത്തിലെ ഒരു വിഭാഗം ആളുകൾ തന്നെ ചാണ്ടി ഉമ്മനെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളാണ് ഇതെന്ന അഭ്യൂഹങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ നേരത്തെ തന്നെയുണ്ട്. ഉമ്മൻചാണ്ടിയുടെ പിന്തുടർച്ചാവകാശം ആഗ്രഹിക്കുന്ന അടുത്ത ബന്ധുക്കൾ തന്നെയാണ് ഇതിന് പിന്നിൽ എന്നും പറയപ്പെടുന്നു.

കേസിന് ആധാരമായ മറുനാടൻ മലയാളി വാർത്തയും വീഡിയോയും ചുവടെ.

മറുനാടൻ പ്രസിദ്ധീകരിച്ച വാർത്ത (കടപ്പാട് – മറുനാടൻ മലയാളി)

രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഉമ്മന്‍ ചാണ്ടിയെ കാണാനെത്തിയ കേരളത്തിലെ നേതാക്കള്‍ അതീവ ദുഃഖിതരായാണ് ആശുപത്രിയില്‍ നിന്നും മടങ്ങിയത്. ന്യുമോണിയാ ബാധയെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയെ രണ്ടു ദിവസം മുമ്ബ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിന് ശേഷം ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആശങ്ക മാറുന്നില്ലെന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവയ്ക്കുന്ന സൂചന. ശരീരഭാരം മൂന്നിലൊന്നായി കുറഞ്ഞു. ക്യാന്‍സറിനെ അതിജീവിക്കാന്‍ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നതാണ് ആശങ്ക. കേരളത്തില്‍ നിന്നും ചികില്‍സ മാറ്റിയതാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിക്കുന്നു. കേരളത്തില്‍ തുടര്‍ ചികില്‍സ നടത്തിയാല്‍ ഉമ്മന്‍ ചാണ്ടി വീണ്ടും ആരോഗ്യം വീണ്ടെടുക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

കേരളത്തില്‍ ചികില്‍സ നടക്കുമ്ബോള്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക മെഡിക്കല്‍ സംഘം എല്ലാം വിലയിരുത്തി. ബംഗ്ലൂരുവിലേക്ക് പോയതോടെ ഈ മെഡിക്കല്‍ സംഘത്തിന്റെ ഇടപെടല്‍ ഇല്ലാതെയായി. അതുകൊണ്ട് തന്നെ അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില വിലയിരുത്തണമെന്നാണ് ആവശ്യം. ബംഗ്ലൂരുവിലേക്ക് പ്രത്യേക സംഘത്തെ തന്നെ അടിയന്തരമായി നിയോഗിക്കേണ്ടതുണ്ട്. മുന്‍ മുഖ്യമന്ത്രിയുടെ ചികില്‍സയുടെ എല്ലാ ഘട്ടവും സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാക്കണമെന്നാണ് കോണ്‍ഗ്രസിലെ പ്രധാന നേതാക്കളുടെ എല്ലാം ആഗ്രഹം. വിവാദങ്ങളുണ്ടാക്കാതെ ഉമ്മന്‍ ചാണ്ടിയെ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടു വരാനാണ് ഏവരുടേയും ശ്രമം.

കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും ആശങ്ക തിരിച്ചറിഞ്ഞ് ഉമ്മന്‍ ചാണ്ടിക്ക് ചികില്‍സ ഉറപ്പാക്കാന്‍ വീണ്ടും രാഹുല്‍ ഗാന്ധി നേരിട്ടു ഇടപെടല്‍ നടത്തുകയായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ബംഗ്ലൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി ഉറപ്പു വരുത്തുന്നത് തുടര്‍ ചികില്‍സയാണ്. ഉമ്മന്‍ ചാണ്ടിയുടെ യഥാര്‍ത്ഥ രോഗാവസ്ഥയെ കുറിച്ച്‌ ആര്‍ക്കും അറിയില്ലായിരുന്നു. പല പ്രമുഖ നേതാക്കള്‍ ബംഗ്ലൂരുവില്‍ എത്തിയെങ്കിലും ആര്‍ക്കും ഉമ്മന്‍ ചാണ്ടിയുടെ അടുത്ത് പോലും എത്താനായില്ല. ഈ സാഹചര്യത്തിലാണ് രാഹുല്‍ നേരിട്ടെത്തിയത്.കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ബെന്നി ബെഹനാന്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഉമ്മന്‍ ചാണ്ടിയോട് രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് മറുപടി പറയാനായില്ല. മക്കളോടും ഭാര്യയോടും അദ്ദേഹം ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നിലവില്‍ പുരോഗതിയുണ്ടെന്നും ഐസിയുവില്‍ നിന്നും മാറ്റിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോക്ടര്‍മാരുമായും രാഹുല്‍ സംസാരിച്ചു. ആരോഗ്യ കാര്യങ്ങള്‍ അപ്പോഴപ്പോള്‍ പാര്‍ട്ടിയെ അറിയിക്കണമെന്ന് രാഹുല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചികില്‍സയുടെ മേല്‍നോട്ട ഉത്തരവാദിത്തം കെസി വേണുഗോപാലിനേയും എല്‍പ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ പല കോണ്‍ഗ്രസ് നേതാക്കളും ഉമ്മന്‍ ചാണ്ടിയെ കാണാന്‍ ബംഗ്ലൂരുവില്‍ എത്തിയിരുന്നു. ഇവര്‍ക്കൊന്നും പല കാരണങ്ങളാല്‍ ഉമ്മന്‍ ചാണ്ടിയുടെ അടുത്ത് എത്താനായില്ല. ഉമ്മന്‍ ചാണ്ടി കൈവീശി കാണിച്ചെന്ന കൊടിക്കുന്നില്‍ സുരേഷിന്റെ ഫെയ്സ് ബുക്ക് പോസ്റ്റും ചര്‍ച്ചയായി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബമാണ് ചികില്‍സയില്‍ എല്ലാം ചെയ്തിരുന്നത്. ഈ സാഹചര്യത്തിലാണ് യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കാന്‍ രാഹുല്‍ നേരിട്ട് എത്തിയത്.

നേരത്തേയും ബംഗ്ലൂരുവില്‍ ഉമ്മന്‍ ചാണ്ടിയെ ചികില്‍സിക്കുന്ന ഡോക്ടറുമായി രാഹുല്‍ ഫോണില്‍ സംസാരിച്ചിരുന്നു. ബംഗ്ലൂരുവില്‍ ഉമ്മന്‍ ചാണ്ടി എത്തിയതിന് പിന്നാലെയായിരുന്നു അത്. അതിന് ശേഷം ഉമ്മന്‍ ചാണ്ടി ആരോഗ്യം വീണ്ടെടുത്തുവെന്നായിരുന്നു പൊതു ധാരണ. ഇതാണ് ഇപ്പോള്‍ തെറ്റുന്നതും.ബംഗ്ലൂരുവില്‍ തുടര്‍ന്ന ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പല പ്രമുഖരും കേരളത്തില്‍ നിന്നും എത്തിയിരുന്നു. പക്ഷേ അവരില്‍ ബഹുഭൂരിഭാഗത്തിനും ഉമ്മന്‍ ചാണ്ടിയുടെ അടുത്തേക്ക് എത്താന്‍ കഴഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ ആരോഗ്യാവസ്ഥ ആര്‍ക്കും മനസ്സിലാക്കാനും കഴിഞ്ഞില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക