മന്ത്രിയായതോടെ ഔദ്യോഗിക വാഹനത്തില്‍ യാത്ര പിന്‍സീറ്റിലേക്ക് മാറ്റിയെങ്കിലും ഒന്നാന്തരം ഡ്രൈവറാണ് സജി ചെറിയാന്‍. ഫിഷറീസ് സാംസ്ക്കാരിക യുവജനക്ഷേമവകുപ്പ് മന്ത്രിയായ സജി ചെറിയാന്‍ കഴിഞ്ഞ ദിവസം വീണ്ടുമൊരിക്കല്‍ക്കൂടി വളയം പിടിച്ചു. ഇത്തവണ ഒരു രക്ഷകന്‍റെ റോളായിരുന്നു അദ്ദേഹത്തിന്.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന തീരസദസ് പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്നു മന്ത്രി സജി ചെറിയാന്‍. ഈ സമയം ചെറിയവെട്ടുകാട് വെച്ച്‌ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഔദ്യോഗിക വാഹനം പൂഴിമണലില്‍ താഴ്ന്നുപോയത് കണ്ടത്. ഉടന്‍ തന്നെ മന്ത്രി സജി ചെറിയാന്‍ അവിടേക്ക് വരികയും പൂഴിമണലില്‍ താഴ്ന്ന ചിന്തയുടെ കാര്‍ പുറത്തെടുക്കാന്‍ സഹായിക്കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡ്രൈവിങ് സീറ്റിലേക്ക് കയറിയ സജി ചെറിയാന്‍ പതുക്കെ വാഹനം റിവേഴ്സ് ഗിയറിലാക്കി പിന്നിലേക്ക് എടുത്തു. ഈ സമയം ഒപ്പമുണ്ടായിരുന്നവര്‍ കാര്‍ പിന്നിലേക്ക് തള്ളിക്കൊടുക്കുകയും ചെയ്തു. പിന്നീട് കാര്‍ ശ്രമകരമായി വലത്തേക്ക് വളച്ച്‌ പൂഴിയില്‍നിന്ന് പുറത്തേക്ക് ഓടിച്ചുമാറ്റുകയായിരുന്നു. അല്‍പ്പസമയത്തെ ശ്രമകരമായ ദൌത്യത്തിനൊടുവിലാണ് പൂഴിമണലില്‍ താഴ്ന്ന കാര്‍ അവിടെനിന്ന് മാറ്റാന്‍ സജി ചെറിയാന് സാധിച്ചത്.

ഇതിന്‍റെ വീഡിയോ സജി ചെറിയാന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. അതിന് അദ്ദേഹം നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെയാണ്, ‘തീരസദസ്സ് കഴിഞ്ഞു മടങ്ങുന്ന വഴിയാണ് ചെറിയവെട്ടുകാട് വെച്ച്‌ സ: ചിന്ത ജെറോമിന്റെ വണ്ടി പൂഴിമണലില്‍ താഴ്ന്നുപോയത് കണ്ടത്. ഒന്നും നോക്കിയില്ല, പഴയ ഡ്രൈവിങ് സ്‌കില്‍ ഒക്കെ പുറത്തെടുത്തു…’ഏതായാലും ഫേസ്ബുക്കില്‍ സജി ചെറിയാന്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്‍റുകളുമായി എത്തുന്നത്. രസകരമായ കമന്‍റുകളാണ് വരുന്നത്. ആയിരകണക്കിന് പേര്‍ വീഡിയോ ലൈക് ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക