മൂന്നാറിന്റെ കുളിര്‍മ ആസ്വദിക്കുന്ന സ്പൈഡര്‍മാന്‍ ഫ്രാഞ്ചൈസിയിലെ പുതിയ ചിത്രങ്ങളുടെ നായകനായ ടോം ഹോളണ്ടും ഒപ്പം സിനിമയിലും ജീവിതത്തിലും പങ്കാളിയായ സെന്‍ഡായയും. ഇരുവരും ഒന്നിച്ചുള്ള മൂന്നാറിലെ മനോഹരമായ തേയിലത്തോട്ടം പശ്ചാത്തലമായ ചിത്രത്തിന് വലിയ രീതിയിലുള്ള പ്രചാരമാണ് ലഭിച്ചത്. പ്രതീക്ഷിച്ചതിലും വലിയ തോതില്‍ ചിത്രത്തിന് പ്രചാരം ലഭിച്ചതോടെ പൊല്ലാപ്പിലായത് കേരള ടൂറിസത്തിന്റെ ഫേസ്ബുക്ക് ഹാന്‍ഡിലായിരുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം വഴി പൂച്ചെണ്ടുകളോടൊപ്പം കല്ലേറും ലഭിച്ച സ്ഥിതിയാണുണ്ടായത്.

ടോം ഹോളണ്ടും സെന്‍ഡായയും മൂന്നാറിലെത്തിയ തരത്തില്‍ എഡിറ്റ് ചെയ്ത ചിത്രമാണ് വിഡ്ഢി ദിനത്തോടനുബന്ധിച്ച്‌ കേരള ടൂറിസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചിത്രം കണ്ട പലരും ഇത് മനസിലാക്കിയെങ്കിലും ചിലര്‍ ഹോളിവുഡ് താരങ്ങള്‍ കേരളം സന്ദര്‍ശനം നടത്തിയതായി തന്നെ വിശ്വസിച്ചു. ഇങ്ങനെ ഫോട്ടോയുടെ ആധികാരികതയെക്കുറിച്ച്‌ അധികം ചിന്തിക്കാതെ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്ത പലര്‍ക്കും അധികം താമസിയാതെ തന്നെ അമളി മനസിലായി. അതോടെ പോസ്റ്റിന് താഴെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തുകയായിരുന്നു. ചിലര്‍ ടോം ഹോളണ്ടും സെന്‍ഡായയുടെയും ബോസ്റ്റണില്‍ നിന്നുള്ള ചിത്രവും തെളിവിനായി എത്തിച്ചു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ് കേരള ടൂറിസത്തിന്റെ വൈറല്‍ പോസ്റ്റ് എന്നായിരുന്നു വിമര്‍ശകരുടെ വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം ടോം ഹോളണ്ടും സെന്‍ഡായയും മുംബയില്‍ വിമാനമിറങ്ങിയതാണ് പലരും കേരള ടൂറിസം പങ്കുവെച്ച ചിത്രം അപ്പാടെ വിശ്വസിക്കാനുണ്ടായ കാരണം. നിത അംബാനിയുടെ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനത്തിനായാണ് ഇരുവരും ഇന്ത്യയില്‍ എത്തിയത് എന്നാണ് വിവരം. എന്തായാലും ഹോളിവുഡ് താരങ്ങളെ കഥാപാത്രമാക്കിയുള്ള കേരള ടൂറിസത്തിന്റെ ഏപ്രില്‍ ഫൂള്‍ പോസ്റ്റ് രാജ്യമൊട്ടാകെ തന്നെ നിരവധിപ്പേരെ വിഡ്ഢികളാക്കി എന്നതില്‍ സംശയമില്ല.

എന്നാൽ ഇത് വിഡ്ഢി ദിനത്തിൽ ചെയ്ത ഒരു തമാശ എന്നതിനപ്പുറം ബോധപൂർവ്വം ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായും വിമർശിക്കപ്പെടുന്നുണ്ട്. വിഡ്ഢി ദിനത്തിലാണ് പോസ്റ്റ് ചെയ്തത് എങ്കിലും വ്യാജമായി ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്നോ വിഡ്ഢി ദിനത്തിലെ പോസ്റ്റാണെന്നോ ഉള്ള വിശദീകരണം പോലും കേരള ടൂറിസം ആദ്യം നൽകിയില്ല. പോസ്റ്റ് പങ്കുവെച്ച് നിരവധി വിമർശനങ്ങൾ ഉയർന്നതിനുശേഷം എട്ടു മണിക്കൂറുകൾ പിന്നിട്ടപ്പോൾ ആണ് കേരള ടൂറിസം ഇത് ഏപ്രിൽ ഫൂൾ ആണെന്ന് വ്യക്തമാക്കി പോസ്റ്റ് വീണ്ടും പങ്കുവെച്ചത്. അതുകൊണ്ടുതന്നെ കേരളത്തിലെ ടൂറിസം വകുപ്പിൻറെ വെബ്സൈറ്റിൽ വരുന്ന വിവരങ്ങളുടെ വിശ്വാസ്യത പോലും നഷ്ടമാകുമെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു. ടൂറിസം മന്ത്രിയായ മുഹമ്മദ് റിയാസിനെതിരെയും ഈ വിഷയം ചൂണ്ടിക്കാട്ടിൽ ധാരാളം വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക