ഇന്ത്യയില്‍ ഇന്ന് ഏറ്റവും ഡിമാന്‍ഡുള്ള കാര്‍ സെഗ്‌മെന്റ് ഏതെന്ന് ചോദിച്ചാല്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ (എസ്‌യുവി) എന്നാകും ഉത്തരം. അതിന്റെ ഫലമായി എസ്‌യുവി സെഗ്‌മെന്റ് വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുന്ന 15 ലക്ഷം രൂപയില്‍ താഴെ വില വരുന്ന 4 എസ്‌യുവികളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിൽ.

മാരുതി സുസുക്കി ജിംനി 5-ഡോര്‍: ഇന്ത്യന്‍ വിപണി ഏറെ നാളായി കാത്തിരിക്കുന്ന ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയാണ് മാരുതി ജിംനി 5 ഡോര്‍. ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന 2023 ഓട്ടോ എക്സ്പോയിലാണ് ജിംനി 5-ഡോര്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയ ശേഷമാകും മറ്റ് വിദേശ വിപണിയില്‍ കാര്‍ അവതാരമെടുക്കുക. ഓട്ടോ എക്‌സ്‌പോയുടെ രണ്ടാം ദിനം അവതരിപ്പിച്ചതിന് പിന്നാലെ ജിംനിയുടെ ബുക്കിംഗ് ജാലകം തുറന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വര്‍ഷം മെയ് മാസം മാരുതി ജിംനി 5-ഡോര്‍ ലോഞ്ച് ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സീറ്റ, ആല്‍ഫ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ മാത്രമാണ് ജിംനി 5-ഡോര്‍ വാഗ്ദാനം ചെയ്യുന്നത്. 1.5-ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 105 bhp പവറും 134 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോഡിയാക്കിയിരിക്കുന്നത്.

മാരുതി സുസുക്കി ഫ്രോങ്ക്‌സ്: ജിംനി 5 ഡോറിനൊപ്പം 2023 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി അവതരിപ്പിച്ച ക്രോസ്‌ഓവര്‍ എസ്‌യുവിയാണ് ഫ്രോങ്ക്‌സ്. സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ+, സീറ്റ, ആല്‍ഫ എന്നീ അഞ്ച് വേരിയന്റുകളില്‍ മാരുതി ഫ്രോങ്ക്‌സ് ക്രോസ്‌ഓവര്‍ ലഭ്യമാകും. 1.0 ലിറ്റര്‍ ടര്‍ബേചാര്‍ജ്ഡ് പെട്രോള്‍, 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ എസ്‌യുവി ലഭ്യമാകും. ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 100 bhp പവറും 143 Nm ടോര്‍ക്കും നല്‍കുന്നു.

രണ്ടാമത്തെ എഞ്ചിന്‍ 90 bhp കരുത്തും 113 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് AMT ഓപ്ഷനുകളില്‍ ലഭ്യമാണ്. രണ്ടാമത്തെ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഫ്രോങ്ക്‌സിന്റെയും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 11,000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ഓണ്‍ലൈനായോ നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയോ ബുക്ക് ചെയ്യാം. അടുത്ത മാസം വിപണിയില്‍ എത്തുമെന്നാണ് സൂചന.

പുതിയ കിയ സെല്‍റ്റോസ്: കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോര്‍സ് കഴിഞ്ഞ വര്‍ഷം സെല്‍റ്റോസ് മുഖംമിനുക്കി പുറത്തിറക്കിയത്. സൗന്ദര്യവര്‍ധക മാറ്റങ്ങള്‍ക്കൊപ്പം നിരവധി ഫീച്ചറുകളും പുതിയ പതിപ്പില്‍ കിയ ഉള്‍പ്പെടുത്തി. സ്ലീക്ക് എല്‍ഇഡി ഹെഡ്ലാമ്ബുകളോട് കൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ഇപ്പോള്‍ ഗ്രില്ലിലേക്ക് നീട്ടിയാണ് നല്‍കിയിരിക്കുന്നത്.

ഒപ്പം തന്നെ പുത്തന്‍ ഡിസൈനിലുള്ള അലോയ് വീലുകള്‍ എസ്‌യുവിയുടെ ലുക്ക് വര്‍ധിപ്പിക്കുന്നു. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മത്സരമുള്ള മിഡ്‌സൈസ്് എസ്‌യുവി സെഗ്‌മെന്റില്‍ ഹ്യുണ്ടായി ക്രെറ്റ, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്നിവയെ എതിരിടും.

ഹ്യുണ്ടായി Ai3 : ഇന്ത്യന്‍ കാര്‍ വിപണി ടാറ്റ പഞ്ചിന് ഒത്ത ഒരു എതിരാളിയെ തേടാന്‍ തുടങ്ങിയിട്ട് കുറച്ച്‌ നാളായി. അതിന് ഹ്യുണ്ടായി മുന്നോട്ട് വെക്കാന്‍ പോകുന്ന ഉത്തരമാണ് ഈ മൈക്രോ എസ്‌യുവി. ഇത് ഹ്യുണ്ടായിയുടെ സ്വന്തം നാടായ കൊറിയയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അടുത്തിടെ വിപണിയില്‍ എത്തിയ ഗ്രാന്‍ഡ് i10 നിയോസ്, ഓറ എന്നിവ ഒരുക്കിയ അതേ പ്ലാറ്റ്ഫോമിലാകും പുതിയ മൈക്രോ എസ്‌യുവിയുടെ നിര്‍മാണം.എതിരാളികളെ അപേക്ഷിച്ച്‌ കാറില്‍ ഹ്യുണ്ടായി ഫീച്ചറുകള്‍ നിറച്ചാണ് വിപണിയില്‍ എത്തിക്കുക.

വെന്യു, ഗ്രാന്‍ഡ് i10, ഓറ എന്നീ കാറുകള്‍ക്ക് തുടിപ്പേകുന്ന 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് VTVT പെട്രോള്‍ എഞ്ചിനായിരിക്കും കാറിന് കരുത്തേകുക. ഈ എഞ്ചിന്‍ 68 bhp പവറും 95 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. സമീപഭാവിയില്‍ ഒരു എസ്‌യുവി വാങ്ങാന്‍ ഒരുങ്ങുന്നവരാണോ നിങ്ങള്‍. എങ്കില്‍ അല്‍പ്പം കൂടി കാത്തിരുന്നാല്‍ നിങ്ങളുടെ അഭിരുചിക്കൊത്ത എസ്‌യുവി തന്നെ വാങ്ങാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക