രാഹുൽ ഗാന്ധിയെ മാനനഷ്ടക്കേസിൽ രണ്ടുവർഷം ശിക്ഷിച്ചതിനെ തുടർന്ന് ലോക്സഭ സെക്രട്ടറിയേറ്റ് അദ്ദേഹത്തെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം അരങ്ങേറുകയാണ്. കോൺഗ്രസിനെ പോലും അത്ഭുതപ്പെടുത്തികൊണ്ടുള്ള പ്രതിപക്ഷ ഐക്യവും പ്രതിഷേധവുമാണ് വിഷയത്തിൽ ഉയർന്നുവന്നത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ സംസ്ഥാനം എമ്പാടും ഉയർന്നു വരുന്നുണ്ട്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തെമ്പാടും പ്രതിഷേധങ്ങൾ അലയടിച്ചിരുന്നു. എന്നാൽ ഈ പ്രതിഷേധങ്ങളിലെ ആസൂത്രണം ഇല്ലായ്മ ഇത് വലിയൊരു ജനകീയ മുന്നേറ്റമാക്കുന്നതിൽ പരാജയപ്പെടുകയും, സമര തീവ്രത കുറഞ്ഞുപോവുകയും ചെയ്തു എന്നത് യാഥാർത്ഥ്യമാണ്. ഇവിടെയാണ് സംസ്ഥാനത്തെ ഗ്രൂപ്പ് കളിച്ച് നടക്കുന്ന കോൺഗ്രസ് നേതാക്കൾ മുസ്ലിം ലീഗ് എന്ന തങ്ങളുടെ ഘടകകക്ഷിയെ കണ്ടുപഠിക്കേണ്ടത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും, മുനവറലി ശിഹാബ് തങ്ങളും ഉൾപ്പെടെയുള്ളവർ പന്തം കൊളുത്തി പ്രതിഷേധവുമായി തെരുവിലിറങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുകൊണ്ടും സമരവീര്യം കെട്ടടങ്ങാതെ നിലനിർത്തുവാൻ ലീഗ് വിപുലമായ സമൂഹമാധ്യമ ക്യാമ്പയിൻ ആണ് ഇന്ന് (28/03/2023) ആസൂത്രണം ചെയ്തിരിക്കുന്നത്. രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രൊഫൈൽ പിക്ചർ ക്യാമ്പയിനിൽ 10 ലക്ഷം പേരെ അണിനിരത്താനാണ് ലീഗ് ലക്ഷ്യമിടുന്നത്. കൃത്യമായ ആസൂത്രണത്തോടെ, ചിട്ടയായ മുന്നൊരുക്കങ്ങളോടെ ഘടകകക്ഷിയായ മുസ്ലിം ലീഗ് കോൺഗ്രസിന്റെ സമുന്നത നേതാവ് രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രതിഷേധവുമായി മുന്നേറുമ്പോൾ സംസ്ഥാനത്തെ കോൺഗ്രസും, യൂത്ത് കോൺഗ്രസും ഗ്രൂപ്പ് കളിച്ച് നടക്കുകയാണ്. ക്യാമ്പയിനുമായി ബന്ധപ്പെട്ട മുസ്ലിം ലീഗ് പുറത്തുവിട്ട വീഡിയോ ചുവടെ കാണാം👇

കോൺഗ്രസിനകത്ത് ആകട്ടെ രാഹുൽ ഗാന്ധിക്ക് വേണ്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ മുൻനിരയിൽ നിൽക്കുവാൻ പോലും നേതാക്കളും പ്രവർത്തകരും തമ്മിൽ ഉന്തും, തള്ളും ഉണ്ടായ സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടു. നേതാക്കൾ വാതോരാതെ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രസംഗിക്കുന്നുണ്ടെങ്കിലും രാഹുൽ ഗാന്ധിയോട് ആഭിമുഖ്യമുള്ള പൊതുസമൂഹത്തെ ചേർത്തുനിർത്തി ഒരു ജനകീയ സമരമാക്കി രാഹുൽ ഗാന്ധിക്ക് വേണ്ടിയുള്ള പോരാട്ടം മാറ്റുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടു എന്ന് തന്നെ വേണം പറയാൻ. പതിവ് ശൈലിയിലുള്ള തട്ടിക്കൂട്ട് പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തുന്നതിനപ്പുറം പൊതു സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങി സമരം ചെയ്യാനുള്ള കോൺഗ്രസിന്റെ ശേഷി തന്നെ സംസ്ഥാനത്ത് ചോദ്യം ചെയ്യപ്പെടുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക