കേരളത്തില്‍ നിന്നും കഴിഞ്ഞ ഏതാനും വര്‍ഷമായി പ്രതിവര്‍ഷം 35,000ത്തോളം വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വ്വകലാശാലകള്‍ തേടി പറക്കുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ ഒഴുക്ക് ഒരു ലക്ഷത്തിലേക്ക് എത്തിയാലും അത്ഭുതപ്പെടാനില്ല. ഈ ട്രെന്റിനെ കുറിച്ച്‌ അടുത്ത സമയത്തു മാത്രമാണ് കേരള സര്‍ക്കാരിന് ബോധ്യം വന്നതെന്നുറപ്പ്. അതോടെ മസ്തിഷ്‌ക ചോര്‍ച്ച തടയാന്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് എങ്ങനെ തടയാം എന്ന ആലോചനയിലാണ് സര്‍ക്കാര്‍.

ഇതേക്കുറിച്ചു പഠിക്കാന്‍ രണ്ടു കമ്മീഷനുകളെ നിയമിച്ചതായും കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുകെ അടക്കം ഉള്ള വിദേശങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള മലയാളികള്‍ സാവധാനം അതാത് രാജ്യങ്ങളില്‍ തന്നെ കുടിയേറുന്നതിനാല്‍ സംസ്ഥാനത്തിന്റെ വിദേശ നാണ്യ വരുമാനം ചോരുന്നതും മികച്ച തലമുറ സംസ്ഥാനത്തു ജീവിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതുമൊക്കെ വൈകി വന്ന വിവേകമായി സംസ്ഥാന സര്‍ക്കാരില്‍ നിന്നും പുറത്തു വരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള ഭൗതിക സാഹചര്യം

വിദേശത്തു പോകുന്നവരെ തടയുന്നത് ആലോചിക്കാതെ എങ്ങനെ സംസ്ഥാനത്തു തുടരാനുള്ള ഭൗതിക സാഹചര്യം ഒരുക്കാം എന്നതിനെ കുറിച്ച്‌ പ്രായോഗികമായ ചര്‍ച്ചയൊന്നും ഈ രംഗത്ത് നടക്കുന്നതായി സൂചനയില്ല. ഐടി രംഗത്തേക്ക് ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കൊച്ചിയില്‍ നൈറ്റ് ക്ലബുകള്‍ ആവശ്യമാന്നെന്ന മട്ടിലുള്ള വെറും ഉപരിപ്ലവമായ ചര്‍ച്ചകളാണ് ഇടക്കാലത്തു സര്‍ക്കാരില്‍ നിന്നും കേള്‍ക്കാനായത്. മികച്ച വിദ്യാഭ്യസം നേടുന്ന യുവജനങ്ങള്‍ക്ക് സംസ്ഥാനത്തു തന്നെ കണ്ടെത്താന്‍ കഴിയുന്ന ജോലി ലഭ്യതയുടെ കുറവും കുറഞ്ഞ വേതനവും തന്നെയാണ് രക്ഷ തേടി പറക്കാന്‍ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നത് എന്നത് കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാരിന് അത് അംഗീകരിച്ചാല്‍ സ്വന്തം പിടിപ്പ് കേടായി വരുകയും ചെയ്യും.

കേരളത്തിൽ നിന്ന് വിദേശത്തേക്ക് ഒഴുകുന്നത് പ്രതിവർഷം 5000 കോടി.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളില്‍ നിന്നും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വിദേശത്ത് ഒഴുകി തുടങ്ങിയതോടെ സംസ്ഥാനത്തിന്റെ ധന ചോര്‍ച്ചയും പ്രകടമാണ്. ഏകദേശം അയ്യായിരം കോടി രൂപയാണ് ഓരോ വര്‍ഷവും വിദേശത്തേക്കു ഈ ഇനത്തില്‍ ഒഴുകുന്നത് എന്നാണ് അനുമാനം. യുകെയില്‍ എത്തുന്ന ഒരു വിദ്യാര്‍ത്ഥിക്ക് വാര്‍ഷിക ഫീസായി പ്രതിവര്‍ഷം ഏറ്റവും ചുരുങ്ങിയത് 14 ലക്ഷം മുതല്‍ 28 ലക്ഷം വരെ മുടക്കുണ്ട്. ഇതിനു പുറമെ വീട് വാടക, ഭക്ഷണം, മറ്റു ചെലവ് എന്നിവയ്ക്കായും ആറു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെ സാധാരണ ചെലവാകുന്നുണ്ട്.

പഠിക്കുന്നത് കടലാസ് വിലയില്ലാത്ത ഡിഗ്രി കോഴ്സുകൾ, ലക്ഷ്യം കെയർ വിസ

ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, ലോജിസ്റ്റിക്, ഹോസ്പിറ്റാലിറ്റി, ഫുഡ് ടെക്‌നോളജി തുടങ്ങി അസംഖ്യം കോഴ്‌സുകള്‍ ചെയ്യാനാണ് സിംഹ ഭാഗം വിദ്യാര്‍ത്ഥികളും യുകെയിലേക്കു പാഞ്ഞെത്തുന്നത്. ഒരു ജോലി സാധ്യതയും ഇല്ലാത്ത ഈ കോഴ്സ് പഠിച്ചിട്ടെന്തിന് എന്ന ചോദ്യത്തിന് പഠിക്കാന്‍ എളുപ്പവും യുകെയില്‍ എത്താനുള്ള വഴി ഇത് മാത്രമാണ് എന്നും രഹസ്യമായി പറയുന്നവരാണ് യുകെയിലെ മലയാളി വിദ്യാര്‍ത്ഥികള്‍. ഈ കോഴ്‌സില്‍ ചേര്‍ന്ന ശേഷം എങ്ങനെയും ഒരു യോഗ്യതയും ആവശ്യം ഇല്ലാതെ കെയര്‍ ഹോമുകളില്‍ വൃദ്ധ പരിചരണത്തിനുള്ള കെയര്‍ അസിസ്റ്റന്റ് വിസ സംഘടിപ്പിക്കുകയാണ് ഈ വരവിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നു വ്യക്തം. ഇത് തിരിച്ചറിഞ്ഞതാണ് എങ്ങനെയും വിദ്യാര്‍ത്ഥി വിസക്കാരുടെ ഒഴുക്ക് തടയേണ്ടതാണ് എന്ന ചിന്തയിലേക്ക് കേരള സര്‍ക്കാര്‍ എത്താന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.

കേരളത്തിലെ ആസ്തി പണയം വെച്ച് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ ലോണുകൾ

കേരളത്തില്‍ നിന്നടക്കം ഉള്ള സംസ്ഥാനങ്ങളില്‍ നിന്നും ബാങ്കുകളില്‍ എത്തുന്ന വിദേശ പഠന വായ്പകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധന. ഡല്‍ഹിയും മുംബൈയും ബാംഗ്ലൂരും അടക്കമുള്ള മെട്രോ നഗരങ്ങളില്‍ നിന്നും പോലും ഇല്ലാത്ത വിധമാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള അപേക്ഷകരുടെ തള്ളിക്കയറ്റം. ഇത് തെളിയിക്കുന്നത് ജീവിക്കാന്‍ സാഹചര്യം ഉണ്ടെങ്കില്‍ നല്ല പങ്കും ജന്മ നാട്ടില്‍ തന്നെ തുടരും എന്നതാണ്.അപേക്ഷകളില്‍ കൂടുതലും ആണ്‍കുട്ടികള്‍ ആന്നെന്നതും പ്രത്യേകതയാണ്. കിടപ്പാടം പണയപ്പെടുത്തിയും മകനെ വിദേശ പഠനത്തിന് പറഞ്ഞയച്ചാല്‍ കുടുംബം രക്ഷപ്പെടും എന്ന സാമാന്യ ചിന്ത തന്നെയാകണം ഇതിനു കാരണം. ബാങ്കുകളില്‍ എത്തുന്ന അപേക്ഷകളില്‍ 67 ശതമാനം ആണ്‍കുട്ടികള്‍ ആകുമ്ബോള്‍ നേര്‍ പാതിയിലേക്കു താഴുകയാണ് പെണ്‍കുട്ടികളുടെ അപേക്ഷകളുടെ എണ്ണം.

ഇപ്പോൾ പ്രതിവർഷം 35000, വരുംവർഷങ്ങളിൽ ഒരു ലക്ഷം കടന്നേക്കാം

കേരളത്തില്‍ നിന്നും പുറത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് വര്‍ദ്ധിക്കുകയാണ്. ഇപ്പോള്‍ വര്‍ഷത്തില്‍ മുപ്പത്തി അയ്യായിരം പേര്‍ പോകുന്നുണ്ടെങ്കില്‍ അടുത്ത അഞ്ചുവര്‍ഷത്തില്‍ ഈ വിദ്യാര്‍ത്ഥികളുടെ എണ്ണം ഒരു ലക്ഷം വരെ പോകാം. ഈ വിഷയത്തില്‍ അടിയന്തര ശ്രദ്ധ ആവശ്യമാണ്. നമ്മുടെ വിദ്യാര്‍ത്ഥികള്‍ പുറത്തുപോകുന്നത് തടയാനായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതുകൊണ്ട് മാത്രം വലിയ കാര്യമുണ്ടാവില്ല, കാരണം കേരളത്തില്‍നിന്ന് വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നതില്‍ കൂടുതലാളുകളും ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളിലേക്കല്ല . ട്രെന്‍ഡ് അനുസരിച്ച്‌ പലരും ഏതെങ്കിലും ഡിപ്ലോമ കോഴ്സുകളുള്‍പ്പെടെ അഡ്‌മിഷന്‍ നേടി ഏതുവിധേനയും മറ്റൊരു രാജ്യത്ത് എത്തിപ്പെടാനാണ് നോക്കുന്നത്. മുമ്ബത്തേക്കാള്‍ അധികം കുട്ടികള്‍ സ്‌കൂള്‍ കാലഘട്ടം കഴിയുമ്ബോള്‍ തന്നെ വിദേശത്തേക്കു പോകുന്നുമുണ്ട്. റാങ്കിങ്ങില്‍ വളരെ താഴെയുള്ള യൂണിവേഴ്സിറ്റികളിലും കമ്യൂണിറ്റി കോളേജുകളിലും മലയാളി വിദ്യാര്‍ത്ഥികള്‍ വേഗത്തില്‍ അഡ്‌മിഷന്‍ നേടുന്നു.

ആളുകള്‍ പുറത്തേക്ക് പോകുന്നത് നാട്ടില്‍ വേണ്ടത്ര തൊഴിലവസരങ്ങള്‍ ഇല്ലാത്തതു കരണമാണെന്നാണ് മറ്റൊരു ചിന്താഗതി. അതുകൊണ്ട് തന്നെ കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടായാല്‍ ആളുകള്‍ ഇവിടെ തുടരും എന്ന് പലരും കരുതുന്നു. ഇതും യാഥാര്‍ഥ്യത്തില്‍ അധിഷ്ടിതമല്ല. ജോലികള്‍ ഇല്ല എന്നതല്ല മറിച്ച്‌ ഉന്നത ബിരുദമുള്ളവരുടെ ബാഹുല്യം കാരണം വിദ്യാഭ്യാസം കൂടുമ്ബോള്‍ ശമ്ബളം കുറഞ്ഞുവരുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. കാരണം ഉന്നതവിദ്യാഭ്യാസമുള്ള ആളുകള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതക്ക് ചേര്‍ന്ന ശമ്ബളം ഇന്ന് കേരളത്തില്‍ ലഭിക്കില്ല. അപ്പോള്‍ നമ്മുടെ സമ്ബദ്വ്സ്ഥയില്‍ മാറ്റം ഉണ്ടാകാതെ ശമ്ബളം കുറഞ്ഞ തൊഴിലുകള്‍ കൂടുതല്‍ ഉണ്ടാക്കിയാല്‍ കൂടുതല്‍ വിദ്യാഭ്യാസവും ജീവിത പ്രതീക്ഷകളും ഉള്ള നമ്മുടെ യുവജനങ്ങളെ തടഞ്ഞു നിര്‍ത്താന്‍ പറ്റില്ല.കേരളസമൂഹത്തെ തന്നെ നവീകരിക്കുകയും നമ്മുടെ ചെറുപ്പക്കാരെ മാത്രം ലക്ഷ്യമിടാതെ, നിലവില്‍ ആളുകള്‍ കുടിയേറാന്‍ ആഗ്രഹിക്കുന്ന നാടുകളിലെപ്പോലെ ലോകത്തെവിടെനിന്നുമുള്ള ആളുകള്‍ക്ക് കേരളത്തില്‍ വന്ന് ജോലിചെയ്യാനുള്ള ആഗ്രഹവും സാഹചര്യവുമുണ്ടാക്കുകയുമാണ് വേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക