ഡി.സി.സി പ്രസിഡന്‍റിന്‍റെ മുറി മുന്‍ പ്രസിഡന്‍റ് ബാബുജോര്‍ജ് ചവിട്ടിത്തുറക്കുന്ന ദ്യശ്യങ്ങള്‍ പുറത്ത്. ഡി.സി.സി ഓഫിസിലെ സി.സി ടി.വി ദ്യശ്യങ്ങളില്‍നിന്നാണ് ഇത് ലഭിച്ചത്. ശനിയാഴ്ച നടന്ന പുനഃസംഘടന സംബന്ധിച്ച യോഗത്തിലെ ബഹളത്തിന് ശേഷമാണ് പ്രസിഡന്‍റിന്‍റെ മുറി ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചത്. പുനഃസംഘടനയില്‍ എ ഗ്രൂപ്പിനെ തഴയുന്നതായാണ് അവരുടെ പരാതി.

മുന്‍ പ്രസിഡന്‍റുമാരായ പി. മോഹന്‍രാജ്, കെ. ശിവദാസന്‍ നായര്‍, ബാബുജോര്‍ജ് എന്നിവരാണ് യോഗം ബഹിഷ്കരിച്ച്‌ ഇറങ്ങിപ്പോന്നത്. ഇതിനിടെ പ്രകോപിതനായ ബാബുജോര്‍ജ് തിരികെവന്ന് പ്രസിഡന്‍റിന്‍റെ മുറിയുടെ കതക് ചിവിട്ടിത്തുറക്കുകയായിരുന്നു. അച്ചടക്ക നടപടിക്ക് വിധേയരായവരെ തിരികെ എടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഗ്രൂപ് അടിസ്ഥാനത്തില്‍ ആരെയും എടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഡി.സി.സി പ്രസിഡന്‍റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേതാക്കളുടെ അച്ചടക്ക ലംഘനം കെ.പി.സി.സിയെ അറിയിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്ബില്‍ പറഞ്ഞു. ഒരു മുതിര്‍ന്ന നേതാവില്‍നിന്ന് ഇത്തരത്തില്‍ ഒരു അച്ചടക്കലംഘനം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഡി.സി.സി ഓഫിസില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം. നസീറിന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ബഹിഷ്കരണവും ചവിട്ടിത്തുറക്കലും നടന്നത്.

ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്ബിലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അടൂര്‍ പ്രകാശ് എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഡി.സി.സി പ്രസിഡന്‍റുമായുള്ള അഭിപ്രായ ഭിന്നതയാണ് മുന്‍ പ്രസിഡന്‍റുമാരുടെ ബഹിഷ്കരണത്തിനു കാരണമായത്. പാര്‍ട്ടിയുടെ പൊതുനയങ്ങളില്‍നിന്നു വ്യതിചലിക്കുന്ന തരത്തില്‍ ഡി.സി.സി പ്രസിഡന്‍റ് പെരുമാറുന്നുവെന്നും ജില്ലയില്‍ പാര്‍ട്ടിയെ സജീവമാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഇവര്‍ ആരോപിച്ചു.

സമീപ നാളില്‍ ചിലരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ആരോടും ആലോചിക്കാതെയാണ് ഇത് ചെയ്തതെന്നാണ് എ ഗ്രൂപ് നേതാക്കള്‍ പറയുന്നത്. പ്രഫ. സതീഷ് കൊച്ചുപറമ്ബില്‍ പ്രസിഡന്‍റായതിനെ തുടര്‍ന്ന് ഒരുവിഭാഗം നിസ്സഹകരണത്തിലാണ്. ഒരു പരിപാടികളിലും ഇവര്‍ സഹകരിക്കുന്നില്ല. ജില്ലയില്‍ താഴെ തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നിര്‍ജീവമാണ്. ബൂത്ത് കമ്മിറ്റികള്‍ മിക്കതും പ്രവര്‍ത്തിക്കുന്നില്ല. പോഷക സംഘടനകളും നിര്‍ജീവമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക