ജെല്ലിക്കെട്ടിന് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കൃഷ്ണഗിരിയിലുണ്ടായ ജനകീയ പ്രക്ഷോഭത്തില്‍ വ്യാപക അക്രമ സംഭവങ്ങൾ. വ്യാഴാഴ്ച രാവിലെ മുതല്‍ കൃഷ്ണഗിരി- ഹൊസൂര്‍- ബംഗളുരു ദേശീയപാത പ്രതിഷേധക്കാര്‍ മണിക്കൂറുകളോളം ഉപരോധിച്ചത് യാത്രക്കാരെ വലച്ചു. പ്രക്ഷോഭകര്‍ കെ.എസ്.ആര്‍.ടി.സി ഗജരാജ എ.സി സ്വിഫ്റ്റ് ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തി. സര്‍ക്കാര്‍-പൊലീസ് വാഹനങ്ങളും തല്ലിതകര്‍ക്കപ്പെട്ടു.

ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇരുന്നൂറിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 20ലധികം പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തുനിന്ന് ബംഗളുരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ഗജരാജ എ.സി സ്വിഫ്റ്റ് ബസാണ് ആക്രമിക്കപ്പെട്ടത്. കല്ലേറില്‍ ബസിന്‍റെ ചില്ലുകള്‍ തകര്‍ന്നു. കല്ലേറില്‍ ഭയന്നുവിറച്ച യാത്രക്കാര്‍ സീറ്റിനിടയില്‍ ഒളിച്ചുനിന്നു. 23 യാത്രക്കാരെയും പിന്നീട് സുരക്ഷിതമായി കര്‍ണാടക അതിര്‍ത്തിയിലെത്തിച്ച്‌ മറ്റൊരു ബസില്‍ കയറ്റിവിട്ടതായി അധികൃതര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൃഷ്ണഗിരി ജില്ലയിലെ ഒസൂരിനടുത്ത ഗോപചന്ദ്രം ഗ്രാമത്തിലെ ചിന്നതിരുപ്പതി കോവില്‍ ഉല്‍സവത്തോടനുബന്ധിച്ചാണ് ജെല്ലിക്കെട്ടിന്‍റെ മറ്റൊരു രൂപമായ ‘എരുതുവിടും വിഴ’ സംഘടിപ്പിക്കുന്നത്. ഇതിന് അനുമതി നിഷേധിക്കപ്പെട്ടതായ വാര്‍ത്തകള്‍ പ്രചരിച്ചതോടെ വ്യാഴാഴ്ച രാവിലെ ആറു മണിയോടെ ജനങ്ങള്‍ പ്രതിഷേധത്തിനിറങ്ങുകയായിരുന്നു. ജെല്ലിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ നിലയില്‍ അനുമതി നിഷേധിക്കപ്പെട്ടതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. നൂറുക്കണക്കിനാളുകള്‍ ചെന്നൈ- ബംഗളുരു ദേശീയപാത ഉപരോധിച്ചു. പത്തിലധികം ബസുകള്‍ക്കുനേരെ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തി. ഒരുഘട്ടത്തില്‍ പരിപാടിക്ക് അനുമതി നല്‍കിയതായി ജില്ല കലക്ടര്‍ ഡോ. ജയചന്ദ്രഭാനു റെഡ്ഡി അറിയിച്ചുവെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു.

ദേശീയപാതയുടെ ഇരുവശങ്ങളിലും കിലോമീറ്ററുകള്‍ ദൂരത്തില്‍ വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടന്നു. ഉച്ചയോടെ മാത്രമാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്. അറസ്റ്റിലായ പ്രക്ഷോഭകരെ വൈകീട്ടോടെ വിട്ടയച്ചു. വാഹനങ്ങള്‍ക്കുനേരെ അക്രമം നടത്തിയവരെ വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിന്നീട് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക