പിഴുതു മാറ്റിയ മരം ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. കടപ്ര 15-ാം വാര്‍ഡില്‍ വളഞ്ഞവട്ടം തുമ്മംതറ പുത്തന്‍ വീട്ടില്‍ ലീലാമ്മ വര്‍ഗീസ് (56) ആണ് മരിച്ചത്. സഹോദരി ഭര്‍ത്താവ് കൂടല്‍ ഗ്രേസ് വില്ലയില്‍ പാസ്റ്റര്‍ തോമസ് സാമുവലിനും (68) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പറമ്ബിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടെയാണ് അപകടം. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം.

ലീലാമ്മയുടെ പുതിയ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അതിരിനോട് ചേര്‍ന്ന് നിന്നിരുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടെയാണ് പനമരം ഇരുവരുടെയും ദേഹത്തേക്ക് വീണത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മരം പിഴുതു മാറ്റിയത്. എതിര്‍ഭാഗത്തേക്ക് മരം പിഴുതു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഇരുവരും നിന്നിരുന്ന ഭാഗത്തേക്ക് മരം വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലീലാമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല. പാസ്റ്റര്‍ തോമസ് സാമുവലിന് നട്ടെല്ലിനാണ് ഗുരുതര പരിക്ക്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീട് നിര്‍മ്മാണം നടക്കുന്നതിനാല്‍ ലീലാമ്മ ഇരവിപേരൂരിലുള്ള മേരിക്കുട്ടിയുടെ വീട്ടിലായിരുന്നു താമസം. മരങ്ങള്‍ മുറിച്ച്‌ മാറ്റുന്നത് കാണാനായാണ് ബുധനാഴ്ച ഉച്ചയോടെ ലീലാമ്മ ഇവിടെ എത്തിയത്. ഭര്‍ത്താവ് പരേതനായ ടി.എം. വര്‍ഗീസ് കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മാസമാണ് അന്തരിച്ചത്. മകന്‍: ഫ്ലൈബി വര്‍ഗീസ് (യു.കെ). മരുമകള്‍: സ്‌നേഹ. പുളിക്കീഴ് പൊലീസ് മേല്‍ നടപടി സ്വീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക