കര്‍ണാടകയിലെ ക്വാറി ഇടപാടില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. തിങ്കളാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. രാത്രി എട്ടരയോടെയാണ് വിട്ടയച്ചത്. പുറത്തിറങ്ങിയ അന്‍വര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെന്ന് മാത്രമല്ല, മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തു.

പുറത്തിറങ്ങിയ അന്‍വറിനോട് ചോദ്യങ്ങളുന്നയിച്ചപ്പോഴാണ് മറുപടി പറയാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തത്. ഇന്ത്യയും പാകിസ്താനും തമ്മിലെ കളിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്ന് പരിഹസിച്ച അദ്ദേഹം, കാറില്‍ കയറി മടങ്ങുകയും ചെയ്തു. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്വാറി ഇടപാടിന്‍റെ പേരില്‍ അന്‍വര്‍ പണം തട്ടിയെന്നാരോപിച്ച്‌ മലപ്പുറം ഏറനാട് സ്വദേശി സലീം നല്‍കിയ പരാതിയില്‍ മഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്തു ശതമാനം ഓഹരിയും 50,000 രൂപ വീതം മാസംതോറും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടിയെന്നാണ് പരാതി. കേസെടുക്കാന്‍ പൊലീസ് തയാറാവാതിരുന്നതിനെ തുടര്‍ന്ന് സലീം നല്‍കിയ ഹരജിയില്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശ പ്രകാരമാണ് വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തത്. 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി സലീം നല്‍കിയ ഹരജിയില്‍ ക്രൈംബ്രാഞ്ചിന്‍റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗത്തിന്‍റെ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടു.

എന്നാല്‍, കേസ് സിവില്‍ സ്വഭാവത്തിലുള്ളതാണെന്ന് കാട്ടി കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് തള്ളിയ കോടതി, വിശദ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇടപാടില്‍ വന്‍തോതില്‍ കള്ളപ്പണം കൈമാറ്റം നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. പരാതിക്കാരന്‍ ഇത് സംബന്ധിച്ച്‌ ഇ.ഡിക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക