കൊച്ചി: മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ കക്ഷിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനെതിരെ പോലീസ് അന്വേഷണം. മുന്‍കൂര്‍ ജാമ്യത്തിനായി ഒരു ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കക്ഷിയില്‍ നിന്നും പണം കൈപ്പറ്റിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. ഹൈക്കോടതി ക്രിസ്മസ് അവധിക്കുശേഷം തുറന്ന ദിവസം നടത്തിയ ഫുള്‍ കോര്‍ട്ടിന്റെ ശുപാര്‍ശയില്‍ കൊച്ചി സിറ്റി പൊലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

മലയാള സിനിമ രംഗത്തെ പ്രമുഖ നിർമ്മാതാക്കളിൽ ഒരാളായ ആൽവിൻ ആന്റണിയിൽ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ ജഡ്ജിയ്ക്ക് നല്‍കാനെന്ന പേരില്‍ അഭിഭാഷകന്‍ പണം വാങ്ങി എന്നാണ് ആരോപണം. സംഭവം ജുഡീഷ്യറിക്ക് മേല്‍ ഉണ്ടാക്കിയ കളങ്കം കണക്കിലെടുത്താണ് ഫുള്‍ കോര്‍ട്ട് പൊലീസ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. അതീവ രഹസ്യ സ്വഭാവത്തിലായിരുന്നു ഇതിന്‍റെ നടപടികള്‍. ഹൈക്കോടതി രജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഡിജിപി അനില്‍കാന്താണ് അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പൊലീസിന് നിര്‍ദേശം നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പ്രാഥമിക അന്വേഷണമാണ് പൊലീസ് നടത്തുക. തുടര്‍ന്ന് ആവശ്യമെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. സംസ്ഥാനത്ത് ആദ്യമായാണ് അഭിഭാഷകനെതിരെ ഹൈക്കോടതി ആവശ്യപ്രകാരം പൊലീസ് അന്വേഷണം നടത്തുന്നത്. ഇത് സംബന്ധിച്ച നടപടികള്‍ അതീവ രഹസ്യമായി സൂക്ഷിക്കണമെന്ന് ഫുള്‍ കോര്‍ട്ട് നിര്‍ദേശിച്ചിട്ടുണ്ട്.

ആരോപണ വിധേയൻ ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് – ആരോപണത്തിന്റെ പിന്നിൽ അസോസിയേഷനിലെ അധികാര തർക്കം.

ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ഈ ആരോപണം ഉയർന്നുവന്നത്. എന്നാൽ ആരോപണ വിധേയനായ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറുകയായിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ ഉയർന്നുവന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും, ഇദ്ദേഹത്തെ പരാജയപ്പെടുത്താനായി ബോധപൂർവ്വം മറുവിഭാഗം ഉയർത്തിയതാണെന്നും ഉള്ള പ്രചരണമാണ് സൈബി ജോസിന് അനുകൂലിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് നടക്കുന്നത്.

അന്വേഷണത്തിന്റെ നാൾവഴികൾ:

ഡിസംബര്‍ 16നായിരുന്നു സൈബി അസോസിയേഷന്റെ പ്രസിഡന്റായത്. തെരഞ്ഞെടുപ്പ് കാലത്താണ് കോഴ ആരോപണം ഉയരുന്നത്. ഇത് ഹൈക്കോടതിയിലെ മറ്റൊരു വക്കീല്‍ പരോക്ഷ സൂചനകളുമായി ഫെയ്സ് ബുക്കില്‍ പോസ്റ്റാക്കി. ഈ പോസ്റ്റോടെയാണ് വിഷയം ഹൈക്കോടതി ജഡ്ജി കുഞ്ഞികൃഷ്ണന്റെ ശ്രദ്ധയില്‍ എത്തുന്നത്. ഹൈക്കോടതി രജിസ്ട്രാറെ ജഡ്ജി കാര്യങ്ങള്‍ ധരിപ്പിച്ചു. ഇങ്ങനെ വിഷയം ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ മുമ്ബിലുമെത്തി. ഗുരുതരമായ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഹൈക്കോര്‍ട്ടിന്റെ ഫുള്‍ കോര്‍ട്ട് ചേരുന്നത്. അഡ്വക്കേറ്റിനെതിരെ നടപടിക്ക് ബാര്‍ കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്യാം. ഇതിനൊപ്പം കോടതി അലക്ഷ്യത്തിന് കേസുമെടുക്കാം-ഈ രണ്ട് വഴികള്‍ക്ക് അപ്പുറം പൊലീസിനെ കൊണ്ട് അഴിമതിയില്‍ അന്വേഷണം നടത്താമെന്ന സാധ്യതയും ഫുള്‍ കോര്‍ട്ടിന് മുമ്ബിലുണ്ടായിരുന്നു. അതാണ് തീരുമാനമായതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക