ലൈംഗിക അതിക്രമക്കേസില്‍ മുന്‍ ഗവ. പ്ലീഡര്‍ പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിയമസഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ്‌ കേസ്. അതിജീവിതയുടെ ആരോഗ്യ നില സംബന്ധിച്ച്‌ ഡോക്ടര്‍മാരോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. മനുവിനെതിരായ ആരോപണം ഗുരുതരമാണെന്നും അഭിഭാഷകനെന്ന പരിഗണന നല്‍കാനാകില്ലെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പരാതിക്കാരി ആരോപിക്കുന്ന കുറ്റകൃത്യം തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും മുമ്ബ് പീഡനത്തിന് ഇരയായ യുവതി ഈ കേസ് ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് തന്നെ സമീപിച്ചതെന്നുമാണ് പിജി മനു മുൻകൂര്‍ ജാമ്യഹര്‍ജിയില്‍ വാദിച്ചിരുന്നത്.യുവതിയുടെ പരാതി വ്യാജമാണെന്നും ജോലി സംബന്ധമായ ശത്രുത കാരണം തന്റെ സല്‍പേരും അന്തസ്സും തകര്‍ക്കാൻ ചിലര്‍ നടത്തിയ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പിജി മനുവിനെതിരായ കേസ്. കേസില്‍ പ്രതി ചേര്‍ത്തതിനു പിന്നാലെ ഹൈകോടതി സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പദവിയില്‍ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതിന് ഐടി ആക്‌ട് അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അഭിഭാഷകൻ അധികാരം ദുരുപയോഗം ചെയ്ത് തന്റെ സമ്മതമില്ലാതെ പീഡനത്തിന് ഇരയാക്കിയെന്നും പല തവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും രണ്ടു തവണ ബലാത്സംഗം ചെയ്തെന്നും പരാതിക്കാരി പറയുന്നു. സംഭവം പുറത്തു പറയരുതെന്ന് ഭീഷണപ്പെടുത്തി. ജഡ്ജി പാനലില്‍ ഉള്‍പ്പെടാൻ സാധ്യതയുള്ളയാളാണ് താനെന്നും പരാതി പിൻവലിക്കണമെന്നും സഹോദരനെ ഫോണില്‍ വിളിച്ച്‌ പറഞ്ഞതിന്റെ ശബ്ദരേഖയും യുവതി കോടതിയില്‍ ഹാജരാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക