കൊച്ചി: പാതിരാത്രി മുതല്‍ പുലര്‍ച്ചെ വരെ സ്കൂട്ടറില്‍ പാഞ്ഞുനടന്ന് മാരക ലഹരി വസ്തുക്കള്‍ വില്പന നടത്തിവന്ന 21കാരി അറസ്റ്റില്‍. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആവശ്യക്കാര്‍ കൈമാറുന്ന ‘ലോക്കേഷനില്‍’ മയക്കുമരുന്ന് എത്തിച്ചുനല്‍കുന്ന ഇവര്‍ എക്സൈസിന്റെ വലയിലായത്. കൊല്ലം സ്വദേശിനിയും എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയുമായ ബ്ലെയ്സി (21) യാണ് അറസ്റ്റിലായത്.

ഇവര്‍ക്ക് വന്‍തോതില്‍ എം.ഡി.എം.എയടക്കം എത്തിച്ചുനല്‍കുന്നത് കോഴിക്കോട് സ്വദേശിയാണെന്നും ഇയാളുള്‍പ്പടെ ഏഴുപേരാണ് ലഹരിക്കച്ചവടത്തിന്റെ ബുദ്ധികേന്ദ്രമെന്നും കണ്ടെത്തി. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. 21കാരി വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് 2.5 ഗ്രാമിലധികം എം.ഡി.എം.എ കണ്ടെടുത്തു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മൂന്ന് യുവതികള്‍ക്കും ലഹരിക്കച്ചവടത്തില്‍ പങ്കുള്ളതായാണ് സംശയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മത്സ്യത്തൊഴിലാളിയുടെ മകളായ യുവതി ഏവിയേഷന്‍ കോഴ്സ് പഠിക്കാനാണ് കൊച്ചിയില്‍ എത്തിയത്. ക്ലാസില്‍ പോകാതെ സ്പായില്‍ ജോലിക്ക് കയറി. ജോലി നഷ്ടമായപ്പോഴാണ് ലഹരിയിടപാടിലേക്ക് തിരിഞ്ഞതെന്നാണ് വിവരം. ചൊവ്വാഴ്ച എറണാകുളം നോര്‍ത്തിലെ ഫ്ലാറ്റിലെത്തി എക്സൈസ് യുവതിയെ പിടികൂടുകയായിരുന്നു. കോഴിക്കോട് സ്വദേശി വാടകയ്ക്കെടുത്ത ഫ്ലാറ്റാണിത്. ഇതുകൂടാതെ രണ്ട് ഫ്ലാറ്റും ഇയാള്‍ വാടകയ്ക്കെടുത്തിട്ടുണ്ട്. കൂടുതല്‍പ്പേര്‍ക്ക് പങ്കുള്ളതായാണ് സംശയിക്കുന്നത്.

ദിവസം ₹ 7000: പുലര്‍ച്ചെ രണ്ടരയോടെ തുടങ്ങുന്ന ലഹരിയിടപാട് ഏഴുമണിയോട് തീര്‍ക്കും. ഒരു ദിവസം ചുരുങ്ങിയത് ഏഴ് പോയിന്റിലെങ്കിലും മയക്കുമരുന്ന് എത്തിക്കും. പ്രതിദിനം 7000 രൂപയാണ് പെണ്‍കുട്ടിക്ക് ലഭിച്ചിരുന്നത്. ആര്‍ഭാടജീവിതമാണ് നയിച്ചിരുന്നത്. കൊച്ചിയില്‍ ജോലി ചെയ്യുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. ‘ജോലി’ കഴിഞ്ഞാല്‍ പിന്നെ രാത്രി വരെ ഉറക്കമാണ് രീതി.

ഇന്‍സ്റ്റാ ഡീല്‍: കലൂരില്‍ എം.ഡി.എം.എയുമായി പിടിയിലായ യുവാവില്‍ നിന്നാണ് 21കാരിയെക്കുറിച്ച്‌ എക്സൈസിന് വിവരം ലഭിച്ചത്. അന്വേഷണത്തില്‍ ഇടപാടെല്ലാം ഇന്‍സ്റ്റാഗ്രാം വഴിയാണെന്നും ഇത് നിയന്ത്രിക്കുന്നത് മറ്റുചിലരാണെന്നും തിരിച്ചറിഞ്ഞു. ഇന്‍സ്റ്റാ വഴി മെസേജ് ചെയ്ത് ലഹരിക്കച്ചവടമുണ്ടെന്ന് ഉറപ്പുവരുത്തി. പെണ്‍കുട്ടി താമസിക്കുന്ന സ്ഥലമടക്കം കണ്ടെത്തുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ സിം ഒഴിവാക്കി ഹോട്ട്സ്പോട്ട് ഉപയോഗിച്ചാണ് ഇവര്‍ നെറ്റ് ഉപയോഗിക്കുന്നത്. അറസ്റ്റിലായ യുവതിയുടെ ഫോണടക്കം ഇനി കണ്ടത്തേണ്ടതുണ്ടെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക