പാലക്കുന്ന്: വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ അഞ്ചുവയസ്സുകാരന് 1.15 കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. മുന്നാട് കുണ്ടംപാറ ഹൗസില്‍ അജയകുമാറിന്റെയും അര്‍ച്ചനയുടെയും മകന്‍ അദ്വിതിന് നഷ്ടപരിഹാരം നല്‍കാനാണ് നിര്‍ദ്ദേശം. കാസര്‍കോട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റേതാണ് വിധി. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്ബനിയാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്.

വാഹനാപകടത്തെത്തുടര്‍ന്ന് തലയ്ക്കും കഴുത്തിനും പരിക്കേറ്റ കുട്ടി കിടപ്പിലാണ്. കേസ് നടന്നുകൊണ്ടിരിക്കെ കാസര്‍കോട് മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കുട്ടിക്ക് 100 ശതമാനം വൈകല്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അശ്രദ്ധമായി കാര്‍ ഓടിച്ചതിന് ഡ്രൈവറെ നേരത്തേ കോടതി ശിക്ഷിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2018 സെപ്റ്റംബര്‍ 24-ന് പറശ്ശിനിക്കടവ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്ബോഴാണ് അപകടം നടന്നത്. പരിയാരം ചുടലവളവില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ അദ്വിത് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും ദീര്‍ഘകാലം ചികിത്സയിലായിരുന്നു. എട്ട് ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കുവേണ്ടി ചെലവാക്കി. ഇപ്പോള്‍ ഫിസിയോതെറാപ്പി ചെയ്തുവരികയാണ്.

കാസര്‍കോട് പ്രിന്‍സിപ്പല്‍ വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജി കെ.പി.സുനിതയാണ് നഷ്ടപരിഹാരവും കോടതിച്ചെലവും ഉള്‍പ്പെടെ 1.15 കോടിയിലധികം തുക വിധിച്ചത്. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധിയും സുപ്രീം കോടതിയുടെ വിവിധ വിധികളും കുട്ടിക്ക് തുണയായി. ഹര്‍ജിക്കാരനുവേണ്ടി കരിപ്പോടിയിലെ കെ.വി.രാജേന്ദ്രകുമാര്‍ ഹാജരായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക