യൂറോപ്യന്‍ പാര്‍ലമെന്റിലെ ഗ്രീക്ക് അംഗമായ ഈവ കയ്ലി അഴിമതി കേസില്‍ അറസ്റ്റിലായതോടെ ഇനിയും ഏറ്റവും ചുരുങ്ങിയത് ഒരാഴ്‌ച്ചയെങ്കിലും കസ്റ്റഡിയില്‍ കഴിയേണ്ടി വരുമെന്ന് അവരുടെ അഭിഭാഷകന്‍ അറിയിച്ചു. മുന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡണ്ട് കൂടിയായ ഈവ കയ്ലി എന്ന 44 കാരി, തന്റെ പങ്കാളിയായ 35 വയസ്സുകാരന്‍ ഫ്രാന്‍സെസ്‌കോ ജിയോര്‍ജ്ജി, മുന്‍ യൂറോപ്യന്‍ പാര്‍ലമെന്റംഗം അന്റോണീയോ പാന്‍സെരി, ലോബിയിസ്റ്റായ നിക്കോളോ ഫിഗ-റ്റലമാന്‍ക എന്നിവര്‍ക്കൊപ്പമാണ് അറസ്റ്റിലായത്. അഴിമതി, അനധികൃതമായ പണമിടപാടുകള്‍, സംഘടിത കുറ്റകൃത്യം എന്നിവയാണ് ഇവരുടെ മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍.

വിചാരണ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാനായി ഇന്നലെ ഇവര്‍ എല്ലാവരേയും ബ്രസ്സല്‍സിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്വേഷം തുടരുന്നതിനാലും, വിചാരണ വൈകുന്നതിനാലും ഇനിയും കസ്റ്റഡിയില്‍ തുടരേണ്ടതുണ്ടോ എന്ന വിഷയത്തില്‍ തീരുമാനം എടുക്കുന്നതിനായിരുന്നു കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍, ഈവ കയ്ലിയെ പാര്‍പ്പിച്ചിരിക്കുന്ന ഡിറ്റന്‍ഷന്‍ സെന്ററിലെ ജീവനക്കാര്‍ സമരത്തിലായതിനാല്‍ അവര്‍ക്ക് വിചാരണയ്ക്ക് എത്താന്‍ ആയില്ലെന്ന് അവരുടെ ബ്രസ്സല്‍സിലെ അഭിഭാഷകന്‍ പറഞ്ഞു. അവരുടെ കേസ് മറ്റു പ്രതികളില്‍ നിന്നും വേര്‍പ്പെടുത്തി പ്രത്യേകമായി പരിഗണിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബ്രസ്സല്‍സിലെ സോഫിടെലില്‍ നിന്നും ഒരു സ്യുട്ട്കേസ് നിറയെ കറന്‍സി നോട്ടുകളുമായി കയ്ലിയുടെ പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അവരുടെ ഫ്ളാറ്റില്‍ നിന്നും പാന്‍സെരി വീട്ടില്‍ നിന്നുമായി കറന്‍സി നോട്ടുകള്‍ അടങ്ങിയ നിരവധി പെട്ടികളും ബാഗുകളും പിടിച്ചെടുത്തിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാനുള്ളതെന്ന് ആരോപിക്കപ്പെടുന്ന ഈ പണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. ഏകദേശം 13 ലക്ഷം പൗണ്ട് മൂല്യം വരുന്ന നോട്ടുകളാണ് പിടിച്ചെടുത്തത് എന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിനെ സ്വാധീനിക്കാനായി ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്ന് നല്‍കിയതാണ് ഈ പണം എന്നാണ് ബെല്‍ജിയന്‍ പൊലീസ് പറയുന്നത്. ഖത്തര്‍ ആണ് പണം നല്‍കിയതെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയും വരുന്നുണ്ട്. തങ്ങള്‍ ഈ കേസില്‍ ഉള്‍പ്പെട്ടു എന്ന വാര്‍ത്ത ഖത്തര്‍ നിഷേധിച്ചിട്ടുണ്ട്. അതേസമയം, കൈക്കൂലികേസില്‍ എന്തെങ്കിലും പങ്ക് തനിക്കില്ലെന്ന് കയ്ലിയും ഉറപ്പിച്ചു പറയുന്നു.

ആറര ലക്ഷം പൗണ്ടിന്റെ കറന്‍സികള്‍ അടങ്ങിയ സ്യുട്ട്കേസായിരുന്നു കെയ്ലിയുടെ പിതാവില്‍ നിന്നും പിടിച്ചെടുത്തത് എന്ന് പറയപ്പെടുന്നു. കള്ളപ്പണം പിടിച്ചെടുത്തതോടെ കെയ്ലിക്കുള്ള നയതന്ത്ര സുരക്ഷ എടുത്തുകളയാന്‍ ബെല്‍ജിയം പൊലീസിനു കഴിഞ്ഞു. തുടര്‍ന്നായിരുന്നു അവരുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയതും ലക്ഷക്കണക്കിന് യൂറോയുടെ നോട്ടുകള്‍ പിടിച്ചെടുത്തതും. അറസ്റ്റിലായപ്പെട്ടവരില്‍ ഉള്‍പ്പെടുന്ന അന്റോണിയോ പാന്‍സേരിയുടെ വീട്ടില്‍ നിന്നും 5 ലക്ഷം പൗണ്ടിന്റെ കറന്‍സി പിടിച്ചെടുത്തിട്ടുണ്ട്.

മുന്‍ ഇറ്റാലിയന്‍ എം പിയായ ഇയാള്‍ ഇപ്പോള്‍ ഒരു മനുഷ്യാവകാശ സംഘടന നടത്തുകയാണ്. യൂറോപ്യന്‍ യൂണിയനിലെ ഉയര്‍ന്ന റാങ്കിലുള്ള നിരവധി ഉദ്യോഗസ്ഥരുമായി ഇയാള്‍ക്ക് വളരെ അടുപ്പമുള്ളതായും പറയപ്പെടുന്നു. നോ പീസ് വിത്തൗട്ട് ജസ്റ്റിസ് എന്ന ലോബീയിങ് ഗ്രൂപ്പ് നടത്തുന്ന നിക്കോളോ ഫിഗയാണ് അറസ്റ്റിലായ നാലാമന്‍. മറ്റു രണ്ടു പേരെ കൂടി ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തെങ്കിലും അവരുടെ മേല്‍ കുറ്റം ചുമത്തിയിട്ടില്ല. പന്‍സേരിയുടെ ഭാര്യയും മകളുമാണ് ആ രണ്ടു പേര്‍ എന്ന് കരുതപ്പെടുന്നു.

പണത്തിനു പുറമെ നിരവധി ലാപ്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാത്രമല്ല, വിവരങ്ങള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ പത്ത് പാര്‍ലമെന്റ് ഉദ്യോഗസ്ഥരുടെ ഐ ടി സ്രോതസ്സുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇറ്റലിയിലും ഇത് സംബന്ധിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

ലോകകപ്പിനു മുന്‍പായി കെയ്ലി ഒറ്റക്ക് ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. ലോകകപ്പിനുള്ള തയ്യാറെടുപ്പുകളെ കുറിച്ച്‌ ഏറെ പുകഴ്‌ത്തി പറയുകയും ചെയ്തിരുന്നു. നവംബര്‍ 24 ന് ഖത്തറിലെ കുടിയേറ്റ തൊഴിലാളികളോടുള്ള സമീപനത്തിനെ അപലപിച്ചുകൊണ്ടുള്ള പ്രമേയം പാസ്സാക്കുന്നതിനിടയില്‍ ഇവര്‍ പാര്‍ലമെന്റില്‍ എഴുന്നേറ്റു നിന്ന് ഖത്തറിന്റെ ലോകകപ്പിനുള്ള തയ്യാറെടുപ്പുകളെ വാഴ്‌ത്തുകയായിരുന്നു.

മാത്രമല്ല, ഖത്തറിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് വിസ ചട്ടങ്ങളില്‍ ഇളവു വരുത്തുന്നതിനുള്ള ഒരു നിയമത്തെ അനുകൂലിച്ച്‌ കേവലം 10 ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ വോട്ട് ചെയ്യുകയും ചെയ്തിരുന്നു. അതിനുള്ള കമ്മിറ്റിയില്‍ അവര്‍ അംഗമായിരുന്നില്ല. അഴിമതി കേസില്‍ അറസ്റ്റിലായതോടെ വൈസ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും അവരെ മാറ്റിയിട്ടുണ്ട്. മാത്രമല്ല, ഗ്രീസിലേയും ബ്രസ്സല്‍സിലേയും അവരുടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.അതോടൊപ്പം ഗ്രീക്ക് പ്രോസിക്യുട്ടര്‍മാര്‍ അവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക